കാറിന് തീപിടിച്ച് മരണം: ഷോർട്ട് സർക്യൂട്ടെന്ന് മോട്ടോർ വാഹന വകുപ്പ്
text_fieldsകണ്ണൂർ: ആശുപത്രിയിലേക്ക് പോകവെ ഗർഭിണിയും ഭർത്താവും കാർ കത്തി മരിച്ച സംഭവത്തിന് കാരണം ഷോർട്ട് സർക്യൂട്ട് തന്നെയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. ട്രാൻസ്പോർട്ട് കമീഷണർക്ക് ചൊവ്വാഴ്ച സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാർ പെട്ടെന്ന് കത്താൻ കാരണം കുപ്പികളിൽ സൂക്ഷിച്ച പെട്രോൾ ഉൽപന്നമാണെന്ന അഭ്യൂഹം പരന്ന സാഹചര്യത്തിൽ വിശദ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ട്രാൻസ്പോർട്ട് കമീഷണർ നിർദേശവും നൽകി. അന്വേഷണത്തിനായി കണ്ണൂർ ആർ.ടി.ഒ ഇ.എസ്. ഉണ്ണികൃഷ്ണൻ, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എ.സി. ഷീബ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ രൂപവത്കരിച്ചു.
കുപ്പികളിൽ വെള്ളമാണെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ നിഗമനം. പതിമുഖം പോലെയുള്ള വസ്തുക്കൾ ചേർത്ത് തിളപ്പിച്ചതിനാലാണ് വെള്ളത്തിന് ചുവപ്പുനിറമുണ്ടായതെന്നാണ് കരുതുന്നത്. കാറിന്റെ സ്റ്റിയറിങ്ങിന് അടിയിൽ നിന്നാണ് തീനാളം ഉയർന്നത്. ഏതെങ്കിലുംതരത്തിൽ തീ ആളിപ്പടരാൻ സഹായിക്കുന്ന വസ്തുക്കൾ കാറിലുണ്ടായിരുന്നോ എന്നകാര്യം ഫോറൻസിക് റിപ്പോർട്ട് വന്നാൽ മാത്രമേ ഉറപ്പിക്കാനാവൂ.
കാറിൽനിന്ന് കണ്ടെത്തിയ കുപ്പികളിൽ പെട്രോളാണെന്ന അഭ്യൂഹം പരന്നിരുന്നെങ്കിലും ഇക്കാര്യം മോട്ടോർ വാഹനവകുപ്പ് അധികൃതർ നേരത്തെ നിഷേധിച്ചിരുന്നു. ഫെബ്രുവരി രണ്ടിന് രാവിലെ കണ്ണൂർ ജില്ല ആശുപത്രിയിലേക്ക് പോകുന്നതിനിടയിലാണ് കുറ്റ്യാട്ടൂർ സ്വദേശികളായ റീഷയും ഭർത്താവ് പ്രജിത്തും കാർ കത്തിമരിച്ചത്.
കത്തിയ വാഹനത്തിൽ മോട്ടോർ വാഹനവകുപ്പും ഫോറൻസിക് വിദഗ്ധരും പൊലീസും നടത്തിയ പരിശോധനയിൽ കുപ്പികൾ കത്തിയനിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ഉൾപ്പെടെയുള്ള ഏജൻസികൾ വിശദമായ പരിശോധന നടത്തിവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.