ആദിവാസി യുവാവിന്റെ മരണം: അന്വേഷണം തുടങ്ങി
text_fieldsകോഴിക്കോട്: മെഡി. കോളജിന് സമീപം ആദിവാസി യുവാവ് വിശ്വനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ആശുപത്രി ജീവനക്കാരിൽനിന്നും സുരക്ഷാജീവനക്കാരിൽനിന്നും ദൃക്സാക്ഷികളിൽനിന്നും മൊഴി രേഖപ്പെടുത്തി. സി.സി.ടി.വി ദൃശ്യങ്ങളിൽ മർദനത്തിന്റെ ദൃശ്യങ്ങളൊന്നുമില്ല.
പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ മർദനത്തിന്റെ പാടുകൾ ഇല്ലെന്നും തൂങ്ങിമരിച്ചതിന്റെ അടയാളങ്ങളാണ് ഉള്ളതെന്നും അസി. പൊലീസ് കമീഷണർ കെ. സുദർശൻ പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് പറവയൽ സോമന്റെ മകൻ വിശ്വനാഥനെ (46) ശനിയാഴ്ച രാവിലെ 10.30ഓടെയാണ് മാതൃശിശു സംരക്ഷണകേന്ദ്രത്തിന് സമീപം ഒഴിഞ്ഞപറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പ്രസവിച്ചുകിടക്കുന്ന ഭാര്യയെ കാണാനെത്തിയ വിശ്വനാഥനെ വ്യാഴാഴ്ച കാണാതായതിനെ തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിരുന്നു.
ആശുപത്രി പരിസരത്ത് മൊബൈൽ ഫോൺ മോഷണം പോയതുമായി ബന്ധപ്പെട്ട് യുവാവിനെ ആളുകൾ ചോദ്യംചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് ആത്മഹത്യ എന്നാണ് നിഗമനം. ബന്ധുക്കൾ പൊലീസിനും സുരക്ഷാജീവനക്കാർക്കുമെതിരെ പരാതി ഉന്നയിച്ചിരുന്നു. ഫോൺ മോഷണത്തിൽ ആരും പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അതിനിടെ, സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. മെഡിക്കൽ കോളജ് പൊലീസ് അസി. കമീഷണറും മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടും ഒരാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. കേസ് ഫെബ്രുവരി 21ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.