ശസ്ത്രക്രിയക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി
text_fieldsഅമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ അമ്മയും കുഞ്ഞും മരിക്കാനിടയായ സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് മന്ത്രി വീണാ ജോർജ് ഉത്തരവിട്ടു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രൻ, കോന്നി മെഡിക്കൽ കോളജ് ഗൈനക് വിഭാഗം മേധാവി ഡോ. ശ്രീലത, ജോയന്‍റ് ഡി.എം.ഇ ഡോ. അബ്ദുൽറഷീദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
ഇവരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുൽസലാം നിയോഗിച്ച സംഘവും അമ്പലപ്പുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘവും ഇതിന് പുറമെ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ട് കിട്ടുന്നതുവരെ ഗൈനക്കോളജി വിഭാഗത്തിലെ ഡോ. തങ്കു കോശി നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ മന്ത്രിയുടെ ഓഫിസിൽനിന്ന് നിർദേശം ലഭിച്ചതായി സൂപ്രണ്ട് പറഞ്ഞു.
മെഡിക്കൽ ബോർഡിന്‍റെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്ന് ജില്ല കലക്ടർ കൃഷ്ണ തേജ പറഞ്ഞു. പൊലീസിന്‍റെ ഭാഗത്തുനിന്നും ശരിയായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അമ്പലപ്പുഴ, ആലപ്പുഴ ഡിവൈ.എസ്.പി മാരെ ചുമതലപ്പെടുത്തിയതായി ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.