തമിഴ്നാട് സ്വദേശിയുടെ അപകടമരണം: കെ-സ്വിഫ്റ്റ് ബസ് കസ്റ്റഡിയിൽ, രണ്ട് ഡ്രൈവർമാർക്കെതിരെ കേസ്
text_fieldsകുന്നംകുളം (തൃശൂർ): റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്അപ് വാനിടിച്ച് വീണയാളുടെ ശരീരത്തിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് കയറിയിറങ്ങി തമിഴ്നാട് സ്വദേശി മരിച്ച സംഭവത്തിൽ രണ്ട് ഡ്രൈവർമാർക്കെതിരെയും കേസ്. കെ-സ്വിഫ്റ്റ് ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്യുകയാണ്. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് ഇരു വാഹനങ്ങളുടെയും ഡ്രൈവർമാർക്കെതിരെ കേസെടുത്തത്.
കുന്നംകുളം ജങ്ഷനിൽ വ്യാഴാഴ്ച പുലർച്ച അഞ്ചരയോടെയായിരുന്നു അപകടം. തമിഴ്നാട് വിജയപുരം അളഞ്ഞൂർ ഈസ്റ്റ് സ്ട്രീറ്റിൽ പെരിയസ്വാമി (55) ആണ് മരിച്ചത്. ചായ കുടിക്കാൻ സമീപത്തെ കടയിലേക്ക് പോകാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്അപ് വാൻ ഇടിക്കുകയായിരുന്നു. വാൻ നിർത്താതെ പോയി. തുടർന്ന് നിമിഷങ്ങൾക്കു ശേഷം അതുവഴി വന്ന ബസ് ഇയാളുടെ ദേഹത്തിലൂടെ കയറിയിറങ്ങിയെങ്കിലും അതും നിർത്താതെ പോയി.
തുടർന്ന് ഓടിക്കൂടിയവർ ചേർന്ന് ഇയാളെ കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. വാൻ ഇടിച്ച് വീണയാളുടെ ദേഹത്ത് ബസ് കയറാതിരിക്കാൻ അവിടെ ഉണ്ടായിരുന്ന ഓട്ടോ ഡ്രൈവർ പലവട്ടം കൈ കാണിച്ചിട്ടും ബസ് നിർത്തിയില്ല.
കെ-സ്വിഫ്റ്റ് ബസ് കയറിയിറങ്ങിയതാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു. വാനിടിച്ച് വീണുകിടന്നയാളെ ഉടൻ എടുത്തുമാറ്റിയിരുന്നെങ്കിൽ ഇത്തരത്തിൽ ദാരുണമരണം സംഭവിക്കില്ലായിരുന്നു.
തിരുവനന്തപുരം-കോഴിക്കോട് റൂട്ടിൽ സർവിസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടസ്ഥലത്തെ നിരീക്ഷണ കാമറകൾ പരിശോധിച്ചതിൽ നിന്നാണ് പിക്അപ് വാൻ ഇടിച്ചതാണെന്ന് വ്യക്തമായത്. അപകടത്തിൽപ്പെട്ട വാൻ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വെള്ളറക്കാട് സ്വദേശിയുടേതാണ് വാഹനം. കുന്നംകുളത്ത് ആക്രി സാധനങ്ങൾ പെറുക്കി വിറ്റ് കഴിയുകയായിരുന്നു പെരിയസ്വാമി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.