എ.ഡി.എം നവീൻ ബാബുവിന്റെ മരണം: കോടതി ആവശ്യപ്പെട്ടാൽ കേസ് ഏറ്റെടുക്കാൻ തയാറാണെന്ന് സി.ബി.ഐ; എതിർത്ത് സർക്കാർ
text_fieldsകൊച്ചി: കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്ന് സി.ബി.ഐ ഹൈകോടതിയിൽ. എന്നാൽ, നിലവിലെ അന്വേഷണം ശരിയായ ദിശയിലാണെന്നും സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യം ഈ ഘട്ടത്തിൽ ഇല്ലെന്നും സർക്കാർ.
കേസ് ഡയറി പരിശോധിച്ചശേഷം ഇക്കാര്യത്തിൽ വിശദമായ വാദം കേൾക്കാമെന്ന് വ്യക്തമാക്കിയ കോടതി സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി ഡിസംബർ 12ന് പരിഗണിക്കാൻ മാറ്റി. നിലവിലെ അന്വേഷണം കാര്യക്ഷമമല്ലാത്തതിനാൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹരജിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പരിഗണിച്ചത്.
ഹൈകോടതി ഉത്തരവിട്ടാൽ അന്വേഷണം ഏറ്റെടുക്കാമെന്ന നിലപാടാണ് സി.ബി.ഐ അറിയിച്ചത്. സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് ഹരജി പരിഗണിക്കുന്നതിനിടെ കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം ശരിയായ വിധത്തിലാണ് നടക്കുന്നതെന്നാണ് സർക്കാർ അറിയിച്ചത്. പൊലീസ് അന്വേഷണം പക്ഷപാതപരമാണെന്നതിന് നിലവിൽ തെളിവില്ല.
പ്രതിക്ക് രാഷ്ട്രീയ സ്വാധീനമുള്ളതുകൊണ്ട് മാത്രം കേസ് വഴി തെറ്റിയെന്ന് പറയാനാകില്ല. കണ്ണൂർ പൊലീസ് കമീഷണറാണ് പ്രത്യേക അന്വേഷണ സംഘത്തിന് മേൽനോട്ടം വഹിക്കുന്നത്. ഇതിൽ തൃപ്തിയുണ്ടോയെന്നും ഉയർന്ന ഉദ്യോഗസ്ഥനെ നിയോഗിക്കേണ്ടതുണ്ടോയെന്നും കോടതി ഹരജിക്കാരിയോട് ആരാഞ്ഞു.
നരഹത്യയടക്കം സംശയിക്കുന്നതിനാൽ സി.ബി.ഐ അന്വേഷണം വേണമെന്ന വാദത്തിൽ ഹരജിക്കാരി ഉറച്ചുനിന്നു. കൊലപാതകമാണെന്ന് ഹരജിക്കാരി വാദമുയർത്തുന്നുണ്ട്. ദേഹപരിശോധനയിലും ഇൻക്വസ്റ്റിലും നവീന്റെ ശരീരത്തിൽ പരിക്കുകൾ കണ്ടെത്തിയോ എന്നും കോടതി ചോദിച്ചു. പ്രാഥമിക പരിശോധനയിൽ അങ്ങനെെയാന്നും കണ്ടെത്തിയിട്ടില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
കേസ് ഡയറി ഹാജരാക്കാൻ കോടതി നേരത്തേ നിർദേശിച്ചിരുന്നെങ്കിലും ബെഞ്ച് മുമ്പാകെ എത്തിയിരുന്നില്ല. കേസ് ഡയറി പരിശോധിച്ചശേഷം കൂടുതൽ വാദത്തിലേക്ക് കടക്കാമെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം പക്ഷപാതപരമാണെന്നതിന് തെളിവുകളോ വസ്തുതകളോ ഉണ്ടെങ്കിൽ 12നകം ഹരജിക്കാരി ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. സർക്കാർ എതിർ സത്യവാങ്മൂലവും സമർപ്പിക്കണം. തുടർന്ന്, 12ന് വിശദ വാദത്തിനായി കേസ് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.