യുവാവിന്‍റെ മരണം: മോക്ഡ്രിൽ നടന്നത് ചളികെട്ടിക്കിടന്ന പ്രദേശത്ത്
text_fieldsമരിച്ച ബിനു സോമൻ
മല്ലപ്പള്ളി: വെണ്ണിക്കുളം പടുതോട് പാലത്തിന് സമീപം മണിമല ആറ്റിൽ ദുരന്ത നിവാരണ അതോറിറ്റി പരിശീലനത്തിനിടെ (മോക് ഡ്രിൽ) നാട്ടുകാരനായ യുവാവ് ചെളിയിലാണ്ടു മരിച്ച സംഭവത്തിൽ ബന്ധപ്പെട്ട അധികൃതർക്ക് ഗുരുതര വീഴ്ചയെന്ന് ആരോപണം ഉയരുന്നു. പരിശീലനത്തിൽ പങ്കെടുത്ത കല്ലൂപ്പാറ തുരുത്തിക്കാട് കാക്കര മണ്ണിൽ വീട്ടിൽ പാലത്തുങ്കൽ ബിനു സോമനാണ് (34) മരിച്ചത്.
വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. മണിമല ആറ്റിൽ പടുതോട് പാലത്തിന് സമീപം ചെളി കെട്ടിക്കിടക്കുന്ന പ്രദേശം പരിശീലനത്തിന് തെരഞ്ഞെടുത്തത് ബന്ധപ്പെട്ടവർക്ക് സംഭവിച്ച വലിയ വീഴ്ചയായി. പ്രളയ ദുരന്ത നിവാരണ പരിശീലനമായിരുന്നു ഇവിടെ നടന്നത്. ബിനു ഉൾപ്പെടെ പ്രളയത്തിൽപ്പെടുന്നവരെ രക്ഷിക്കുകയായിരുന്നു പരിശീലനം ലക്ഷ്യം. അരമണിക്കൂറോളം യുവാവ് വെള്ളത്തിൽ മുങ്ങിയിട്ടും ദുരന്ത നിവാരണ സേന അംഗങ്ങളോ അഗ്നിരക്ഷാ സേന അംഗങ്ങളോ ഉടൻ ചാടി രക്ഷപ്പെടുത്താൻ തയാറായില്ലെന്ന് സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാർ ആരോപിച്ചു.
ഇതിനിടെ അഗ്നി രക്ഷസേനയുടെ സ്‌കൂബ സംഘമാണ് യുവാവിനെ കണ്ടെത്തി കരക്കെത്തിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടതായി ഡ്യൂട്ടി ഡോക്ടർ അറിയിച്ചെന്നും എന്നാൽ, റവന്യൂവകുപ്പിലെ ഉന്നതർ ഇടപ്പെട്ട് വെന്‍റിലേറ്ററിലേക്ക് മാറ്റി മസ്തിഷ്ക മരണമാക്കി മാറ്റിയെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ബിനുവിെൻറ ആരോഗ്യനില അന്വേഷിച്ച ബന്ധുക്കളോടും മറ്റും മരുന്നുകളോട് പ്രതികരിച്ചെന്നും മറ്റും അറിയിക്കുകയായിരുന്നു.
പടുതോട് സംഘടിപ്പിച്ച മോക് ഡ്രില്ലില്‍ നീന്തലറിയാവുന്ന നാട്ടുകാരുടെ സഹായം സംഘാടകര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ബിനുവും മറ്റ് മൂന്ന് പേരും മോക് ഡ്രില്ലിനായി പുഴയിലിറങ്ങിയത്. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് സംസ്ഥാനത്തെ 70 താലൂക്കുകളില്‍ മോക് ഡ്രില്ലുകള്‍ നടത്തുന്നത്. പ്രളയ-ഉരുള്‍പൊട്ടല്‍ തയാറെടുപ്പുകള്‍ വിലയിരുത്താൻ സാങ്കല്‍പിക അപകട സാഹചര്യം സൃഷ്ടിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.