നീന്തൽകുളത്തിലെ വിദ്യാര്‍ഥിയുടെ മരണം: അന്വേഷണം പ്രഖ്യാപിച്ച് കാലിക്കറ്റ് സര്‍വകലാശാല
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെ സ്വിമ്മിങ് പൂളില്‍ വിദ്യാർഥി മുങ്ങിമരിച്ച സംഭവത്തില്‍ ആഭ്യന്തര അന്വേഷണത്തിന് സര്‍വകലാശാല ഉത്തരവിട്ടു. സുരക്ഷാവീഴ്ചയുണ്ടായെന്ന ആരോപണത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അന്വേഷണത്തിന് നിർദേശം നൽകിയത്.
വിദ്യാർഥികള്‍ അനധികൃതമായി സ്വിമ്മിങ് പൂളില്‍ പ്രവേശിക്കാനുണ്ടായ സാഹചര്യം പരിശോധിക്കുന്നതും സുരക്ഷാവിഭാഗം ഓഫിസര്‍, ഹോസ്റ്റല്‍ വാര്‍ഡന്‍ തുടങ്ങിയ ഉദ്യോഗസ്ഥരോട് വിശദീകരണം തേടുന്നതുമുള്‍പ്പെടെയുള്ള നടപടികളുണ്ടാകും. സഹപാഠികളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും വിവരം ശേഖരിക്കും.
കാമ്പസില്‍ ലോകകപ്പ് ഫുട്‌ബാള്‍ ഫൈനല്‍ മത്സരം വലിയ സ്‌ക്രീന്‍ സജ്ജീകരിച്ച് കാണാൻ ഔദ്യോഗികമായി അനുമതി നല്‍കിയിരുന്നോ എന്നതിലും ഫുട്‌ബാള്‍ മത്സരത്തിന്റെ പേരില്‍ അർധരാത്രിയിലും പുലര്‍ച്ചെയുമെല്ലാം കാമ്പസില്‍ സജീവമാകാൻ തടസ്സങ്ങളില്ലാതിരുന്നതെന്താണെന്നത് സംബന്ധിച്ചും അവ്യക്തത നിലനില്‍ക്കെയാണ് അന്വേഷണം.
കാമ്പസിലെ പ്രധാന സ്ഥലങ്ങളിലൊന്നും സി.സി.ടി.വി കാമറകളില്ലാത്തതിനാല്‍ സ്വിമ്മിങ് പൂളില്‍ എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് തെളിവുകൾ ലഭ്യമായിട്ടില്ല. ഞായറാഴ്ച രാത്രിയില്‍ കാമ്പസില്‍ സംഭവിച്ച മറ്റ് കാര്യങ്ങളെക്കുറിച്ചും ആര്‍ക്കും വ്യക്തമായി ഒന്നും പറയാനാകാത്ത സ്ഥിതിയാണ്. മരിച്ച ഷഹാന്റെ ബന്ധു ഷമീം അക്തര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തിട്ടുണ്ട്.
പുരുഷ ഹോസ്റ്റലിലെ ബാത്ത് ടബ്ബില്‍ മലിനമായ വെള്ളമായതിനാലാണ് സ്വിമ്മിങ് പൂളിൽ കുളിക്കാന്‍ പോകേണ്ടി വന്നതെന്നാണ് ഷഹാന്റെ സുഹൃത്തുക്കളുടെ വിശദീകരണം. ഹോസ്റ്റലിലെ ജലവിതരണ സംവിധാനത്തിലെ തകരാര്‍ കാരണമാണ് ജലം മലിനമായതെന്നും പറയപ്പെടുന്നു. വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രിയപ്പെട്ടവനായ ഷഹാന്‍ കാമ്പസില്‍ എത്തിയിട്ട് രണ്ട് വര്‍ഷമായി.
സഹപാഠിയുടെ ദാരുണ മരണത്തിന്റെ ആഘാതത്തിലാണ് സുഹൃത്തുക്കളും സഹപാഠികളും. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അനുശോചിച്ചു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഡോ. ആന്റണി ജോസഫ്, കോഴ്സ് ഡയറക്ടര്‍ ഡോ. ബിജു മാത്യു, ഹോസ്റ്റല്‍ വാര്‍ഡന്‍ ഡോ. ബിനു രാമചന്ദ്രന്‍ തുടങ്ങിയവര്‍ വിദ്യാര്‍ഥിയുടെ ബന്ധുക്കളെ സന്ദര്‍ശിച്ച് അനുശോചനമറിയിച്ചു.
നടപടി വേണം -എം.എസ്.എഫ്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സ്വിമ്മിങ് പൂളില്‍ പി.ജി വിദ്യാര്‍ഥി മരിക്കാനിടയായ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എം.എസ്.എഫ് വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് നസീഫ് ഷെര്‍ഫ്, ജനറല്‍ സെക്രട്ടറി നിസാം കെ. ചേളാരി എന്നിവര്‍ ആവശ്യപ്പെട്ടു.
മുഴുവന്‍ സമയവും സുരക്ഷ വലയത്തിലുള്ള കാമ്പസില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ദാരുണ സംഭവമുണ്ടായതില്‍ ദുരൂഹതയുണ്ട്. പൂട്ടിയിട്ട പൂളില്‍ വിദ്യാര്‍ഥികള്‍ എത്തിയതിലെ വാസ്തവം പുറത്തുകൊണ്ട് വരണമെന്നും എം.എസ്.എഫ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.