അനന്യയുടെ മൃതദേഹം സംസ്കരിച്ചു; തുടർ നടപടി പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം
text_fieldsകൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയിലെ പ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്ത ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിെൻറ (28) മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിൽ പോസ്റ്റ്മോർട്ടം ചെയ്തശേഷം സ്വദേശത്ത് സംസ്കരിച്ചു. കൊല്ലം പെരുമണിലെ ചർച്ച് സെമിത്തേരിയിലാണ് സംസ്കരിച്ചത്.
കളമശ്ശേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിെൻറ പ്രാഥമിക വിവരം പുറത്തുവിടാൻ അധികൃതർ തയാറായിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ കേസിൽ തുടർനടപടികളുണ്ടാവൂവെന്നാണ് പൊലീസ് പറയുന്നത്. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ വിദഗ്ധ സംഘത്തെയാണ് പോസ്റ്റ്മോര്‍ട്ടം സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ നിയോഗിച്ചത്. ഇവര്‍ യോഗം ചേർന്ന് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി കളമശ്ശേരി പൊലീസിന് കൈമാറും.
തൂങ്ങിമരണമെന്നാണ് ഇന്‍ക്വസ്റ്റ് ചെയ്ത പൊലീസ് വിലയിരുത്തുന്നത്. അതിനാൽ ആത്മഹത്യയില്‍ ആരോപണവിധേയനായ, ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്ടറുടെ മൊഴി എടുക്കുന്ന നടപടി മേലുദ്യോഗസ്ഥരുടെ നിർദേശ പ്രകാരമാകും നടത്തുക. ശസ്ത്രക്രിയ നടത്തിയ പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയിൽനിന്ന് ശേഖരിച്ച മെഡിക്കല്‍ റെക്കോഡുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ വ്യക്തത ലഭിക്കൂ. ഇതിന് ശേഷമാകും ഡോക്ടറുടെ മൊഴി എടുക്കുക.
ചൊവ്വാഴ്ച രാത്രിയാണ് അനന്യയെ ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്. 2020 ജൂൺ 14ന് നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയക്ക് പിന്നാലെ പല ശാരീരിക ബുദ്ധിമുട്ടുകളും നേരിടുന്നതായി മരണത്തിന് ദിവസങ്ങൾക്കുമുമ്പ് അനന്യ വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ മരണത്തിനുത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധവും ചർച്ചകളും ശക്തമാവുകയാണ്. തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചകളൊന്നും സംഭവിച്ചില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
ബുധനാഴ്ച റിനൈ മെഡിസിറ്റി ആശുപത്രിക്കുമുന്നിൽ ട്രാൻസ്ജെൻഡർ സമൂഹത്തിെൻറ നേതൃത്വത്തിൽ പ്രതിഷേധം നടന്നിരുന്നു. മരണകാരണം വ്യക്തമാവുംവരെ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. അർജുൻ അശോകൻ പരിശോധനകൾ നിർത്തിവെക്കണമെന്നും അനന്യക്ക് നീതികിട്ടണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതിനിടെ ശസ്ത്രക്രിയയുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രിയിലെത്തിയപ്പോൾ അനന്യക്ക് മർദനം ഏറ്റിരുന്നതായി അച്ഛൻ അലക്സ് മാധ്യമങ്ങളോട് പറഞ്ഞു.
ക്വീറിഥം പ്രസിഡൻറ് പ്രിജിത്ത് പി.കെ, ട്രാൻസ്ജെൻഡർ സെൽ സ്റ്റേറ്റ് പ്രോജക്ട് ഓഫിസർ ശ്യാമ എസ്. പ്രഭ, ട്രാൻസ് ആക്ടിവിസ്റ്റുകളായ നേഹ, രാഗരഞ്ജിനി, ഷെറിൻ ആൻറണി, തൃപ്തി ഷെട്ടി, ശ്രീമയി, ലയ തുടങ്ങിയവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.