പഞ്ചാബിൽ മലയാളി വിദ്യാർഥിയുടെ മരണം: കോഴിക്കോട് എൻ.ഐ.ടി അധ്യാപകനെതിരെ കേസെടുത്തു
text_fieldsചണ്ഡിഗഢ്: പഞ്ചാബിലെ ലൗലി പ്രഫഷനൽ സർവകലാശാലയിൽ മലയാളി വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോഴിക്കോട് എൻ.ഐ.ടി ഡയറക്ടർ പ്രസാദ് കൃഷ്ണക്കെതിരെ ഫഗ്വാര പൊലീസ് ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്തു. ആലപ്പുഴ പള്ളിപ്പുറം സ്വദേശി അഗിൻ (21) ഫഗ്വാരയിലെ ഹോസ്റ്റല്‍ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് കേസ്.
2018 മുതൽ 2022 വരെ എൻ.ഐ.ടിയിൽ ബി.ടെക് കമ്പ്യൂട്ടർ വിദ്യാർഥിയായിരുന്നു അഗിൻ. കോഴ്സ് പൂർത്തിയാക്കിയിരുന്നില്ല. വൈകാരികമായി തെറ്റിദ്ധരിപ്പിച്ച്, കോഴിക്കോട് എന്‍.ഐ.ടിയിലെ പഠനം അവസാനിപ്പിക്കാനിടയായതിന് അധ്യാപകനെ കുറ്റപ്പെടുത്തി അഗിന്റെ ഹോസ്റ്റല്‍ മുറിയില്‍നിന്ന് കണ്ടെടുത്ത കുറിപ്പിൽ പരാമർശമുണ്ട്. തന്റെ മകനെ നാല് പരീക്ഷ എഴുതാൻ കോഴിക്കോട് എൻ.ഐ.ടിയിലെ പ്രഫസർ അനുവദിച്ചില്ലെന്ന് അഗിന്റെ പിതാവ് ദിലീപ് പറഞ്ഞു.
പ്രസാദ് കൃഷ്ണ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറിനിൽക്കണമെന്ന് എൻ.ഐ.ടി വിദ്യാർഥികൾ ആവശ്യപ്പെട്ടു. കോഴിക്കോട് എൻ.ഐ.ടിയിൽ പ്രതിഷേധവുമായെത്തിയ എസ്.എഫ്.ഐ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി.
അഗിന്റെ മരണം; ആരോപണങ്ങൾ നിഷേധിച്ച് കോഴിക്കോട് എൻ.ഐ.ടി
ചാത്തമംഗലം: കോഴിക്കോട് എൻ.ഐ.ടിയിലെ പൂർവ വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രചരിച്ച വാർത്ത വാസ്തവവിരുദ്ധമാണെന്ന് അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു. പഞ്ചാബിലെ ലൗലി പ്രഫഷനൽ യൂനിവേഴ്സിറ്റിയിലെ മലയാളി വിദ്യാർഥി അഗിൻ എസ്. ദിലീപ് കോഴിക്കോട് എൻ.ഐ.ടിയിലെ കോഴ്സ് നിർത്തിയ പൂർവ വിദ്യാർഥിയാണ്.
2018ലാണ് എൻ.ഐ.ടിയിൽ ബി.ടെക്കിന് (കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്) പ്രവേശനം നേടിയത്. 2018ൽ പ്രവേശനം നേടിയ വിദ്യാർഥികൾ പിന്തുടരേണ്ടത് 2017ലെ ബി.ടെക് റെഗുലേഷനാണ്. വിദ്യാർഥിക്ക് ഒന്നാം വർഷത്തിന്റെ അവസാനം മിനിമം ആവശ്യമായ 24 ക്രെഡിറ്റുകൾ നേടാൻ സാധിച്ചില്ല. 2020-21 അവസാനത്തിലും ഒന്നാംവർഷ വിഷയങ്ങൾ പൂർത്തിയാക്കാൻ സാധിച്ചില്ല. കൂടാതെ, രണ്ടാംവർഷ വിഷയങ്ങളിൽനിന്ന് മിനിമം 24 ക്രെഡിറ്റുകൾ ഉണ്ടായിരുന്നുമില്ല. അതിനാൽ ഒന്നും രണ്ടും വർഷങ്ങളിൽ പരാജയപ്പെട്ട എല്ലാ വിഷയങ്ങളും ക്ലിയർ ചെയ്യാൻ 2021-22ൽ വീണ്ടും അവസരം നൽകി. നാലു വർഷത്തെ പഠനത്തിനുശേഷവും ഒന്നാം വർഷത്തെ വിഷയങ്ങൾ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ, ചട്ടപ്രകാരം വിദ്യാർഥിക്ക് കോഴ്സിൽ തുടരാൻ അർഹത നഷ്ടപ്പെടുകയായിരുന്നുവെന്ന് എൻ.ഐ.ടി അധികൃതർ വാർത്തക്കുറിപ്പിൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.