ഉപ്പുതറയിൽ മർദനമേറ്റ് യുവാവിന്റെ മരണം: അയൽവാസികളായ അമ്മയും മകനും റിമാൻഡിൽ
text_fieldsകട്ടപ്പന: ഉപ്പുതറയിൽ യുവാവ് മർദനമേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത അയൽവാസികളായ അമ്മയും മകനും റിമാൻഡിൽ. ഉപ്പുതറ മാട്ടുത്താവളം മുന്തിരിങ്ങാട്ട് ജനീഷ് (31) കൊല്ലപ്പെട്ട സംഭവത്തിലാണ് മാട്ടുത്താവളം പൂക്കൊമ്പിൽ എത്സമ്മ, മകൻ ബിബിൻ എന്നിവരെ പീരുമേട് കോടതി റിമാൻഡ് ചെയ്തത്.
എൽസമ്മയെ കോട്ടയം വനിത ജയിലിലും ബിബിനെ പീരുമേട് സബ് ജയിലിലുമാണ് റിമാൻഡ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് മർദനം. മറ്റൊരു അയൽവാസിയുടെ പുരയിടത്തിൽ രാവിലെ ജോലിക്കിറങ്ങിയ ജനീഷ് കാപ്പി കുടിക്കാൻ സ്വന്തം വീട്ടിൽ എത്തിയ സമയത്താണ് മർദനം. യുവാവ് ബോധരഹിതനായതോടെ പ്രതികൾ അവിടെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. തുടർന്ന് പ്രതികൾ ഉപ്പുതറ പൊലീസിൽ ജനീഷിനെതിരെ പരാതിയും നൽകി.
രാവിലെ 11ഓടെ സ്ഥലത്തെത്തിയ അഡ്വ. അരുൺ പൊടിപാറയും സംഘവുമാണ് ജനീഷ് ബോധരഹിതനായി കിടക്കുന്നത് കണ്ടത്. ഇവർ അറിയിച്ചതനുസരിച്ച് പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതോടെ ബന്ധുക്കളെ വിളിച്ചുവരുത്തി കോട്ടയം മെഡിക്കൽ കോളജിലേക്ക് വിദഗ്ധ ചികിത്സക്ക് മാറ്റി. എത്സമ്മയുടെ ഭർത്താവിനെയും മൂത്ത മകനെയും കസ്റ്റഡിയിലെടുത്തതറിഞ്ഞ എൽസമ്മയും മകനും പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു.
പീരുമേട് ഡിവൈ.എസ്.പി വിശാൽ ജോൺസണിന്റെ നേതൃത്വത്തിലാണ് അന്വേഷണം. തുടരന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയിൽ കിട്ടുന്നതിനായി തിങ്കളാഴ്ച കോടതിയിൽ അപേക്ഷ സമർപ്പിക്കും. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മാട്ടുത്താവളം മരിയഗിരി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.