അഭിരാമിയുടെ മരണം; മുത്തച്ഛനെകൊണ്ട് ഒപ്പിടീച്ചത് നിർബന്ധപൂർവ്വം
text_fieldsശാസ്താംകോട്ട: ജപ്തി ഭീഷണിയെതുടർന്ന് അഭിരാമിയുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ ജപ്തി നോട്ടീസ് പതിക്കാനെത്തിയ കേരള ബാങ്ക് പതാരം ശാഖയിലെ ഉദ്യോഗസ്ഥർ നടപടിക്രമങ്ങളിൽ അഭിരാമിയുടെ മുത്തച്ഛൻ ശശിധരൻ ആചാരിയെകൊണ്ട് ഒപ്പിടീച്ചത് നിർബന്ധപൂർവമെന്ന് ആക്ഷേപം.
രാവിലെ പതിനൊന്നോടെ ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തുമ്പോൾ അഭിരാമിയും മാതാപിതാക്കളും ആലപ്പുഴയിൽ അടുത്ത ബന്ധുവിന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു. ഈ സമയം വീട്ടിൽ മുത്തച്ഛൻ ശശിധരൻ ആചാരിയും മുത്തശ്ശി ശാന്തമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
രോഗബാധിതരായി കിടന്ന ശശിധരൻ ആചാരിയെകൊണ്ട് ബാങ്ക് അധികൃതർ നടപടിക്രമങ്ങളിൽ നിർബന്ധപൂർവം ഒപ്പിടീക്കുകയായിരുന്നത്രെ. വിവരമറിഞ്ഞ് എത്തിയ സമീപവാസികളും നടപടിക്രമങ്ങൾ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബാങ്ക് അധികൃതർ ചെവിക്കൊണ്ടില്ലെന്നും ആക്ഷേപമുണ്ട്.
അതേസമയം പോസ്റ്റ്‌മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരും വഴി കേരള ബാങ്കിന്റെ പതാരം ശാഖക്ക് മുന്നില്‍ അഞ്ച് മിനിറ്റോളം ആംബുലന്‍സ് നിര്‍ത്തിയിട്ട് പ്രതിഷേധിച്ചു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലായിരുന്നു ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു പ്രതിഷേധം. പ്രതിഷേധമുണ്ടാകുമെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് വന്‍ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.
അഭിരാമിയുടെ വീട് സന്ദർശിക്കാനെത്തിയ മന്ത്രി കെ.എൻ. ബാലഗോപാലിനെതിരെയും പ്രതിഷേധമുയർന്നു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അടക്കമുള്ളവർ ഇടപെട്ടാണ് പ്രതിഷേധക്കാരെ ശാന്തരാക്കിയത്.
മരണത്തിന് തൊട്ടുപിന്നാലെ, തന്നെ നാട്ടിൽ കക്ഷിരാഷ്ട്രീയത്തിനതീതമായ ബാങ്കിനെതിരെയും ഭരണസംവിധാനങ്ങൾക്കെതിരെയും പ്രതിഷേധം ഉയർന്നിരുന്നു. ബുധനാഴ്ച രാവിലെ ബി.ജെ.പിയുടെ നേതൃത്വത്തിൽ ബാങ്കിലേക്ക് പ്രതിഷേധം നടത്തി. മൃതദേഹം വീട്ടിലെത്തിയതോടെ പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് മന്ത്രിയെത്തിയത്.
'വായ്പ കുടിശ്ശിക എഴുതിത്തള്ളണം'
ശാസ്താംകോട്ട: കേരള ബാങ്കിന്‍റെ ജപ്തി ഭീഷണിയെ തുടർന്ന് ശൂരനാട് തെക്ക് അജി ഭവനിൽ അഭിരാമിയുടെ ആത്മഹത്യക്ക് ഉത്തരവാദി മനുഷ്യത്വം മരിച്ച ഇടതു സർക്കാറാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി.
കുടുംബത്തിന്‍റെ വായ്പ എഴുതിത്തള്ളുകയും നഷ്ടപരിഹാരം നൽകുകയും വേണം. ഇതിനൊപ്പം മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും കുടുംബത്തോട് മാപ്പുപറയണം. അല്ലാത്ത പക്ഷം, ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'കൊലക്കുറ്റത്തിന് കേസെടുക്കണം'
കൊല്ലം: ശൂരനാട്ട് വിദ്യാർഥിനിയുടെ ആത്മഹത്യക്ക് ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഐ.എൻ.പി.എ സംസ്ഥാന പ്രസിഡന്‍റ് ഡോ. ഡി. സുരേന്ദ്രനാഥ്, സെക്രട്ടറി എസ്. മിനി എന്നിവർ ആവശ്യപ്പെട്ടു.
കോവിഡ് പ്രതിസന്ധി മൂലം തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവന്ന പിതാവിൽനിന്ന് ഏതാനും മാസങ്ങൾക്കു മുമ്പാണ് ഒന്നര ലക്ഷം രൂപ ബാങ്ക് ഈടാക്കിയത്. നിരന്തരം മാനസികമായി ഭീഷണിപ്പെടുത്തുകയും വീടിന്റെ മുന്നിൽ ബോർഡ് സ്ഥാപിക്കുകയും ചെയ്തു. ബാങ്കുകൾക്ക് മൂക്കുകയറിടാൻ സംസ്ഥാന സർക്കാർ അടിയന്തരമായി തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.