റിട്ട.സി.ഐയുടെ മരണം വാഹനാപകടത്തെ തുടർന്ന്; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
text_fieldsഗാന്ധിനഗർ: റിട്ട.സി.ഐ പോളക്കാട്ടിൽ എം.വി. മാത്യുവിന്റെ (73) മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. ആഗസ്റ്റ് 11ന് രാവിലെ 10ന് പനമ്പാലം കോലേട്ടമ്പലത്തിന് സമീപം ബൈക്കിൽനിന്ന് വീണ് ഗുരുതരപരിക്കേറ്റ നിലയിൽ എം.വി. മാത്യുവിനെ കണ്ടെത്തുകയായിരുന്നു.
അബോധാവസ്ഥയിലായിരുന്ന മാത്യു പിന്നീട് ചികിത്സക്കിടെ മരിച്ചു. ആദ്യഅന്വേഷണത്തിൽ വാഹനം ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണ് അപകടത്തിൽപെട്ടെന്നായിരുന്നു പൊലീസ് നിഗമനം. ബൈക്ക് ഇടതുവശത്തേക്കാണ് മറിഞ്ഞതെങ്കിലും മാത്യുവിന്റെ വലതുവശത്തായിരുന്നു കൂടുതൽ പരിക്ക്. വലതുവശത്തെ പത്ത് വാരിയെല്ലുകൾക്കും തലയോട്ടിയുടെ വലതുഭാഗത്തും പൊട്ടലുണ്ടായി.
തലച്ചോറിനും ശ്വാസകോശത്തിനും ഗുരുതര ക്ഷതവും സംഭവിച്ചിരുന്നു. ഇത് ബന്ധുക്കളിൽ സംശയം സൃഷ്ടിക്കുകയും പൊലീസിനോട് വിശദഅന്വേഷണം ആവശ്യപ്പെടുകയുമായിരുന്നു. തുടർപശോധനയിൽ ബൈക്കിന്റെ ക്രാഷ് ഗാർഡിൽ കറുത്ത പെയിന്റ് കണ്ടെത്തിയതിനെ തുടർന്ന് ഫോറൻസിക് പരിശോധന നടത്തി. ഇതിനിടെ അപകടസ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർ മാത്യുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തയാറായില്ലെന്ന് വിവരവും പൊലീസിന് ലഭിച്ചു.
ഇതോടെ സമീപത്തുള്ള ക്ഷേത്രത്തിലെ സി.സി ടി.വി പരിശോധിച്ചപ്പോൾ ബൈക്കിന്റെ പിന്നാലെ മണലേൽ പള്ളി ഭാഗത്തേക്ക് പോയ ഓട്ടോ അപകടംകഴിഞ്ഞ് അഞ്ച് മിനിറ്റിനുള്ളിൽ തിരിച്ചുപോകുന്നത് കണ്ടു. ഇതോടെ ഈ ഓട്ടോ അന്വേഷിച്ചു കണ്ടെത്തി. ഇതിന്റെ ഉടമസ്ഥനും ഡ്രൈവറുമായ അയ്മനം ലക്ഷംവീട് കോളനിയിൽ പത്തിപ്പറമ്പിൽ ജയകുമാറിനെ (ചാക്കോച്ചി) പൊലീസ് പലവട്ടം വിളിച്ച് ചോദ്യം ചെയ്തിട്ടും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.
ഇതിനിടെ ലഭിച്ച ഫോറൻസിക് പരിശോധനഫലത്തിൽ ഓട്ടോയുടെ പെയിന്റും ബൈക്കിൽനിന്ന് കിട്ടിയ പെയിന്റും ഒന്നാണെന്ന് തെളിഞ്ഞതോടെ ജയകുമാറിനെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യക്ക് അറസ്റ്റ് ചെയ്ത ജയകുമാറിനെ പിന്നീട് ജാമ്യത്തിൽ വിട്ടു. മാത്യുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിൽ രക്ഷിക്കാനാകുമായിരുന്നുവെന്ന് ബന്ധുക്കളും ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.