പൂക്കോട് സർവകലാശാല വിദ്യാർഥിയുടെ മരണം; 12 വിദ്യാർഥികൾക്ക് സസ്പെൻഷൻ
text_fieldsവൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ രണ്ടാം വർഷ ബി.വി.എസ്.സി വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളജിലെ 12 വിദ്യാർഥികളെ യൂനിവേഴ്സിറ്റി അധികൃതർ സസ്പെൻഡ് ചെയ്തു. കോളജിലെ ബിരുദ വിദ്യാർഥികളായ കെ. അഖിൽ (23), ആർ.എസ്. കാശിനാഥൻ (19), അമീൻ അക്ബർ അലി (19), കെ. അരുൺ (19), സിൻജോ ജോൺസൻ (20), എൻ. ആസിഫ് ഖാൻ (20), അമൽ ഇഹ്സാൻ (20), ജെ. അജയ് (20), ഇ.കെ. സഊദ് രിസാൽ (22), എ. അൽത്താഫ് (22), ആദിത്യൻ (22), എം. മുഹമ്മദ് ഡാനിഷ് (22) എന്നിവരെയാണ് ആന്റി റാഗിങ് സ്ക്വാഡിന്റെ ശിപാർശ പ്രകാരം യൂനിവേഴ്സിറ്റി ഡീൻ ഡോ. നാരായണൻ സസ്പെൻഡ് ചെയ്തത്. ഇതിൽ കോളജ് യൂനിയൻ ഭാരവാഹികളും എസ്.എഫ്.ഐ യൂനിറ്റ് ഭാരവാഹികളും ഉൾപ്പെടും.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് നെടുമങ്ങാട് കൊറക്കോട് സ്വദേശി സിദ്ധാർഥനെ (21) കോളജ് ഹോസ്റ്റലിലെ ശുചിമുറിയിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഉന്നതതല അന്വേഷണം വേണം -കെ.എസ്.യു
കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർഥിയുടെ മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് കെ.എസ്.യു ജില്ല കമ്മിറ്റി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ചയാണ് സിദ്ധാർഥൻ യൂനിവേഴ്സിറ്റി കാമ്പസിനകത്തെ ഹോസ്റ്റൽ ശുചിമുറിയിൽ തൂങ്ങിമരിച്ചത്. നിരന്തരമായി സീനിയർ വിദ്യാർഥികൾ ചേർന്ന് ആക്രമിക്കുകയും മുഴുവൻ വിദ്യാർഥികളുടെയും മുന്നിൽവെച്ച് പരസ്യവിചാരണ ചെയ്തിട്ടും ഒരുവിധ നടപടിയും കോളജ് അധികൃതർ സ്വീകരിച്ചില്ല.
കുറ്റവാളികൾക്ക് സംരക്ഷണമൊരുക്കി കൂടെനിൽക്കുന്ന സാഹചര്യമാണുള്ളത്. വിഷയത്തിൽ സി.ബി.ഐ ഏജൻസിയോ മറ്റ് ഉന്നതതല അന്വേഷണമോ തുടങ്ങാത്ത സാഹചര്യത്തിൽ വിദ്യാർഥികൾക്കൊപ്പം പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്റ് അഡ്വ. ഗൗതം ഗോകുൽദാസ്, അസ്ലം ഓലിക്കൽ, ലിവിൻ വേങ്ങൂർ, സെബാസ്റ്റ്യൻ ജോയ്, മെൽ എലിസബത്ത്, രോഹിത്ത് ശശി, മുബാരിഷ് അയ്യാർ, ശ്രീഹരി ശ്രീനിവാസൻ, ഹർഷൽ എന്നിവർ പങ്കെടുത്തു.
സമഗ്രാന്വേഷണം വേണം -എസ്.എഫ്.ഐ
കൽപറ്റ: പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാം വർഷ വിദ്യാർഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണം വേണമെന്ന് എസ്.എഫ്.ഐ ജില്ല പ്രസിഡൻറ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നിലവിൽ നവമാധ്യമങ്ങളിൽ വരുന്ന കുപ്രചാരണങ്ങളെ വിദ്യാർഥികൾ തള്ളിക്കളയണമെന്നും ആവശ്യപ്പെട്ടു.
മർദിച്ച് കെട്ടിത്തൂക്കിയതെന്ന് കുടുംബം
വൈത്തിരി: വാലന്റൈൻസ് ദിനത്തോടനുബന്ധിച്ചുണ്ടായ സംഭവത്തെത്തുടർന്ന് സഹവിദ്യാർഥികളുടെ പീഡനത്തിലും പരസ്യവിചാരണയിലും മനംനൊന്താണ് സിദ്ധാർഥൻ ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം ഉയർന്നിരുന്നത്. എന്നാൽ, സിദ്ധാർഥനെ മർദിച്ച് ജനൽക്കമ്പിയിൽ കെട്ടിത്തൂക്കിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്.
സിദ്ധാർഥന്റെ മരണത്തിലെ വസ്തുത പുറത്തുകൊണ്ടുവരാൻ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രി, എ.ഡി.ജി.പി, മനുഷ്യാവകാശ കമീഷൻ, വയനാട് പൊലീസ് ചീഫ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. വൈത്തിരി പൊലീസ് എസ്.എച്ച്.ഒ ടി. ഉത്തംദാസിനാണ് അന്വേഷണച്ചുമതല. എസ്.ഐമാരായ പ്രശോഭ്, മണി എന്നിവരും സംഘത്തിലുണ്ട്. സംഭവത്തിൽ മൊഴിയെടുക്കാൻ പൊലീസ് ഏതാനും വിദ്യാർഥികളെ വിളിപ്പിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വൈത്തിരി സി.ഐ പറഞ്ഞു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
കെ.എസ്.യു യൂനിവേഴ്സിറ്റി ഡീൻ ഓഫിസ് ഉപരോധിച്ചു
വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിനുത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.എസ്.യു ജില്ല പ്രസിഡന്റിന്റെ നേതൃത്വത്തിൽ സർവകലാശാല ഡീൻ ഡോ. നാരായണനെ ഉപരോധിച്ചു. സംഭവവുമായി ബന്ധപ്പെട്ടവർക്കെതിരെ ഉചിത നടപടിയെടുക്കുമെന്നു കൃത്യമായ ഉറപ്പു ലഭിച്ചതിനെ തുടർന്ന് വൈകീട്ടോടെ ഉപരോധം പിൻവലിച്ചതായി ജില്ല പ്രസിഡന്റ് അഡ്വ. ഗൗതം ഗോകുൽദാസ് പറഞ്ഞു.
കെ.എസ്.യു സംസ്ഥാന ജന. സെക്രട്ടറി അസ്ലം ഓലിക്കൽ, സംസ്ഥാന കൺവീനർമാരായ വിപിൻ വെങ്ങൂർ, സെബാസ്റ്റ്യൻ ജോയ്, അനന്തപത്മനാഭൻ, മെൽ എലിസബത്ത്, രോഹിത് ശശി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആഷിഖ് എന്നിവർ ഉപരോധത്തിൽ പങ്കെടുത്തു. കാമ്പസിൽ വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.