പേവിഷബാധയേറ്റ് മരണം; പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി നഗരസഭ
text_fieldsനെടുമങ്ങാട്: പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി നഗരസഭ. ചെന്തുപ്പൂര് ചരുവിളാകം അനു ഭവനിൽ ജയ്നി (44) ആണ് പേവിഷബാധയേറ്റ് മരിച്ചത്. രണ്ടര മാസം മുമ്പ് വളർത്തുനായ മകളെ കടിക്കുകയും ജയ്നിയുടെ കൈയിൽ നഖക്ഷതം എൽപിക്കുകയും ചെയ്തിരുന്നു.
മകൾക്ക് അന്നുതന്നെ വാക്സിൻ എടുത്തു. ഒരു മാസം കഴിഞ്ഞ് ഈ നായ ചത്തു. തന്റെ കൈയിൽ പട്ടിയുടെ നഖം കൊണ്ടത് ഇവർ ആരോടും പറയുകയോ വാക്സിൻ എടുക്കുകയോ ചെയ്തിരുന്നില്ല.
സംഭവം അറിഞ്ഞയുടൻ തന്നെ നഗരസഭ ജീവനക്കാരും മൃഗസംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പ് ജീവനക്കാരും വീട്ടിലും ചിറക്കാണി വാർഡിലെ മറ്റു വീടുകളിലും പ്രദേശത്തും പേവിഷബാധയെ സംബന്ധിച്ച ലഘുലേഖകൾ വിതരണം ചെയ്തു. ക്ലോറിനേഷൻ നടത്തുകയും വളർത്തു നായ്കൾക്ക് വാക്സിൻ എടുക്കുകയും ചെയ്തു. പ്രദേശത്തു അലഞ്ഞു തിരിഞ്ഞിരുന്ന അമ്പതോളം തെരുവ് നായകളെ പിടികൂടി.
രോഗിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നവർക്ക് റാബിസ് വാക്സിനും നൽകി. നെടുമങ്ങാടും പരിസരത്തും നൂറുകണക്കിന് തെരുവ് നായകളാണ് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കി അലഞ്ഞു തിരിയുന്നത്.
നെടുമങ്ങാട് മാർക്കറ്റ്, ജില്ല ആശുപത്രി പരിസരം,വാളിക്കോട്, മാർക്കറ്റ് ജങ്ഷൻ, നെടുമങ്ങാട് ജി.എച്ച്.എസ് റോഡ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണ്. പൊതുജനങ്ങളും വിദ്യാർഥികളും ഇവയെ ഭയന്നാണ് വഴി നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.