ഷബ്നയുടെ മരണം; ഭർതൃവീട്ടുകാരുടെ പീഡനം മരണത്തിലേക്ക് നയിച്ചുവെന്ന് കുറ്റപത്രം
text_fieldsവടകര: ഏറാമല കുന്നുമ്മക്കര നെല്ലാച്ചേരിയിലെ തണ്ടാർകണ്ടിയിൽ ഹബീബിന്റെ ഭാര്യ ഷബ്നയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. വടകര ഡിവൈ.എസ്.പി കെ. വിനോദ് കുമാർ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് 78 പേജ് വരുന്ന കുറ്റപത്രം സമർപ്പിച്ചത്. ഭർതൃവീട്ടുകാരുടെ പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
2023 ഡിസംബർ നാലിനാണ് ഷബ്നയെ നെല്ലാച്ചേരിയിലെ ഭർതൃ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കേസിൽ ഭർതൃ മാതാവ് ഇല്ലത്ത് താഴകുനി നബീസ (60), ഭർതൃ സഹോദരി ഓർക്കാട്ടേരി കല്ലേരി അഫ്സത്ത് (44), ഭർത്താവിന്റെ അമ്മാവൻ നെല്ലാച്ചേരി താഴെ പുതിയോട്ടിൽ ഹനീഫ (53), ഭർതൃ പിതാവ് നെല്ലാച്ചേരി ഇല്ലത്ത്താഴെ മുഹമ്മദ് (73) എന്നിവരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ 38 സാക്ഷികളുണ്ട്. സി.സി.ടി.വിയുടെ ഡി.വി.ഡി തെളിവായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഷബ്നക്ക് 120 പവൻ സ്വർണാഭരണം നൽകിയാണ് വിവാഹം നടത്തിയതെന്നും വിവാഹശേഷം ഭർതൃ വീട്ടിൽ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. നിരന്തരം നടക്കുന്ന പീഡനം കണ്ടില്ലെന്ന് നടിക്കുകയാണ് നാലാം പ്രതിയായ ഭർതൃ പിതാവ് മുഹമ്മദ് ചെയ്തത്. ഷബ്ന സ്വന്തം വീട്ടിൽ നിന്നു വീട് മാറേണ്ട ആവശ്യത്തിന് തന്റെ സ്വർണാഭരണം തിരികെ വാങ്ങാൻ വന്ന ദിവസമാണ് ആത്മഹത്യ ചെയ്തത്. ഈ സമയം വീട്ടുകാരുമായുണ്ടായ തർക്കത്തിനിടയിൽ ഒന്നാം പ്രതി ഹനീഫ ഷബ്നയെ മർദിച്ചു. സംഭവം മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിക്കുന്നതിനിടയിൽ ഷബ്നയുടെ മൊബൈൽ ഹനീഫ അടിച്ച് തെറിപ്പിച്ചു. നിരന്തരം ഭർതൃ വീട്ടിൽ പീഡനം ഉണ്ടായിട്ടും അപമാനം ഉണ്ടാകുമെന്നത് കരുതി ഷബ്ന പരമാവധി സഹിക്കുകയായിരുന്നുവെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. തുടക്കത്തിൽ എടച്ചേരി എസ്.ഐ കിരൺ അന്വേഷിച്ച കേസ് പിന്നീട് വടകര ഡിവൈ.എസ്.പി ഹരിപ്രസാദ് ഏറ്റെടുത്തു. ഒടുവിൽ ഡിവൈ.എസ്.പി സജേഷ് വാഴവളപ്പിലാണ് അന്വേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.