എടവണ്ണപ്പാറയിലെ വിദ്യാർഥിനിയുടെ മരണം: പ്രതിക്കെതിരെ നിയമപോരാട്ടത്തിന് നാട്ടുകാർ ഒന്നിക്കുന്നു
text_fieldsഎടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറയിൽ പ്ലസ് വൺ വിദ്യാർഥിനിയുടെ മരണത്തിന് കാരണക്കാരനായ പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് വെട്ടത്തൂർ ഗ്രാമത്തിലെ നാട്ടുകാർ ഒന്നിക്കുന്നു. 17കാരിയുടെ ദുരൂഹമരണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനായി വെട്ടത്തൂർ മദ്റസയിൽ ഞായറാഴ്ച നാട്ടുകാരുടെ സംഗമം നടക്കും. വിദ്യാർഥിനിയുടെ മരണം ആത്മഹത്യയാണെന്ന പൊലീസ് റിപ്പോർട്ട് വന്ന സാഹചര്യത്തിലാണ് നാട്ടുകാർ ഒത്തുചേരുന്നത്.
കരാട്ടേയുടെ മറവിൽ വിദ്യാർഥിനി ഏറെ പീഡനത്തിനിരയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. പീഡനവുമായി ബന്ധപ്പെട്ട് കരാട്ടേ അധ്യാപകൻ ഊർക്കടവ് സ്വദേശി സിദ്ദീഖ് അലി പോക്സോ കേസിൽ റിമാൻഡിലാണ്. 17കാരിയുടെ മരണത്തെ തുടർന്ന് കൂടുതൽ വിദ്യാർഥികൾ പരാതിയുമായി രംഗത്തെത്തിയിരുന്നു.
പൊലീസ് അന്വേഷണ നടപടിയുമായി മുന്നോട്ട് പോകുന്നതിനിടെതന്നെയാണ് നാട്ടുകാരുടെ ഒത്തുചേരൽ. പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതു വരെ ശക്തമായ സമരപരിപാടിയുമായി മുന്നോട്ടു പോകാനാണ് ആക്ഷൻ കമ്മിറ്റിയുടെയും നാട്ടുകാരുടെയും തീരുമാനം.
ഫെബ്രുവരി 19ന് വൈകീട്ട് ആറോടെ ചാലിയാറിലെ വാഴക്കാട് മപ്രം മുട്ടുങ്ങൽ കടവിലാണ് പ്ലസ് വൺ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാണാതായ പെൺകുട്ടിക്കു വേണ്ടി നാട്ടുകാരും ബന്ധുക്കളും തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം ലഭിച്ചത്. പുഴയിൽ നിന്ന് വിദ്യാർഥിനിയുടെ മേൽവസ്ത്രവും ഷാളും കണ്ടെടുത്തിരുന്നു. കരാട്ടെ പരിശീലകൻ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും പോക്സോ കേസ് നൽകാനിരിക്കെയാണ് പെൺകുട്ടിയുടെ മരണമെന്നും കാണിച്ച് ബന്ധുക്കൾ വാഴക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.