മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക്കിനായി തേവര കണ്ണങ്കാട്ട് പാലത്തിൽ തെരച്ചിൽ
text_fieldsകൊച്ചി: കൊച്ചിയിൽ മോഡലുകൾ ഉൾപ്പടെ മൂന്നുപേർ മരിച്ച സംഭവത്തിൽ അപകടം നടക്കും മുമ്പ് അന്‍സി കബീറും സംഘവും പങ്കെടുത്ത ഡിജെ പാർട്ടി നടന്ന ഹോട്ടലിലെ ഹാര്‍ഡ് ഡിസ്ക്കിനായി തേവര കണ്ണങ്കാട്ട് പാലത്തിനടുത്ത് തെരച്ചില്‍. നമ്പര്‍ 18 ഹോട്ടലിലെ ജീവനക്കാരെയും കൂട്ടിയാണ് പൊലീസ് ഹാർഡ് ഡിസ്ക്കിനായി ഇവിടെ തെരച്ചിൽ നടത്തുന്നത്.
റോയ് ഇതുവരെ പോലീസിന് കൈമാറാത്ത സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഹാര്‍ഡ് ഡിസ്ക്ക് ജീവനക്കാര്‍ ഇവിടെ ഉപേക്ഷിച്ചെന്നാണ് സൂചന. ഹോട്ടലുടമ റോയിയുടെ വീട് കണ്ണങ്കാട്ട് പാലത്തിനടുത്താണ്. ഇവിടെ ഉപേക്ഷിച്ചെന്ന നിഗമനത്തിലാണ് പൊലീസ് ഡി.വി.ആർ തെരച്ചിൽ നടത്തുന്നത്.
തുടർച്ചയായ രണ്ടാം ദിവസവും നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിനെ പൊലീസ് ചോദ്യം ചെയ്തു. റോയിയെ ഹോട്ടലിൽ എത്തിച്ച് പൊലീസ് സംഘം തെളിവെടുത്തു. ദൃശ്യങ്ങൾ നശിപ്പിച്ചെന്ന് തെളിഞ്ഞാൽ റോയ്ക്കെതിരെ കേസെടുക്കും.
ഹോട്ടൽ 18 ഉടമ റോയി വയലാട്ടിനെ തുടർച്ചയായി രണ്ടാം ദിവസവും പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെ മകളുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം മുന്നോട്ട് വന്നു. അൻസിയും സംഘവും സഞ്ചരിച്ച കാറിനെ മറ്റൊരു വാഹനം പിന്തുടർന്നത് എന്തിനാണെന്ന് അറിയണമെന്നും അപകടത്തെക്കുറിച്ചുള്ള ദുരൂഹത മാറാൻ വിപലുമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് അൻസി കബീറിന്‍റെ ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്.
മോഡലുകൾ മരിച്ച സംഭവത്തിൽ അറസ്റ്റിലായ കാർ ഡ്രൈവർ അബ്ദുറഹ്മാൻ ജാമ്യം ലഭിച്ചതിനെ തുടർന്ന് കാക്കനാട് ജയിലിൽ നിന്നും ഇന്ന് പുറത്തിറങ്ങി. അപകടസമയത്ത് അൻസി കബീർ, അഞ്ജന ഷാജൻ എന്നിവരടക്കം നാല് പേരാണ് കാറിലുണ്ടായിരുന്നത്. അബ്ദുറഹ്മാൻ ഒഴികെയുള്ള മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.