കസ്റ്റഡി മരണം: സസ്പെൻഷൻ പിൻവലിച്ചതിൽ ഹൈകോടതി വിശദീകരണം തേടി
text_fieldsകൊച്ചി: കസ്റ്റഡി കൊലക്കേസിൽ പ്രതികളായ എക്സൈസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ച നടപടിയിൽ വിശദീകരണം തേടി ഹൈകോടതി. തൃശൂർ പാവറട്ടി കസ്റ്റഡി കൊലക്കേസിലെ പ്രതികളെ സർവിസിൽ തിരികെ പ്രവേശിപ്പിച്ച സാഹചര്യം വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിർദേശിച്ചു.
സി.ബി.ഐ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ നടപടികൾ പുരോഗമിക്കവെ പ്രതികളുടെ സസ്പെൻഷൻ പിൻവലിച്ചത് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട രഞ്ജിത് കുമാറിെൻറ ഭാര്യ നെസിയും പ്രായപൂർത്തിയാകാത്ത മകനും നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
എക്സൈസ് േജാ. കമീഷണറുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തൃശൂർ ജില്ലക്ക് പുറത്ത് നിയമനം നൽകിയെന്നായിരുന്നു സർക്കാറിെൻറ വിശദീകരണം.
പ്രതികളെ സർവിസിൽ തിരികെ നിയമിച്ച നടപടിയിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. സസ്പെൻഷനിലായിരുന്ന എക്സൈസ് ഉദ്യോഗസ്ഥരായ എ.വി. ഉമ്മർ, അനൂപ് കുമാർ, അബ്ദുൽ ജബ്ബാർ, നിധിൻ എ. മാധവൻ, കെ.യു. മഹേഷ്, വി.എം. സമിബിൻ, ബെന്നി എന്നിവരെയാണ് സസ്പെൻഷൻ പിൻവലിച്ച് സർവിസിൽ തിരികെ പ്രവേശിപ്പിച്ചത്. തിരികെ നിയമിക്കുന്നതിനുമുമ്പ് കേസ് അന്വേഷിച്ച ഏജൻസിയായ സി.ബി.ഐയുടെ അഭിപ്രായം തേടിയിരുന്നോയെന്നും കസ്റ്റഡി കൊലക്കേസിലെ പ്രതികളെ സർവിസിൽ തിരികെ നിയമിക്കും മുമ്പ് ഏറെ ശ്രദ്ധ ആവശ്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു. മൂന്നാഴ്ചക്കുള്ളിൽ സർക്കാർ സത്യവാങ്മൂലം നൽകണം. കേസ് മാറ്റാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.