ആറുവർഷത്തിനിടെ കൊതുകുകൾ ‘കൊന്നത്’ 375 പേരെ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ആറുവര്‍ഷത്തിനിടെ കൊതുകുകൾ ജീവനെടുത്തവരുടെ എണ്ണത്തിൽ വൻവർധന. ഒപ്പം രോഗബാധിതരായവരുടെ സംഖ്യയിലും കുതിച്ചുകയറ്റമുണ്ടായി. കൊതുക് ജന്യരോഗമായ ഡെങ്കിപ്പനി ബാധിച്ച് ഈ വര്‍ഷം മാത്രം സർക്കാർ ആശുപത്രികളിൽ ചികിത്സതേടിയത് 75,624 പേര്. അതിൽ 244 പേർക്ക് ജീവൻ നഷ്ടമായി. 124 പേര്‍ക്ക് ചികുന്‍ഗുനിയയും 649 പേര്‍ക്ക് മലേറിയയും ബാധിച്ചു. മലേറിയ ബാധിച്ച് ഒരു മരണവും സംഭവിച്ചു. മന്തും ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നു.
ഇതില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ആശങ്കജനകമായി വർധിക്കുകയാണ്. 2011-നെ അപേക്ഷിച്ച് 2017 ആഗസ്റ്റ് വരെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ അഞ്ചു മുതൽ ആറിരട്ടി വരെ വർധനയാണുണ്ടായതെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്. 2012-ല്‍ 16 പേർ മരിച്ചു. 4056 പേർ ചികിത്സതേടി. 2013-ല്‍ 29 പേർ മരിച്ചു. 7938 പേർ ഡെങ്കിപ്പനിക്ക് ചികിത്സതേടി. 2014- ല്‍ മരണം13 ആയി കുറഞ്ഞു. രോഗബാധിതരുടെ എണ്ണത്തിലും നേരിയ കുറവുണ്ടായി. 2548 പേർക്ക് രോഗം ബാധിച്ചു. 2015-ല്‍ വീണ്ടും കൂടി മരണസംഘ്യ 29 ആയി. 4114 പേർക്ക് രോഗം ബാധിച്ചു. 2016-ല്‍ 21 പേർ മരിച്ചു. 7218 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എന്നാൽ, ഇൗ കണക്കുകളെയാകെ പിന്തള്ളിയാണ് 2017ൽ ഡെങ്കിപ്പനി സംസ്ഥാനത്ത് പടർന്നുപിടിച്ചത്.
മലേറിയ ബാധിതരുടെ എണ്ണത്തിലും ഇതുവരെയും കുറവ് രേഖപ്പെടുത്തിയിട്ടില്ല. 2012ൽ 2036 പേർക്ക് രോഗം ബാധിച്ചു. മൂന്നുമരണവും സംഭവിച്ചു. 2013ൽ 1634 പേർക്കും 2014ൽ 1751 പേർക്കും രോഗം ബാധിച്ചു. 2014ൽ ആറുപേർ മരിച്ചു. 2015ൽ 1549 പേർക്ക് രോഗം കണ്ടെത്തി. നാലുപേർ മരിച്ചു. 2016 ൽ 1540 പേർക്ക് രോഗം ബാധിച്ചു. അതിൽ മൂന്നുപേരും മരിച്ചു. 2012-ല്‍ 143 ആയിരുന്ന ചികുന്‍ഗുനിയ ബാധിതരുടെ എണ്ണം 2013-ല്‍ 510 ആയി. 2014 ല്‍ അത് 525 ആയി. 2015ൽ 327 ഉം 2016 ൽ 219 പേര്‍ക്കും ചികുന്‍ഗുനിയ സ്ഥീരികരിച്ചു.
ഈഡിസ് ജനുസിലെ, ഈജിപ്തി, അല്ബോപിക്ട്സ് എന്നയിനം പെണ്കൊതുകുകള് പരത്തുന്ന ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. അനോഫിലിസ് ജനുസില്‍ പെടുന്ന ചിലയിനം പെണ്‍കൊതുകുകളാണ് മലേറിയ പരത്തുന്നത്. ചികുന്‍ഗുനിയ ഈഡിസ് ഈജിപ്തി, ഈഡിസ് അൽബോപിക്ട്സ് എന്നീ ഇനങ്ങളിലുള്ള പെണ്‍കൊതുകുകളാണ് പരത്തുന്നത്.
കാലാവസ്ഥ വ്യതിയാനം കാരണമെന്ന് പറയുന്നുണ്ടെങ്കിലും ഇത്തവണ എച്ച്1എന്‍1, ഡെങ്കിപ്പനി, എലിപ്പനി, പകർച്ചപ്പനി തുടങ്ങിയ രോഗങ്ങൾ പിടിപെട്ട് 500 ലേറെ പേർ മരിച്ചു. ലക്ഷങ്ങൾ ചികിത്സതേടി. ഇതില്‍ ഏറ്റവും കൂടുതലായിരുന്നു ഡെങ്കിപ്പനി ബാധിതര്‍. തിരുവനന്തപുരം ആണ് ഇതിെൻറ ആഘാതം ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയത്. ഇന്ത്യന്‍ സമുദ്രത്തില്‍ രൂപപ്പെട്ട അത്യുഷ്ണ കാലാവസ്ഥയായ എൽനിനോ കാരണം ഏഷ്യന്‍ രാജ്യങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 30 ശതമാനം കൂടുതല്‍ ഡെങ്കിപ്പനി അധികമായുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.