സിദ്ധാര്‍ഥന്റെ മരണം; സി.ബി.ഐക്ക് കേസ് സംബന്ധിച്ച രേഖകൾ കൈമാറാൻ വൈകി, ആഭ്യന്തര വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്ഥൻ മരിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷവും സി.ബി.ഐക്ക് കേസ് സംബന്ധിക്കുന്ന രേഖകള്‍ കൈമാറാതിരുന്ന സംഭവത്തില്‍ നടപടിയെടുത്ത് സര്‍ക്കാര്‍.
സി.ബി.ഐ അന്വേഷണത്തിനുള്ള വിജ്ഞാപനം ഈമാസം ഒൻപതിന് ഇറക്കിയിരുന്നു. എന്നാല്‍ പ്രോഫോമ റിപ്പോര്‍ട്ട് അഥവാ കേസിന്റെ മറ്റ് വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിൽ, ആഭ്യന്തര വകുപ്പിലെ എം. സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇതുസംബന്ധിച്ച ഉത്തരവും സര്‍ക്കാര്‍ ഇറക്കി. രേഖകള്‍ കൈമാറാൻ വൈകിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോര്‍ട്ട് തേടിയതിെൻറ തുടർച്ചയായാണ് നടപടി.
ആഭ്യന്തര വകുപ്പിലെ എം. സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ ഓഫീസര്‍ ബിന്ദു, ഓഫീസ് അസിസ്റ്റന്റ് അഞ്ജു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ആഭ്യന്തര വകുപ്പിലെ എം. സെക്ഷനിലുള്ളവരാണ് രേഖകള്‍ കൈമാറേണ്ടത്. ഇതില്‍ വീഴ്ചവരുത്തിയതിനാണ് നടപടി.
ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മുഖ്യമന്ത്രിയുടെ നിർദേശത്തിനു പിന്നാലെ
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർഥി സിദ്ധാർഥൻ മരിച്ച സംഭവത്തില്‍ സി.ബി.ഐക്ക് കേസ് രേഖകള്‍ കൈമാറാതിരുന്ന സംഭവത്തില്‍ ഉദ്യോഗസ്ഥർക്കെതിരായ നടപടി മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം. കേസന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നെന്നാരോപിച്ച് സിദ്ധാർഥന്റെ കുടുംബം ഗവർണറെയും പ്രതിപക്ഷ നേതാവിനെയും കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത് സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. അന്വേഷണം സി.ബി.ഐക്ക് വിട്ട് മാർച്ച് ഒമ്പതിനാണ് വിജ്ഞാപനമിറക്കിയത്. പകർപ്പ് കൊച്ചിയിലെ സി.ബി.ഐ മേഖല ഓഫിസിലേക്ക് അയച്ചത് മാർച്ച് 16നാണെന്ന് ആഭ്യന്തര സെക്രട്ടറിയുടെ അന്വേഷണത്തിൽ കണ്ടെത്തി. പകർപ്പ് ഇ-മെയിൽ വഴി നൽകിയതല്ലാതെ മറ്റ് വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് നല്‍കിയില്ല. സാധാരണ കേസ് സി.ബി.ഐക്ക് വിടുമ്പോൾ അനുബന്ധ രേഖകൾ കൊച്ചി ഓഫിസ് വഴി സി.ബി.ഐ ആസ്ഥാനത്തേക്ക് അയക്കാറുണ്ട്. അനുബന്ധ രേഖകൾ ലഭിക്കാതായതോടെ, എഫ്.ഐ.ആറിന്റെ വിവർത്തനം ചെയ്ത പകർപ്പും മറ്റ് രേഖകളുമാവശ്യപ്പെട്ട് കൊച്ചിയിലെ സി.ബി.ഐ ബ്രാഞ്ച് മേധാവി സംസ്ഥാന പൊലീസ് മേധാവിക്ക് മാർച്ച് 20ന് കത്ത് നൽകി.
അപ്പോഴും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല. ഇതോടെയാണ് റിപ്പോർട്ടുകൾ അയക്കേണ്ട എം സെക്ഷനിലെ മൂന്നുപേരെയും സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി നിർദേശിച്ചത്. രേഖകൾ ഉടൻ നേരിട്ട് കൈമാറണമെന്ന് മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിയോട് നിർദേശിച്ചു. തുടർന്ന്, സ്പെഷൽ സെൽ ഡിവൈ.എസ്.പി എസ്. ശ്രീകാന്തിനെ ചൊവ്വാഴ്ച രാത്രി 7.15നുള്ള വിമാനത്തിൽ ഡൽഹിയിലേക്കയച്ചു. എഫ്.ഐ.ആറിന്റെ മൊഴിമാറ്റവും അന്വേഷണത്തിന്റെ നാൾവഴികളടക്കം രേഖകളും ബുധനാഴ്ച സി.ബി.ഐ ആസ്ഥാനത്തെത്തി ശ്രീകാന്ത് കൈമാറുമെന്ന് ഉന്നതോദ്യോഗസ്ഥർ ‘മാധ്യമ’ത്തോട് പറഞ്ഞു. സി.ബി.ഐ ഡയറക്ടറാണ് അന്വേഷണ വിഷയത്തിൽ തീരുമാനമെടുക്കേണ്ടത്.
വൈകിയാൽ സമരം -വി.ഡി. സതീശൻ
തിരുവനന്തപുരം: സിദ്ധാർഥന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം വൈകിപ്പിക്കുന്നത് തെളിവുകളില്ലാതാക്കുന്നതിനാണെന്ന് സംശയിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സിദ്ധാർഥന്റെ പിതാവുമായി കെ.പി.സി.സി ആസ്ഥാനത്ത് കൂടിക്കാഴ്ചക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 33 വിദ്യാർഥികളുടെ സസ്പെന്ഷൻ പിന്‍വലിച്ചത് സി.പി.എം നേതൃത്വത്തിന്റെ നിർദേശപ്രകാരമാണെന്നും സതീശൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.