അന്ന സെബാസ്റ്റ്യന്‍റെ മരണം: കമ്പനിയിൽ നിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് പിതാവ്
text_fieldsകാക്കനാട്: കുഴഞ്ഞുവീണ് മരിച്ച പുണെ ഇ.വൈ കമ്പനിയിലെ മലയാളി ജീവനക്കാരി അന്ന സെബാസ്റ്റ്യന്‍റെ വീട്ടിൽ കമ്പനി അധികൃതർ എത്തിയെങ്കിലും കമ്പനിയിൽനിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് പിതാവ് സിബി ജോസഫ്. മകളുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടെങ്കിലും കമ്പനി ഉറപ്പൊന്നും നൽകിയില്ല.
വിഷയം ചർച്ചയായപ്പോൾ മാത്രമാണ് കമ്പനി അധികൃതർ വീട്ടിലെത്തിയത്. ഇനി ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കില്ലെന്നാണ് അവർ പറഞ്ഞത്. കമ്പനിയുടെ പങ്കാളികൾ, സീനിയർ മാനേജർ, എച്ച്.ആർ മാനേജർ എന്നിവരാണ് എത്തിയതെന്നും സിബി ജോസഫ് ‘മാധ്യമ’ത്തോട് പറഞ്ഞു.
മകൾ മരിച്ചത് ജോലിഭാരം കാരണമാണെന്നും മകളുടെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ കമ്പനിയിൽനിന്ന് ഒരു ജീവനക്കാരൻ പോലും എത്തിയില്ലെന്നും മാതാവ് പറഞ്ഞു. ഇനി ഇത്തരം അനുഭവം മറ്റാർക്കും ഉണ്ടാവരുത്, അതിനാണ് വിവരം പുറത്തുവിട്ടത്. മാർച്ച് 18നാണ് അന്ന ഇ.വൈ കമ്പനിയിൽ ചേർന്നത്.
ജോലിഭാരം കാരണം ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴിഞ്ഞിരുന്നില്ലെന്ന് പിതാവ് പറഞ്ഞു. ജൂലൈ 20നാണ് ഏണസ്റ്റ് ആൻഡ് യങ് ഇന്ത്യയിലെ (ഇ.വൈ) ചാർട്ടേഡ് അക്കൗണ്ടന്റായ എറണാകുളം കങ്ങരപ്പടി സ്വദേശി അന്ന സെബാസ്റ്റ്യന്‍ പേരയിലിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
പത്തുദിവസം മുമ്പ് അന്നയുടെ അമ്മ ഇ.വൈ കമ്പനി ചെയർമാന് അയച്ച കത്ത് പുറത്തുവന്നതോടെയാണ് വിഷയത്തിൽ പ്രതിഷേധം ശക്തമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.