പച്ചപിടിച്ചുവരുന്നതിനിടെ സ്വപ്നങ്ങൾ തകിടംമറിച്ച് മുകേഷിന്റെ മടക്കം
text_fieldsപരപ്പനങ്ങാടി: മകന്റെ ഉയർച്ച സ്വപ്നം കണ്ടായിരുന്നു ദേവിയുടെ മൂന്ന് പതിറ്റാണ്ടിലേറെയുള്ള ജീവിതം. ദുരിതങ്ങളിൽനിന്ന് അതിജീവന സ്വപ്നങ്ങൾ കണ്ടുതുടങ്ങവെയാണ് അമ്മയെയും കുടുംബത്തെയും അനാഥമാക്കി മുകേഷിന്റെ അപ്രതീക്ഷിത മടക്കം. പൊള്ളുന്ന ജീവിതാനുഭവങ്ങളിലൂടെയായിരുന്നു ദേവിയുടെയും മക്കളുടെയും നീണ്ടകാലത്തെ സഞ്ചാരം. അഞ്ചര വയസ്സുള്ള മുകേഷിനെയും കൈക്കുഞ്ഞായ സഹോദരി ഹരിതയെയും അമ്മ ദേവിയുടെ കൈകളിലേൽപിച്ച് പെയിന്റിങ് തൊഴിലാളിയായ പിതാവ് ഉണ്ണി മൺമറഞ്ഞിട്ട് 28 വർഷങ്ങൾ പിന്നിട്ടു. പിന്നീട് തയ്യൽ ജോലി ചെയ്താണ് ദേവി കുടുംബം പോറ്റിയതും കുട്ടികളെ പഠിപ്പിച്ചതും മകളെ വിവാഹം ചെയ്തയച്ചതും. അഞ്ച് സെന്റിൽ നാട്ടുകാരുടെ കൂടി സഹായത്തോടെ ഉണ്ടാക്കിയ കൊച്ചുവീട് മാത്രമാണ് ഇവർക്കുള്ളത്.
പഠനത്തിനു ശേഷം പരപ്പനങ്ങാടിയിലെ പ്രാദേശിക വാർത്ത ചാനലിൽ കാമറമാനായി തുടങ്ങിയ മുകേഷ്, തുടക്കം മുതലേ ദുരിത ജീവിതങ്ങളിലേക്ക് കാമറ തിരിച്ചുവെക്കാൻ ശ്രമിച്ചിരുന്നതായി സഹപ്രവർത്തകർ ഓർക്കുന്നു. പ്രാദേശിക ചാനലിൽനിന്ന് ഇന്ത്യാവിഷനിലേക്കും തുടർന്ന് മാതൃഭൂമി ന്യൂസിലേക്കും മാറി. തനിക്ക് ജോലി ലഭിച്ചതിനു ശേഷം അമ്മയെ തയ്യൽ ജോലിക്ക് പോകാൻ മുകേഷ് സമ്മതിച്ചിരുന്നില്ല.
ദുർഘട സന്ദർഭങ്ങളിലും ജോലിയോടുള്ള പ്രതിബദ്ധതക്ക് മാത്രമാണ് മുകേഷ് പ്രാമുഖ്യം നൽകിയിരുന്നത്. മലമ്പുഴക്ക് സമീപം കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യം പകർത്തുമ്പോഴും മുകേഷിന്റെ ഈ ആത്മാർഥതയാണ് പ്രകടമായത്. മുകേഷിന്റെ ജീവിതം പാതിവഴിയിൽ മുറിഞ്ഞെങ്കിലും സഹജീവികളുടെ ദുരിതങ്ങളിലേക്ക് അദ്ദേഹം പായിച്ച കാമറയിലെ ദൃശ്യങ്ങളും എഴുത്തുകളും മാഞ്ഞുപോകാതെ അതിജീവിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.