വിശ്വനാഥന്റെ മരണം; ക്രൈംബ്രാഞ്ച് റിപ്പോർട്ട് തള്ളി കുടുംബം
text_fieldsകൽപറ്റ: ആദിവാസി യുവാവ് വിശ്വനാഥന്റെ ദുരൂഹ മരണത്തിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് തള്ളി കുടുംബം. വിശ്വനാഥൻ ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരൻ വിനോദ് പറഞ്ഞു.
ക്രൈംബ്രാഞ്ച് അന്വേഷണ കണ്ടെത്തലിൽ അതൃപ്തിയുണ്ട്. മരണത്തിൽ അസ്വാഭാവികത നിലനിൽക്കുന്നുണ്ട്. അന്വേഷണത്തിൽ തുടക്കത്തിൽ തന്നെ അട്ടിമറിയുണ്ടായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
പ്രസവത്തിന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യയുടെ സഹായത്തിനെത്തിയ വിശ്വനാഥനെ 2023 ഫെബ്രുവരി 11നാണ് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്.
മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം നടത്തിയ വിചാരണയില്‍ മനംനൊന്താണ് വിശ്വനാഥന് ആത്മഹത്യ ചെയ്തതെന്നു കുടുംബാംഗങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും ആരോപിച്ചിരുന്നു.
മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷിച്ച കേസ് കുടുംബം ആവശ്യപ്പെട്ടതനുസരിച്ചാണ് ക്രൈംബ്രാഞ്ചിന് വിട്ടത്. വ്യാഴാഴ്ചയാണ് കേസ് അവസാനിപ്പിച്ച് കോഴിക്കോട് ജില്ല സെഷൻസ് കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്.
വിശ്വനാഥന്റെ മരണത്തിന് ആൾക്കൂട്ട വിചാരണ കാരണമായിട്ടില്ലെന്നാണ് കോടതിയിൽ നൽകിയ റിപ്പോർട്ട്. അന്വേഷണം അവസാനിപ്പിക്കുകയാണെന്നും പരാതിയുണ്ടെങ്കിൽ ഏഴു ദിവസത്തിനകം കോടതിയെ സമീപിക്കാമെന്നും കാണിച്ച് വിശ്വനാഥന്റെ കുടുംബത്തിന് ക്രൈംബ്രാഞ്ച് കത്ത് നൽകിയിരുന്നു.
ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആദിവാസി കോണ്‍ഗ്രസ്
കല്പറ്റ: അഡ്ലൈഡ് പാറവയല്‍ കോളനിയിലെ വിശ്വനാഥനെ കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആദിവാസി കോണ്‍ഗ്രസ് ദേശീയ കോഓഡിനേറ്റര്‍ ഇ.എ. ശങ്കരന് വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിശ്വനാഥന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് കൃത്യമായ അന്വേഷണം നടത്തിയല്ല കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ബാഹ്യ ഇടപെടല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തെ സ്വാധീനിച്ചുവെന്ന് സംശയിക്കണം. മോഷ്ടാവായി ചിത്രീകരിച്ചതും ആള്‍ക്കൂട്ടം വിചാരണ ചെയ്തതുമാണ് വിശ്വനാഥനെ മാനസികമായി തകര്‍ത്തതും ആത്മഹത്യക്കു പ്രേരിപ്പിച്ചതുമെന്നാണ് വീട്ടുകാര്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
തുടർ നിയമനടപടിക്ക് ആക്ഷൻ കൗൺസിൽ
കൽപറ്റ: വിശ്വനാഥന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെതിരെ ആക്ഷൻ കൗൺസിൽ. ക്രൈംബ്രാഞ്ചിന്റെ വിശദ റിപ്പോർട്ട് കിട്ടിയശേഷം തുടർനടപടിയിലേക്ക് കടക്കുമെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ ഡോ. പി.ജി. ഹരി ‘മാധ്യമ’ത്തോട് പറഞ്ഞു.
വിശ്വനാഥനെ ആൾക്കൂട്ടം അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ റിപ്പോർട്ട് മൗനം പാലിക്കുകയാണ്. റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുന്നതിന് കോഴിക്കോട് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ആൾക്കൂട്ട വിചാരണക്കോ അതിക്രമത്തിനോ തെളിവില്ലെന്നു പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കുന്നത് കടുത്ത അനീതിയാണ്. ഭരണകൂടത്തിന്റെ സ്ഥിരം രീതിയാണിതെന്നും പി.ജി. ഹരി പറഞ്ഞു.
ആത്മഹത്യ എന്ന മുൻവിധിയോടെയുള്ള കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസിന്റെ അന്വേഷണ വഴിയിൽ തന്നെയാണ് ക്രൈംബ്രാഞ്ചും സഞ്ചരിച്ചത്. സഹോദരൻ വിനോദ് ഉന്നയിച്ച കാര്യങ്ങളിൽനിന്ന് പ്രഥമദൃഷ്ട്യാ തന്നെ ശരിയെന്നു തോന്നുന്നതുപോലും വേണ്ടവിധം പരിശോധിക്കാതെ ധിറുതിപിടിച്ച് അന്വേഷണം അവസാനിപ്പിച്ച് റിപ്പോട്ട് സമർപ്പിക്കുകയായിരുന്നു. അഭിഭാഷകരുൾപ്പെടെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരും ജനകീയ സംഘടനകളും നടത്തിയ ഒന്നിലധികം അന്വേഷണ റിപ്പോർട്ടുകളിൽ ഒന്നുംതന്നെ, ഇത്തരത്തിൽ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്ന് ഉറപ്പിച്ചു പറയുന്നു. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിൽ വരുത്തിയ വീഴ്ച തുടരന്വേഷണത്തിലും ഉണ്ടായി. നിരാലംബരായ ഒരു കുടുംബത്തെ കൂടുതൽ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത് തീർത്തും മനുഷ്യത്വരഹിതവും ക്രൂരവുമാണെന്ന് വിശ്വനാഥന് നീതി-ഐക്യദാർഢ്യ സമിതി ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.