ഉയരപ്പാത നിർമാണത്തിനിടെ തൊഴിലാളികളുടെ മരണം; നിർമാണക്കമ്പനിയുടെ അശ്രദ്ധ മൂലമെന്ന് ആക്ഷേപം
text_fieldsതുറവൂർ: അരൂർ -തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ അന്തർ സംസ്ഥാന തൊഴിലാളി തൂണിന് മുകളിൽനിന്നു വീണ് മരിച്ചത് നിർമാണ കമ്പനിയുടെ അശ്രദ്ധ മൂലമെന്ന് സംശയം. ബീഹാർ സ്വദേശി മുഹമ്മദ് സാഹിദ് ആലം (28) ആണ് കഴിഞ്ഞദിവസം നിർമാണ ജോലിക്കിടെ മരിച്ചത്. നിർമാണം ആരംഭിച്ചശേഷം ഇതു മൂന്നാമത്തെ മരണമാണ്. അരൂരിലും തുറവൂരിലും ഓരോരുത്തർ മരിച്ചിരുന്നു. ദേശീയപാത അതോറിറ്റിക്ക് അപകടങ്ങളും മരണങ്ങളും ഉണ്ടാവുന്നതിൽ ഒരു ഉത്തരവാദിത്വവുമില്ലാത്തത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. മൃതശരീരം നാട്ടിലെത്തിക്കുമെന്നല്ലാതെ യാതൊരുവിധ നഷ്ടപരിഹാരവും നൽകുന്നില്ലെന്നാണ് കൂടെ ജോലി ചെയ്യുന്നവർ പറയുന്നത്. അതിഥി തൊഴിലാളികളായ 650 ഓളം പേർ ഉയരപ്പാത നിർമാണത്തിന് വേണ്ടി എത്തിയിട്ടുണ്ട്. നിർമാണം ഏറ്റെടുത്ത കമ്പനി എല്ലാ ജോലികളും ഉപ കരാർ നൽകിയിരിക്കുകയാണ്.
നിസ്സാര കൂലിയിൽ ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടാണ് ജോലി ചെയ്യിക്കുന്നത്. ഇവരിൽ അധികവും വിദ്യാഭ്യാസം ഉള്ളവരല്ല. ഉയരങ്ങളിൽ കയറി നിന്ന് ജോലി ചെയ്യുമ്പോൾ സുരക്ഷ സംവിധാനങ്ങളെല്ലാം പാലിക്കണമെന്നാണ് നിബന്ധന. സുരക്ഷ ഉപകരണങ്ങൾ പലതും ഉണ്ടെങ്കിലും സമയത്ത് ഉപയോഗിക്കാറില്ല. ഉപയോഗിക്കാൻ നിർബന്ധിക്കുന്ന ഉത്തരവാദിത്തമുള്ള സൂപ്പർവൈസർമാരെ നിർമാണ സ്ഥലത്ത് കാണാറുമില്ല.
തിങ്കളാഴ്ച ഉണ്ടായ അപകടത്തിലും ക്രെയിൻ ഓപ്പറേറ്ററുടെ അശ്രദ്ധ ഉണ്ടായെന്ന് കൂടെ ജോലി ചെയ്യുന്നവർ പറഞ്ഞു. ഫോണിൽ സംസാരിച്ചുകൊണ്ട് ക്രെയിൻ ഓപ്പറേറ്റ് ചെയ്തതുകൊണ്ടാണ് അപകടം ഉണ്ടായതെന്ന് പറയപ്പെടുന്നു. അപകടം ഉണ്ടായ സമയത്ത് മറ്റു തൊഴിലാളികൾ ക്ഷുഭിതരായി ക്രെയിൻ ഓപ്പറേറ്ററുടെ അടുക്കലേക്ക് എത്തിയതും ട്രെയിനിന്റെ ചില്ലിന് കേടു വരുത്തിയതും അതുകൊണ്ടാണെന്ന് നാട്ടുകാരും പറഞ്ഞു. അപകടത്തെക്കുറിച്ച് പൊലീസ് സമഗ്ര അന്വേഷണം നടത്തണമെന്നാണ് ആവശ്യം. തൊഴിൽ വകുപ്പ് തൊഴിൽ സുരക്ഷ കാര്യങ്ങളിൽ കർശന നിലപാട് സ്വീകരിക്കണമെന്നും അഭിപ്രായമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.