കർഷകന്റെ മരണം; പ്രതിഷേധാഗ്നി
text_fieldsകോഴിക്കോട്: കക്കയത്ത് കർഷകൻ പാലാട്ട് അബ്രഹാമിനെ കുത്തിക്കൊന്ന കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാനുള്ള ആവശ്യം ജില്ല കലക്ടർ നിരാകരിച്ചതിൽ പ്രതിഷേധിച്ച്, കലക്ടറേറ്റിന് മുന്നിൽ നടന്ന റോഡ് ഉപരോധം സംഘർഷത്തിൽ കലാശിച്ചു. കോൺഗ്രസും കർഷക സംഘടനകളും അബ്രഹാമിന്റെ നാട്ടുകാരും ചേർന്ന് നടത്തിയ ഉപരോധത്തിനിടെ ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട എന്നിവരടക്കം 32 പേരെ നടക്കാവ് പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റുചെയ്തു. അബ്രഹാമിന്റെ മൃതദേഹം ചൊവ്വാഴ്ചതന്നെ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.
എന്നാൽ, പോത്തിനെ വെടിവെച്ചുകൊല്ലാൻ ഉത്തരവിടാതെ മൃതദേഹത്തിന്റെ ഇൻക്വസ്റ്റുമായി സഹകരിക്കില്ലെന്ന് ബുധനാഴ്ച രാവിലെ അബ്രഹാമിന്റെ കുടുംബം പൊലീസിനെ അറിയിച്ചതിനു പിന്നാലെയാണ് കലക്ടർ സ്നേഹിൽ കുമാർ സിങ്ങുമായുള്ള ചർച്ച നടന്നത്. കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ ഉത്തരവിടണം, കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം, ആശ്രിതന് സർക്കാർ ജോലി നൽകണം, ഫെൻസിങ് സ്ഥാപിക്കണം എന്നിവയടക്കമുള്ള ആവശ്യങ്ങൾ കുടുംബവും പ്രതിഷേധക്കാരും ചർച്ചയിൽ മുന്നോട്ടുവെച്ചു. എന്നാൽ, നഷ്ടപരിഹാരം പത്തുലക്ഷം രൂപ ഉടൻ നൽകാമെന്നും ബാക്കി തുകക്കും ജോലിക്കും സർക്കാറിനോട് ശിപാർശ ചെയ്യാമെന്നും ഫെൻസിങ്ങിന് നടപടി സ്വീകരിക്കാമെന്നും കലക്ടർ ഉറപ്പുനൽകി. എന്നാൽ, കാട്ടുപോത്തിനെ കൊല്ലാൻ കഴിയില്ലെന്നായിരുന്നു കലക്ടറുടെ നിലപാട്.
അത്യന്തം ഭീഷണിയായെങ്കിൽ മാത്രമേ വന്യമൃഗത്തെ വെടിവെച്ചു കൊല്ലാൻ ഉത്തരവിടാനാകൂ എന്നും മയക്കുവെടി വെക്കാനുള്ള ഉത്തരവിറക്കിയെന്നും കലക്ടർ പറഞ്ഞെങ്കിലും ചർച്ചയിൽ പങ്കെടുത്ത എം.കെ. രാഘവൻ എം.പി, ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ, അബ്രഹാമിന്റെ മകൻ ജോബിൻ, സഹോദരൻ ജോണി അടക്കമുള്ളവർ ഇതംഗീകരിച്ചില്ല. ഒരാളെ കുത്തിക്കൊല്ലുകയും മുമ്പ് അമ്മയും മകളുമടക്കം വിനോദ സഞ്ചാരികളെ ആക്രമിക്കുകയും ചെയ്ത പോത്തിനെ വെടിവെക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇതോടെ വീണ്ടും ചർച്ച നടത്താമെന്ന് പറഞ്ഞ് യോഗം പിരിഞ്ഞു. രണ്ടാംവട്ട ചർച്ചയിലും കാട്ടുപോത്തിനെ കൊല്ലാനാവില്ലെന്ന് കലക്ടർ വ്യക്തമാക്കിയതോടെ ചർച്ചയിൽ പങ്കെടുത്തവർ പുറത്തേക്കിറങ്ങുകയും അമ്പതിലേറെ പേർ സംഘടിച്ച് കലക്ടറേറ്റിന് മുന്നിൽ വയനാട് റോഡ് ഉപരോധിക്കുകയുമായിരുന്നു. സർക്കാറിനും വനം മന്ത്രി എ.കെ. ശശീന്ദ്രനുമെതിരെ മുദ്രാവാക്യം മുഴക്കിയായിരുന്നു ഉപരോധം.
പത്തു മിനിട്ടിനുശേഷം പ്രതിഷേധക്കാരോട് റോഡിൽനിന്ന് മാറാൻ നടക്കാവ് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. പിന്നീടാണ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തത്.
പൊലീസിന്റെ ബലപ്രയോഗത്തെ പ്രതിഷേധക്കാർ പ്രതിരോധിച്ചതാണ് സംഘർഷമായത്. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്, എൻ.എസ്.യു.ഐ ദേശീയ ജനറൽ സെക്രട്ടറി കെ.എം. അഭിജിത്ത്, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മഞ്ജുഷ് മാത്യു, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ആർ. ഷഹിൻ, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, സ്ഥിരം സമിതി അധ്യക്ഷൻ ഒ.കെ. അമ്മത്, അംഗങ്ങളായ വിൻസി തോമസ്, ജസി കരിമ്പനക്കൽ, ഡാർലി അബ്രഹാം, സണ്ണി പുതിയകുന്നേൽ, ‘കിഫ’ ചെയർമാൻ അലക്സ് ഒഴുകയിൽ, കോൺഗ്രസ് നേതാവ് ഷാജർ അറഫാത്ത്, ജോയി കണ്ണഞ്ചിറ തുടങ്ങിയവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഉപരോധത്തെതുടർന്ന് അരമണിക്കൂറോളം വയനാട് റോഡിൽ ഗതാഗത തടസ്സമുണ്ടായി.
മകനെ സ്വാധീനിച്ച് കോൺഗ്രസ് ഇൻക്വസ്റ്റ് നടപടികൾ വൈകിപ്പിക്കുന്നു -എൽ.ഡി.എഫ്
കോഴിക്കോട്: കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തിൽ അബ്രഹാം മരിച്ച സംഭവത്തിൽ മകനെ സ്വാധീനിച്ച്, കോൺഗ്രസ് ഇൻക്വസ്റ്റ് നടപടികൾ വൈകിപ്പിക്കുകയാണെന്ന് എൽ.ഡി.എഫ് ജില്ല കമ്മിറ്റി. കുടുംബാംഗങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോകുന്നത് കോൺഗ്രസ് തടയുകയായിരുന്നു. സംഭവത്തെ രാഷ്ട്രീയനേട്ടത്തിനായി കോൺഗ്രസും എം.കെ. രാഘവൻ എം.പിയും ദുരുപയോഗം ചെയ്യുകയാണെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇൻക്വസ്റ്റ് നടത്താൻ കുടുംബാംഗങ്ങൾ ഇതുവരെ അപേക്ഷ നൽകിയിട്ടില്ല. മന്ത്രി എം.കെ. ശശീന്ദ്രൻ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ആശ്രിതർക്ക് കൈമാറണമെങ്കിൽ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. മരിച്ച അബ്രഹാമിന്റെ കുടുംബം കോൺഗ്രസുകാരാണ്. അബ്രഹാമിന്റെ മകനെ സ്വാധീനിച്ച് ഇൻക്വസ്റ്റ് നടപടികൾ വൈകിക്കുന്നത് അപരിഷ്കൃത നടപടിയാണ്. വയനാട്ടിൽ കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ കർഷകർ കൊല്ലപ്പെട്ടിട്ടും വയനാട് എം.പി ഈ പ്രശ്നത്തിൽ ഇടപെട്ടിട്ടില്ല. മനുഷ്യന്റെ മൃതദേഹംവെച്ച് രാഷ്ട്രീയം കളിക്കുന്നത് തരംതാണ രാഷ്ട്രീയമാണ്.
കേന്ദ്ര വനം നിയമത്തിലെ വ്യവസ്ഥകൾ ചെയ്യണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, വന്യമൃഗശല്യം രൂക്ഷമായിട്ടും ഇവിടത്തെ എം.പിയായ എം.കെ. രാഘവൻ ഇക്കാര്യത്തെക്കുറിച്ച് അര അക്ഷരംപോലും നാളിതുവരെ പാർലമെന്റിൽ ഉന്നയിച്ചിട്ടില്ലെന്നും പി. മോഹനൻ കുറ്റപ്പെടുത്തി. എൽ.ഡി.എഫ് കൺവീനർ മുക്കം മുഹമ്മദ്, എം. മെഹബൂബ്, കെ.കെ. ബാലൻ, പൃഥ്വിരാജ് നാറാത്ത് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
പോസ്റ്റ്മോർട്ടത്തിനു സമ്മതിക്കാത്തത് മനുഷ്യത്വരഹിതം -കിസാൻസഭ
കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്രഹാം പാലാട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി സംസ്കരിക്കാൻ തടസ്സം നിൽക്കുന്ന യു.ഡി.എഫ് പ്രവർത്തകർ മൃതദേഹത്തോടും അദ്ദേഹത്തിന്റെ കുടുംബത്തോടും കാണിക്കുന്നത് അനീതിയാണെന്ന് നാഷനലിസ്റ്റ് കിസാൻസഭ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ജോസ് കുറ്റ്യാനിമറ്റത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറിമാരായ കെ.പി. കൃഷ്ണൻകുട്ടി, ഒ.ഡി. തോമസ്, സി.പി. അബ്ദുറഹ്മാൻ, കെ. രാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.