അഭിരാമിയുടെ മരണം; ഇടതുപക്ഷം ഭരിക്കുന്ന ആശുപത്രിയെ പരോക്ഷമായി വിമർശിച്ച് തോമസ് ഐസക്
text_fieldsപത്തനംതിട്ട: അഭിരാമിയുടെ മരണത്തിൽ ആരോപണം നേരിടുന്ന ആശുപത്രി ഭരണസംവിധാനങ്ങളെ സമൂഹമാധ്യമത്തിൽ പരോക്ഷമായി വിമർശിച്ച് മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോ. ടി.എം. തോമസ് ഐസക്. ആരോഗ്യമന്ത്രി വീണ ജോർജിെൻറ ജില്ലയിൽ നടന്ന സംഭവത്തിൽ സർക്കാറും പാർട്ടിയും മറുപടി പറയാൻ വിഷമിക്കവെയാണ് ഉന്നത നേതൃത്വത്തിൽനിന്ന് വിമർശം ഉയർന്നിരിക്കുന്നത്. മന്ത്രിയുടെ മണ്ഡലത്തിലുൾപ്പെടുന്ന ജില്ല ആസ്ഥാനത്തെ ജനറൽ ആശുപത്രിക്കെതിരെ ഉയർന്ന ഗുരുതര ആരോപണം പാർട്ടി നേതൃത്വം ചർച്ചചെയ്യുന്നുണ്ട്.
തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽനിന്ന്:
അമ്മ രജനിയും അച്ഛൻ ഹരീഷും ഉണ്ടായ സംഭവങ്ങൾ വളരെ സമചിത്തതയോടെ വിവരിക്കുന്നുണ്ടായിരുന്നു. അവരുടെ പരാതികൾ മുഖവിലക്കെടുത്ത് പരിശോധിക്കുകതന്നെ വേണം. അവരുടെ വാക്കുകളിൽ 'ആരെയും ശിക്ഷിക്കാനൊന്നുമല്ല. പക്ഷേ, മറ്റൊരാൾക്കും ഈ ഗതി ഉണ്ടാവരുത്. കോട്ടയം മെഡിക്കൽ കോളജിനെക്കുറിച്ച് വളരെ നല്ല അഭിപ്രായം പറഞ്ഞപ്പോൾ, പത്തനംതിട്ട ജനറൽ ആശുപത്രിയെക്കുറിച്ച് അതല്ല പറഞ്ഞത്.
കാലത്ത് പാൽ വാങ്ങാൻ പോയപ്പോഴാണ് നായുടെ ആക്രമണം ഉണ്ടായത്. ഉടനെ പ്രാഥമിക ശുശ്രൂഷയ്ക്ക് പി.എച്ച്.സിയിൽ പോയെങ്കിലും അതു തുറന്നിരുന്നില്ല. പെരുനാട്ടെ സാമൂഹ്യാരോഗ്യകേന്ദ്രമായി ഉയർത്തിയിട്ടുണ്ടെങ്കിലും അതിനുള്ള സൗകര്യങ്ങൾ പൂർണമായിട്ടില്ല. ബ്ലോക്കിൽനിന്നും ഒരു അധിക ഡോക്ടറെ നിയമിക്കുന്നതിന് ആളെ തെരഞ്ഞെടുത്തെങ്കിലും ജോയിൻ ചെയ്തില്ല. ആരോഗ്യ കേന്ദ്രത്തിലെ പ്രവർത്തനം സംബന്ധിച്ച പരാതികൾ അടിയന്തരമായി പരിഹരിക്കപ്പെടണം.
കഴിഞ്ഞദിവസം തോമസ് ഐസക് സി.പി.എം ജില്ല സെക്രട്ടറി കെ.പി ഉദയഭാനുവിനും പാർട്ടി സംസ്ഥാന കമ്മിറ്റിഅംഗം രാജു എബ്രഹാമിനും ഒപ്പം അഭിരാമിയുടെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചിരുന്നു. തുടർന്ന് സംസ്കാരം നടന്ന ബുധനാഴ്ചയാണ് ഫേസ്ബുക്കിൽ അഭിപ്രായം രേഖപ്പെടുത്തിയത്. എൽ.ഡി.എഫ് ഭരിക്കുന്ന റാന്നി ബ്ലോക്ക് പഞ്ചായത്തിെൻറ കീഴിലാണ് ചികിത്സ സൗകര്യങ്ങളുടെ കുറവും അഭിരാമിയെ ചികിത്സിക്കുന്നതിൽ വിമുഖതയും കാണിച്ച പെരുന്നാട് സാമൂഹ്യ ആരോഗ്യകേന്ദ്രം. ഇവിടെയാണ് അഭിരാമിയെ ആദ്യം കൊണ്ടുപോയതും പേവിഷ ബാധക്കെതിരായ രണ്ടും മൂന്നും വാക്സിൻ എടുത്തതും.
ആദ്യം വരുമ്പോൾ ഡോക്ടർ ഇല്ലാത്തതിനാൽ പത്തനംതിട്ട ആശുപത്രിയിലേക്ക് വിടുന്നതും ഇവിടെ നിന്നാണ്. ആശുപത്രിയുടെ സമീപവാസിയാണ് ബ്ലോക്ക് പ്രസിഡന്‍റ് ഗോപി. ആശുപത്രി ഇരിക്കുന്ന പഞ്ചായത്ത് ഭരിക്കുന്നതും എൽ.ഡി.എഫാണ്. ഒരു പ്രാവശ്യം ഒഴികെ 52 വർഷമായി പഞ്ചായത്ത് ഭരിക്കുന്നത് സി.പി.എമ്മാണ്. പഞ്ചായത്ത് ഓഫിസിനോട് ചേർന്നിരിക്കുന്ന കെട്ടിടമാണ് സാമൂഹ്യ ആരോഗ്യ കേന്ദ്രം. എം.എൽ.എ ഓഫിസിെൻറ സമീപത്താണ് മറ്റൊരു ഗുരുതര ആരോപണം നേരിടുന്ന പത്തനംതിട്ട ജനറൽ ആശുപത്രിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.