നെടുങ്കണ്ടം കസ്റ്റഡി മരണം: കുറ്റം ചെയ്ത പൊലീസുകാരെ പിരിച്ചുവിടാൻ ശിപാർശ
text_fieldsതിരുവനന്തപുരം: കസ്റ്റഡി മരണത്തിൽ കുറ്റം ചെയ്തെന്ന് ബോധ്യപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥരെ മറ്റ് നിയമനടപടികൾ സ്വീകരിക്കാതെതന്നെ പിരിച്ചുവിടണമെന്ന് ജുഡീഷ്യൽ കമീഷൻ ശിപാർശ. നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി മരണം അന്വേഷിച്ച ജുഡീഷ്യല്‍ കമീഷൻ ജസ്റ്റിസ് നാരായണക്കുറുപ്പ് സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ശിപാർശ. പൊലീസ് നടപടികളെ കമീഷൻ രൂക്ഷമായി വിമർശിച്ചു. കസ്റ്റഡി മർദനം മൂലമാണ് രാജ്കുമാര് മരിച്ചത്. പോസ്റ്റ്മോർട്ടം പൊലീസ് അട്ടിമറിച്ചു. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ഉദ്യോഗസ്ഥർക്കുൾപ്പെടെയുണ്ടായ വീഴ്ചകൾ, ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻകരുതൽ തുടങ്ങിയ നിർദേശങ്ങളുൾപ്പെടെയാണ് റിപ്പോർട്ട്.
കുറ്റക്കാരാണെന്നതിന് തെളിവുള്ളവർക്കെതിരെ ശക്തമായ നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ട് സമർപ്പിച്ചശേഷം ജസ്റ്റിസ് നാരായണക്കുറുപ്പ് പ്രതികരിച്ചു. ക്രൂര മര്‍ദനമേറ്റ രാജ്കുമാറിന് ചികിത്സ ലഭ്യമാക്കുന്നതിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചു. ഇതിനി ആവർത്തിക്കരുത്.
2019 ജൂൺ 12നാണ് ഹരിതാ ഫിനാൻസ് ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് വാഗമണ്‍ സ്വദേശി രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് പിടികൂടിയത്. കസ്റ്റഡി രേഖപ്പെടുത്താതെ പണം വീണ്ടെടുക്കാനെന്ന പേരിൽ നാലുദിവസം ക്രൂരമായി മർദിച്ചു. മരിക്കാറായപ്പോൾ മജിസ്ട്രേറ്റിനെപോലും കബളിപ്പിച്ച് പീരുമേട് ജയിലിൽ റിമാൻഡ് ചെയ്തു. ജൂൺ 21ന് ജയിലിലാണ് മരിക്കുന്നത്. ആദ്യഘട്ടത്തിൽ ഹൃദയാഘാതമെന്ന് പറഞ്ഞ് ഒതുക്കാനായിരുന്നു പൊലീസ് ശ്രമം.
എന്നാൽ, ബന്ധുക്കൾ രംഗത്തെത്തിയതോടെ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. നെടുങ്കണ്ടം സ്റ്റേഷനിലെ എസ്.ഐ സാബു അടക്കമുള്ള ഏഴ് പൊലീസുകാരെ അറസ്റ്റും ചെയ്തു. ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർ കുറ്റാരോപിതരായ കേസ് വീണ്ടും പൊലീസ് തന്നെ അന്വേഷിക്കുന്നതിനെതിരെ പരാതി ഉയർന്നതോടെയാണ് ജൂലൈ നാലിന് ജുഡീഷ്യൽ കമീഷനെ നിയോഗിച്ചത്. ഒന്നരവർഷത്തിനിടെ 73 സാക്ഷികളെ തെളിവെടുപ്പ് നടത്തി. റീ പോസ്റ്റ്മോർട്ടവും നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.