അഞ്ജുശ്രീ പാർവതിയുടെ മരണം വഴിത്തിരിവിലേക്ക്
text_fieldsകാസർകോട്: പെരുമ്പള ബേനൂരിലെ വിദ്യാർഥിനി അഞ്ജുശ്രീ പാർവതിയുടെ മരണം വഴിത്തിരിവിലേക്ക്. ഹോട്ടലിൽനിന്ന് വരുത്തിയ കുഴിമന്തിയിൽ നിന്നുള്ള ഭക്ഷ്യവിഷബാധയേറ്റാണ് പെൺകുട്ടി മരിച്ചതെന്ന പ്രചാരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയെ നടുക്കിയത്. എന്നാൽ, മരണം ആത്മഹത്യയാണെന്ന സ്ഥിരീകരണത്തിലേക്കാണ് കാര്യങ്ങൾ തിങ്കളാഴ്ചയോടെ എത്തിയത്.
കഴിഞ്ഞ ഡിസംബർ 31നാണ് കാസർകോട് അടുക്കത്ത് ബയലിലെ ഒരു ഹോട്ടലിൽ നിന്ന് വരുത്തിയ കുഴിമന്തി അഞ്ജുശ്രീ പാർവതിയും മൂന്നു സുഹൃത്തുക്കളും കഴിച്ചത്. പിറ്റേന്ന് ശാരീരിക അസ്വസ്ഥതയെ തുടർന്നായിരുന്നു ദേളിയിലെ ആശുപത്രിയിൽ ചികിത്സ തേടിയത്.
ഭക്ഷ്യവിഷബാധയാണെന്ന് ആരോപിച്ച് അഞ്ജുശ്രീയുടെ കുടുംബം പൊലീസിൽ പരാതി നൽകിയതോടെ സംസ്ഥാനത്തുതന്നെ പെൺകുട്ടിയുടെ മരണം ഏറെ ചർച്ചയായി. ജനുവരി രണ്ടിന് കോട്ടയത്ത് നഴ്സ് ഭക്ഷ്യവിഷബാധയെ തുടർന്നു മരിച്ച സംഭവത്തിനു പിറകെ കാസർകോട്ടും വിദ്യാർഥിനി മരിച്ചതോടെ അധികൃതരും ഉണർന്നു. ഇതേത്തുടർന്ന് ആരോഗ്യമന്ത്രി വീണ ജോർജ് കാസർകോട് സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അടുക്കത്ത് ബയലിലെ ഹോട്ടൽ ഉടമയെയും രണ്ട് തൊഴിലാളികളെയും കസ്റ്റഡിയിലെടുത്ത പൊലീസ് തുടർ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന് സ്ഥിരീകരിക്കാത്ത സാഹചര്യത്തിലായിരുന്നു ഇത്.
നേരത്തേ മെഡിക്കൽ ഡോക്ടറായിരുന്ന ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന അഞ്ജുശ്രീ പാർവതിയുടെ മൃതദേഹം നേരിട്ട് പരിശോധന നടത്തിയിരുന്നു. ഭക്ഷ്യവിഷബാധ ഏറ്റാൽ ചില പ്രത്യേക ലക്ഷണങ്ങൾ ഉണ്ടാകാറുണ്ടെന്നും എന്നാൽ മരിച്ച വിദ്യാർഥിനിയിൽ അതുണ്ടായില്ലെന്നും അദ്ദേഹം മനസ്സിലാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യവിഷബാധയാണെന്ന പ്രചാരണം ശക്തമായി നടക്കുമ്പോഴും ഹോട്ടൽ ഉടമക്കും ജീവനക്കാർക്കുമെതിരെ പൊലീസ് നടപടി സ്വീകരിക്കാതിരുന്നത്.
മരണകാരണം വിഷബാധയേറ്റാണെന്നും എന്നാൽ, ഭക്ഷ്യ വിഷബാധയല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഡോക്ടർമാരും വ്യക്തമാക്കിയതോടെ മരണകാരണത്തിനിടയാക്കിയ വിഷം ഏതെന്ന് കണ്ടെത്താനായി പൊലീസ് ശ്രമം.
അതിനിടെയാണ് ആത്മഹത്യ കുറിപ്പ് വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തിയത്. ഇത് വിദ്യാർഥിനിയുടേത് ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലെത്താനും ഇടയാക്കി. വിദ്യാർഥിനിയുടെ മൊബൈൽഫോൺ പരിശോധിച്ചപ്പോൾ കിട്ടിയ തെളിവുകളും ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിന് ബലം നൽകുന്നു.
മരണകാരണം സംബന്ധിച്ച് പ്രാഥമിക നിഗമനത്തിനപ്പുറം ഉറപ്പിക്കാൻ ഫോറൻസിക് ലാബിലെ റിപ്പോർട്ട് കാത്തിരിക്കുകയാണ് അധികൃതർ. സാധാരണ ഈ റിപ്പോർട്ട് ലഭിക്കാൻ കാലതാമസം നേരിടാറുണ്ട്. എന്നാൽ, അഞ്ജുശ്രീ പാർവതിയുടെ മരണവുമായി ബന്ധപ്പെട്ട ആന്തരികാവയവങ്ങളുടെ ഫോറൻസിക് പരിശോധന ഫലം കഴിയുന്നതും വേഗം ലഭ്യമാക്കാനുള്ള ശ്രമം പൊലീസിന്റെ ഭാഗത്തുനിന്ന് നടക്കുന്നുണ്ട്. ഈ റിപ്പോർട്ട് കിട്ടുന്നതോടെ മാത്രമെ മരണകാരണമായ വിഷം ഏതെന്ന് ഉറപ്പിക്കാൻ കഴിയുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.