കോവിഡ് വാക്‌സിനെ തുടർന്ന് മരണം: മാർഗനിർദേശങ്ങളുണ്ടാക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: കോവിഡ് വാക്‌സിനെടുത്തതിനെ തുടർന്ന് മരിച്ചവരെ തിരിച്ചറിയാനും ആശ്രിതർക്ക് നഷ്‌ടപരിഹാരം നൽകാനും മാർഗനിർദേശങ്ങൾക്ക് രൂപംനൽകണമെന്ന് ഹൈകോടതി. നഷ്ടപരിഹാരം നൽകാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും ദേശീയ ദുരന്തനിവാരണ അതോറിറ്റിക്കും ബാധ്യതയുണ്ടെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് വി.ജി. അരുണിന്‍റെ ഉത്തരവ്.
കോവിഡ് വാക്‌സിന്റെ പാർശ്വഫലങ്ങളെ തുടർന്നുള്ള മരണങ്ങൾ സ്ഥിരീകരിക്കാൻ ദേശീയ ദുരന്തനിവാരണ അതോറിറ്റി മൂന്നുമാസത്തിനകം മാർഗനിർദേശം നൽകണമെന്നാണ് ഉത്തരവ്. ഭർത്താവ് അബ്‌ദുന്നാസർ കോവിഡ് വാക്‌സിനേഷനെ തുടർന്ന് മരിച്ച സാഹചര്യത്തിൽ നഷ്ടപരിഹാരംതേടി എറണാകുളം തമ്മനം സ്വദേശി കെ.എ. സയീദ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
വാക്‌സിനെടുത്തതിനെ തുടർന്ന് മരണപ്പെട്ട സംഭവങ്ങളിൽ നഷ്ടപരിഹാരം നൽകാൻ ഇതുവരെ കേന്ദ്രസർക്കാർ നയതീരുമാനമെടുത്തിട്ടില്ലെന്ന് ഹരജി പരിഗണിക്കവെ കേന്ദ്രസർക്കാറിനുവേണ്ടി അസി. സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. സമാന ആവശ്യവുമായി മൂന്നു കേസുകൾ ഇതേ ബെഞ്ചിൽ വന്നതായി സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി. എണ്ണത്തിൽ കുറവാണെങ്കിലും വാക്‌സിന്റെ പാർശ്വഫലങ്ങളെ തുടർന്നാണ് മരണമെന്ന് സംശയിക്കുന്ന കേസുകൾ സംഭവിക്കുന്നുണ്ടെന്ന് ഹൈകോടതി വ്യക്തമാക്കി. തുടർന്നാണ് നഷ്ടപരിഹാരം നൽകുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ നിർദേശിച്ചത്. ഹരജി മൂന്നുമാസത്തിനുശേഷം വീണ്ടും പരിഹരിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.