വിനോദസഞ്ചാരത്തിനെത്തിയ തമിഴ്നാട് സ്വദേശിനിയുടെ മരണം: ഫോറന്‍സിക് പരിശോധന നടത്തി
text_fieldsവര്‍ക്കല: വിനോദസഞ്ചാരത്തിനെത്തിയ ദിണ്ടിഗൽ സ്വദേശിയും എയ്റോനോട്ടിക് എൻജിനീയറിങ് വിദ്യാർഥിനിയുമായ ധശ്രിതയുടെ (21) മരണത്തിൽ ഫോറൻസിക്, വിരലടയാള വിദഗ്ധർ പരിശോധന നടത്തി.
ധശ്രിതയും സഹപാഠികളും താമസിച്ചിരുന്ന വര്‍ക്കല ഹെലിപ്പാഡിനടുത്തുള്ള കേരതീരം റിസോര്‍ട്ടിലാണ് പരിശോധന നടന്നത്. കോയമ്പത്തൂര്‍ നെഹ്റു എയ്റോനോട്ടിക് എൻജിനീയറിങ് കോളജ് വിദ്യാർഥിനിയാണ് ധശ്രിത.
നാല് ആണ്‍കുട്ടികളും നാല് പെണ്കുട്ടികളുമുള്പ്പെട്ട സംഘമാണ് ഹെലിപ്പാഡിനടുത്തുള്ള റിസോര്‍ട്ടില്‍ താമസിച്ചിരുന്നത്. എല്ലാവരും നെഹ്റു എയ്റോനോട്ടിക് എൻജിനീയറിങ് കോളജ് വിദ്യാർഥികളാണ്.
തിങ്കളാഴ്ച രാവിലെ ധശ്രിതക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് കൂട്ടുകാര്‍ വര്‍ക്കല എസ്.എൻ മിഷന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്നാണ് അധികൃതര്‍ നല്കുന്ന വിവരം.
വായില്‍നിന്ന് നുരയും പതയും വന്നനിലയിൽ ധശ്രിതയെ കൂട്ടുകാര്‍ ബൈക്കില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും റിസോര്‍ട്ട് ഉടമ ഇടപെട്ട് അദ്ദേഹത്തിെൻറ കാറിലാണ് ആശുപത്രിയിലെത്തിച്ചത്. ധശ്രിതയും ആണ്‍സുഹൃത്തും ഈ മാസം ഇരുപതിനാണ് ഇവിടെ റൂമെടുത്തത്. മറ്റുള്ള ആറുപേര്‍ രണ്ടുദിവസം മുമ്പേ എത്തി റൂമെടുത്ത് താമസിച്ചുവരികയായിരുന്നു.
ധശ്രിതയുടെയും കൂട്ടുകാരുടെയും വീടുകളില്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് രക്ഷാകര്ത്താക്കള് വര്‍ക്കല പൊലീസ് സ്റ്റേഷനിലെത്തി.
എന്നാല്‍, ധശ്രിതയുടെ മാതാപിതാക്കള്‍ക്ക് പകരം അടുത്ത ബന്ധുക്കളാണ് എത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഇടക്ക് ശ്വാസംമുട്ട് വരാറുണ്ടായിരുന്ന ധശ്രിത ഹോമിയോ മരുന്നാണ് കഴിക്കുന്നതത്രെ. അടച്ചിട്ട മുറിയില്‍ കഴിയുന്നത് ധശ്രിതക്ക് ശ്വാസംമുട്ട് ഉണ്ടാക്കാറുണ്ടെന്നും പറയുന്നു. റിസോര്‍ട്ടില്‍ ഇവര്‍ താമസിച്ചിരുന്നത് എ.സി മുറിയിലാണ്.
ഇതൊക്കെയാവാം ശാരീരികാസ്വാസ്ഥ്യം ഉണ്ടാകാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ശാസ്ത്രീയ പരിശോധനകളുടെ ഫലം ലഭിച്ചശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്ന് വർക്കല പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.