വെറ്ററിനറി സർവകലാശാല വിദ്യാർഥിയുടെ മരണം: 12 പേർക്കെതിരെ കേസെടുത്തു
text_fieldsവൈത്തിരി (വയനാട്): പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ രണ്ടാം വർഷ ബി.വി.എസ്.സി വിദ്യാർഥി ആത്മഹത്യചെയ്ത സംഭവത്തിൽ 12 പേർക്കെതിരെ വൈത്തിരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആന്റി റാഗിങ് സ്‌ക്വാഡിന്റെ ശിപാർശ പ്രകാരം സർവകലാശാല ഡീൻ കോളജിൽനിന്ന് സസ്‌പെൻഡ് ചെയ്ത 12 ബിരുദ വിദ്യാർഥികൾക്കെതിരെയാണ് കേസ്. കേരള റാഗിങ് വിരുദ്ധ നിയമപ്രകാരമാണ് വൈത്തിരി പൊലീസ് കേസെടുത്തത്. പ്രതികളെല്ലാവരും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് നെടുമങ്ങാട് സ്വദേശി സിദ്ധാർഥൻ ഹോസ്റ്റൽ ശുചിമുറിയിൽ തൂങ്ങിമരിച്ചത്. ശാരീരികവും മാനസികവുമായ പീഡനത്തെതുടർന്നാണെന്നു കണ്ടെത്തിയതോടെ, പൊലീസ് ആദ്യം അസ്വാഭാവിക മരണത്തിനും പിന്നീട് റാഗിങ് വിരുദ്ധ നിയമപ്രകാരവും കേസെടുക്കുകയായിരുന്നു.
കോളജിലെ ബിരുദ വിദ്യാർഥികളായ കെ. അഖിൽ (23), ആർ.എസ്. കാശിനാഥൻ (19), അമീൻ അക്ബർ അലി (19), കെ. അരുൺ (19), സിൻജോ ജോൺസൻ (20), എൻ. ആസിഫ് ഖാൻ (20), അമൽ ഇഹ്‌സാൻ (20), ജെ. അജയ് (20), ഇ.കെ. സഊദ് രിസാല (22), എ. അൽത്താഫ് (22), ആദിത്യൻ (22), എം. മുഹമ്മദ് ഡാനിഷ് (22) എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ഇവരിൽ കോളജ് യൂനിയൻ ഭാരവാഹികളും എസ്.എഫ്.ഐ യൂനിറ്റ് ഭാരവാഹികളും ഉൾപ്പെടും. കൽപറ്റ ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ വൈത്തിരി സി.ഐ ടി. ഉത്തംദാസ്, എസ്.ഐമാരായ പ്രശോഭ്, മണി എന്നിവരാണ് കേസന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.