ഇൻഷുറൻസ് പരിരക്ഷയില്ലാത്ത കന്നുകാലികളുടെ മരണം; പ്രത്യേക സഹായത്തിന് അനുമതി
text_fieldsമലപ്പുറം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത കന്നുകാലികൾക്ക് ജീവഹാനി സംഭവിച്ചാൽ ദുരന്തനിവാരണത്തിനായി വകയിരുത്തിയ ക്ഷീര വികസന വകുപ്പ് കണ്ടിൻജൻസി ഫണ്ടിൽനിന്ന് കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ അനുമതി. നേരത്തേ ഇത്തരം സംഭവങ്ങളിൽ ധനസഹായം നൽകിയിരുന്നെങ്കിലും കന്നുകാലി ഇൻഷുറൻസ് പദ്ധതി പ്രോത്സാഹിപ്പിക്കാനായി ഇത് നിർത്തിവെച്ചിരുന്നു. എന്നാൽ, ക്ഷീരകർഷകരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് ക്ഷീരവികസന വകുപ്പ് വീണ്ടും ധനസഹായം നൽകാൻ തീരുമാനിച്ചത്. 2021 മുതൽ ഇത്തരത്തിൽ ലഭിച്ച പരാതികളടക്കം പരിഗണിച്ച് മുൻഗണനാക്രമത്തിലാണ് ധനസഹായം നൽകുക. കൃത്യമായ അന്വേഷണം നടത്തി അർഹതപ്പെട്ടവരാണെന്ന് തെളിഞ്ഞാൽ മാത്രമേ സഹായധനം നൽകൂ. പദ്ധതിക്കായി 97.50 ലക്ഷം രൂപയാണ് വകയിരുത്തിയത്. അപ്രതീക്ഷിതമായി ക്ഷീരകർഷകർക്കുണ്ടാകുന്ന നഷ്ടത്തിന് അടിയന്തര സഹായമായി 15,000 രൂപ നൽകും. സംസ്ഥാനത്ത് 650 ക്ഷീരകർഷകർക്കാണ് സഹായം ലഭിക്കുക. പ്രകൃതിക്ഷോഭം (കലക്ടറുടെ സഹായം ലഭിക്കാത്തത്), ആന്ത്രാക്സ്, പന്നിപ്പനി, പക്ഷിപ്പനി തുടങ്ങിയവ മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് മൃഗസംരക്ഷണ വകുപ്പിന്റെ കണ്ടിൻജൻസി ഫണ്ടിൽനിന്ന് സഹായം നൽകുന്നുണ്ട്.
പ്രസവത്തോടനുബന്ധിച്ചോ മറ്റു രോഗങ്ങൾ മൂലമോ ചാകുന്ന ഇൻഷുറൻസില്ലാത്ത പശുക്കളുടെ ഉടമക്ക് മൃഗസംരക്ഷണ വകുപ്പോ ക്ഷീരവികസന വകുപ്പോ ധനസഹായം നൽകിയിരുന്നില്ല. ഇതിനാൽ ഒന്നോ രണ്ടോ പശുക്കളെ വളർത്തിയിരുന്ന കർഷകർ മറ്റൊന്നിനെ വാങ്ങാൻ സാധിക്കാതെ പ്രയാസത്തിലായിരുന്നു. പ്രസവത്തോടനുബന്ധിച്ചോ മറ്റു രോഗങ്ങൾ മൂലമോ ചാകുന്ന പശുക്കളുടെ ഉടമക്ക് ധനസഹായം നൽകണമെന്നാവശ്യപ്പെട്ട് കോഡൂർ പഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൻ ഫാത്തിമ വട്ടോളി മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. കൂടാതെ, നിരവധി ക്ഷീരകർഷകർ നവകേരള സദസ്സിലൂടെയും മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ക്ഷീരവികസന വകുപ്പ് നിർദേശം സമർപ്പിച്ചതിനെ തുടർന്നാണ് അനുമതിയായത്. കന്നുകാലികളെ ഇൻഷുർ ചെയ്യാൻ എല്ലാ ക്ഷീരകർഷകരും തയാറാവണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.