അമ്മയും കുഞ്ഞും മരിച്ച സംഭവം: യുവജന കമീഷൻ പ്രാഥമിക അന്വേഷണം നടത്തി
text_fieldsപാലക്കാട്: തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ യുവജന കമീഷൻ പ്രാഥമിക അന്വേഷണം നടത്തി. യുവജന കമീഷൻ അംഗം അഡ്വ. ടി. മഹേഷ്, സ്റ്റേറ്റ് കോ ഓർഡിനേറ്റർ അഡ്വ. എം. രൺദീഷ്, ജില്ല കോ ഓർഡിനേറ്റർ അഖിൽ എന്നിവർ ചെമ്പകശ്ശേരിയിലെ ഐശ്വര്യയുടെ ഭർതൃഗൃഹത്തിൽ എത്തി ഭർത്താവ് രഞ്ജിത്തിന്‍റെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി.
തത്തമംഗലം സ്വദേശി ഐശ്വര്യയാണ് ജൂലൈ 4ന് മരണപ്പെട്ടത്. ഐശ്വര്യ ജന്മം നൽകിയ നവജാത ശിശു ജൂലൈ 2ന് മരണപ്പെട്ടിരുന്നു. ആറു ദിവസം മുൻപാണ് പ്രസവവേദനയെ തുടർന്ന് 23 വയസുകാരി ഐശ്വര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
9 മാസവും പരിശോധിച്ച ഡോക്ടറുടെ സേവനം അടിയന്തര സാഹചര്യത്തിൽ ലഭ്യമായില്ലെന്നും ഡ്യൂട്ടി ഡോക്ടർമാരുടെ സേവനവും കാര്യക്ഷമമായി ലഭിച്ചില്ലെന്നും യുട്രസ് നീക്കം ചെയ്യുന്നതും ബ്ലീഡിങ് രൂക്ഷമായതുൾപ്പടെ ഉള്ള വിവരങ്ങൾ ബന്ധുക്കളെ യഥാസമയം അറിയിക്കുന്നതിൽ ആശുപത്രി അധികൃതർക്ക് വീഴ്ച വന്നുവെന്നാണ് പ്രാഥമിക നിഗമനം.
വിഷയത്തിൽ തങ്കം ആശുപത്രിയിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഡി.ജി.പിയോടും ആരോഗ്യ വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ യുവജന കമീഷൻ ഉറപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.