സിദ്ധാർഥന്‍റെ മരണം; ഹോസ്റ്റൽ ശുചിമുറിയിൽ സി.ബി.ഐയുടെ ഡമ്മി പരിശോധന നടത്തി
text_fieldsവയനാട്: പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർഥി സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ ഹോസ്റ്റൽ ശുചിമുറിയിൽ സിബിഐയുടെ ഡമ്മി പരിശോധന നടത്തി. ഡി.ഐ.ജി ലൗലി കട്ടിയാറിൻ്റെ നേതൃത്വത്തിലായിരുന്നു ശാസ്ത്രീയ പരിശോധന. ദില്ലിയിൽ നിന്നുള്ള ഫൊറൻസിക് സംഘവും ഹോസ്റ്റലിൽ എത്തിയിരുന്നു.
ഇന്ന് രാവിലെ ഒമ്പതരക്ക് സി.ബി.ഐ സംഘം പൂക്കോട് വെറ്റിനറി കോളജിലെ ആൺകുട്ടികളെ ഹോസ്റ്റലിലെത്തി. സിദ്ധാർഥൻ ക്രൂര മർദനം നേരിട്ട മുറി, ആൾക്കൂട്ട വിചാരണക്ക് ഇരയായ നടുമുറ്റം, തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ ശുചിമുറി എന്നിവിടങ്ങളിലെല്ലാം അന്വേഷണ സംഘം പരിശോധന നടത്തി.ഡി..ഐജി, രണ്ട് എസ് പിമാർ ഉൾപ്പെടുന്ന പത്ത് പേരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ ഒരാഴ്ചയായി വയനാട്ടിലുണ്ട്. സിദ്ധാർഥന്റെ തൂക്കവും ഉയരുവമുള്ള ഡമ്മി എത്തിച്ചായിരുന്നു ശാസ്ത്രീയ പരിശോധന. സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സമയത്ത് ഉള്ളവരെല്ലാം സി.ബി.ഐ ആവശ്യപ്പെട്ടതനുസരിച്ച് എത്തിയിരുന്നു. സിദ്ധാർഥന്റെ അച്ഛന്റെ മൊഴിയെടുപ്പ് കഴിഞ്ഞു. വിദ്യാർഥികളിൽ നിന്നും വിവരം ശേഖരിച്ചിരുന്നു. മൂന്ന് തവണയായി നേരത്തെ സി.ബി.ഐ ക്യാമ്പസിലെത്തി പല പരിശോധനകൾ നടത്തിയിരുന്നു.
കേസ് കൊച്ചിയിലെ സി.ബി.ഐ കോടതിയിലേക്ക് മാറ്റാൻ കൽപ്പറ്റ കോടതിയിൽ അപേക്ഷയും നൽകി. വൈകാതെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതടക്കം നടപടികളിലേക്ക് സി.ബി.ഐ കടക്കും. കൽപ്പറ്റ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സി.ബി.ഐയെ സഹായിക്കാനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.