ആറു മാസത്തിനിടെ പകർച്ചവ്യാധികൾ കവർന്നത് 175 ജീവൻ; ഇരകളായത് 14 ലക്ഷത്തോളം പേർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ആറുമാസത്തിനിടെ പകർച്ചവ്യാധികൾ കവർന്നത് 175 ജീവൻ. ഇൗ കാലയളവിൽ പകർച്ചവ്യാധികൾക്ക് 14 ലക്ഷത്തോളം പേർ ഇരകളാവുകയും ചെയ്തു. 2015ലെ കണക്കുമായി താരതമ്യം ചെയ്യുേമ്പാൾ ഇപ്പോഴത്തേത് ആശങ്കപ്പെടുത്തുന്നതാണ്. 2015ൽ 114 പേരാണ് പനിയും പകർച്ച വ്യാധികളും പിടിപെട്ട് മരിച്ചത്. 30 ലക്ഷത്തോളം പേർക്ക് പകർച്ചവ്യാധികൾ പിടിപെടുകയും ചെയ്തു. ഇപ്പോൾ ആറുമാസത്തെ കണക്ക് തന്നെ പകർച്ചവ്യാധികളുടെ വ്യാപനവും മരണനിരക്കും കുതിക്കുന്നതായാണ് കാണുന്നത്. ജൂണിൽ ഇതുവരെ 45 പേരാണ് പനി ബാധിച്ച് മരിച്ചത്. ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ മെഡിക്കൽ കോളജുകളിലെയും സർക്കാർ ആശുപത്രികളിലെയും വിവരങ്ങളാണ്. ആരോഗ്യവകുപ്പ് പുറത്തുവിടുന്ന കണക്കുകൾതന്നെ പലതും മറച്ചുവെച്ചാണ്. ആരോഗ്യവകുപ്പിനെതിരെ ഉയരുന്ന പ്രതിഷേധം തണുപ്പിക്കാൻ കണക്കുകളിൽ കൃത്രിമം കാട്ടുന്നതായി പരാതിയുണ്ട്.
ആറുമാസത്തിനിടെ പകർച്ചപ്പനി ബാധിച്ചത് 1144673 പേർക്കാണ്. അതിൽ 19 പേർ മരിച്ചു. 286 പേർക്ക് മലേറിയ ബാധിച്ചതിൽ ഒരാൾ മരിച്ചു. 6647 ഡെങ്കിപ്പനി ബാധിതരിൽ 11 മരണം. 22395 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സതേടി. അതിൽ 34 മരണം ഉണ്ടായി. ചികുൻഗുനിയ 41 പേർക്കും ലക്ഷണങ്ങളുമായി 60 പേരും ചികിത്സതേടി. ജാപ്പനീസ് എൻസഫലൈറ്റിസ് (ജെ.ഇ) ലക്ഷണങ്ങളുമായി രണ്ടുപേരും ചികിത്സതേടി. 625 പേർക്ക് എലിപ്പനി ബാധിച്ചതിൽ ഏഴു മരണം സംഭവിച്ചു. എലിപ്പനി ലക്ഷണങ്ങളുമായി 953 പേർ ചികിത്സതേടിയതിൽ 23 പേർ മരിച്ചു.
ഹെപ്പറ്റൈറ്റിസ് എ 340 പേർക്ക് ബാധിച്ചതിൽ നാല് മരണവും ഇതേലക്ഷണങ്ങളുമായി ചികിത്സതേടിയ 2526 പേരിൽ 15 മരണവും റിപ്പോർട്ട് ചെയ്തു. ഹെപ്പറ്റൈറ്റിസ് ബി 427 പേർക്ക് പിടിപെട്ടതിൽ ഒരാൾ മരിച്ചു. ഹെപ്പറ്റെറ്റിസ് സി 61 പേർക്കും ഹെപ്പറ്റെറ്റിസ് ഇ മൂന്നുപേർക്കും ബാധിച്ചു.
നിരവധി പേർക്ക് കോളറ ബാധിച്ചതായി റിപ്പോർട്ടുകൾ വന്നെങ്കിലും ഒരാൾക്ക് മാത്രം പിടിപെട്ടുവെന്നാണ് ആരോഗ്യവകുപ്പിെൻറ കണക്ക്. 233 പേർക്ക് ടൈഫോയ്ഡും ഇതേ രോഗലക്ഷണങ്ങളുമായി 696 പേരും ചകിത്സതേടി. പകർച്ചപ്പനിക്ക് പിന്നാലെ ഏറ്റവും കൂടുതൽ പേരെ ബാധിച്ചത് വയറിളക്കവും ഛർദിയുമാണ്. 194110 പേർക്കാണ് വയറിളക്ക അനുബന്ധരോഗങ്ങൾ പിടിപെട്ടത്. രണ്ട് മരണവും സംഭവിച്ചു. അഞ്ചാംപനി 330 പേർക്കും രോഗലക്ഷങ്ങളുമായി 223 പേരും ചകിത്സതേടി. മൊണ്ടിനീര് 1520 പേർക്കും ബാധിച്ചു. 17812 പേർക്ക് ചിക്കൻപോക്സ് ബാധിച്ചതിൽ ആറ് പേർ മരിച്ചു. മരണനിരക്കിൽ എച്ച്1 എൻ1 ആണ് ഏറെ ഭീതിപരത്തുന്നത്. 50 മരണം ആണ് സംഭവിച്ചത്. 762 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ചെള്ളുപനി 81 പേർക്ക് പിടിപെട്ടു. ഇതേ രോഗലക്ഷണങ്ങളുമായി ചികിത്സതേടിയ 46 പേരിൽ ഒരാൾ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.