മോഡലുകളുടെ മരണം: 'ഹോട്ടലിൽ ഉണ്ടായിരുന്ന പ്രമുഖനിലേക്ക് അന്വേഷണം നീളാത്തത് എന്തുകൊണ്ട്'
text_fieldsകൊച്ചി: കൊച്ചിയിൽ മോഡലുകൾ അടക്കം മൂന്ന് പേരുടെ മരണത്തിനു ഇടയാക്കിയ കാർ അപകടത്തിലെ ദുരൂഹത നീക്കണമെന്ന് എറണാകുളം ഡി.സി.സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ്.
പുറത്ത് വരുന്ന വിവരങ്ങളനുസരിച്ചു ഇതൊരു സ്വഭാവിക അപകടമാണെന്ന് കരുതാൻ വയ്യ. ഹോട്ടലിൽ നിന്നും ഇവരെ മറ്റൊരു കാർ പിന്തുടരുകയും, അമിത വേഗതയിലുള്ള കാറോട്ടമാണ് നടന്നതെന്നും പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നു.
ഹോട്ടൽ ഉടമ യഥാർത്ഥ ഹാർഡ് ഡിസ്ക് അല്ല പൊലീസിന് കൈമാറിയത് എന്ന് പറയുന്നു. ഹോട്ടലിലെ പൂർണ്ണമായ ദൃശ്യങ്ങൾ ഇല്ല എന്നും യഥാർത്ഥ ഹാർഡ് ഡിസ്ക് നശിപ്പിച്ചിരിക്കാമെന്നും പൊലീസ് തന്നെ സൂചിപ്പിക്കുന്നു. അപ്പോൾ ഹോട്ടൽ ഉടമ ആരെയാണ് സംരക്ഷിക്കാൻ നോക്കുന്നത്? ഹോട്ടലിൽ ഉണ്ടായിരുന്നുവെന്ന് പറയുന്ന പ്രമുഖൻ, അത് സിനിമ നടനോ, രാഷ്ട്രീയ നേതാവോ ആണെങ്കിൽ എന്ത് കൊണ്ട് അയാളിലേക്ക് അന്വേഷണം നീളുന്നിലെന്നും ഷിയാസ് ചോദിക്കുന്നു.
പ്രമുഖർക്ക് മുന്നിൽ പോലീസിന് പരിമിതികൾ ഉണ്ടെന്നാണോ മനസിലാക്കേണ്ടത്. ഡി.ജെ പാർട്ടിയും ലഹരി ഉപയോഗവും കൊച്ചിയെ പിടിമുറുക്കുന്ന സാഹചര്യത്തിൽ ഈ വിഷയത്തിലെ സത്യങ്ങൾ പുറത്ത് കൊണ്ട് വരേണ്ടത് സമൂഹത്തിന്‍റെ ആവശ്യമാണ്.
പൊലീസ് മറ്റു കേസുകളിൽ അറസ്റ്റ് ചെയ്യാനും നടപടിയെടുക്കാനും കാണിക്കുന്ന ആവേശം ഈ കേസിന്‍റെ അന്വേഷണത്തിൽ കാണിക്കേണ്ടതുണ്ട്. ഈ അപകട മരണം മനുഷ്യ സൃഷ്ടി ആണെങ്കിൽ അതിന് പിന്നിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം.
കൊച്ചിയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചു നടക്കുന്ന അനധികൃത നിശാ പാർട്ടികളിലും, ലഹരി ഉപയോഗത്തിലും അധികാരികളുടെ ശ്രദ്ധ പതിയണം. അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാകുന്നില്ലെങ്കിൽ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനകീയ പ്രക്ഷോഭം നയിക്കുമെന്നും ഷിയാസ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.