യുവമോർച്ച നേതാവിന്റെയും പിതാവിന്റെയും ദുരൂഹ മരണം; മാതാവിനും ബന്ധുക്കൾക്കുമെതിരെ കേസ്
text_fieldsകുമ്പള: യുവമോര്‍ച്ച നേതാവ് മരിച്ചതിനു പിന്നാലെ പിതാവ് കടലില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ മാതാവും സഹോദരനുമടക്കം നാലുപേര്‍ക്കെതിരെ ഉള്ളാള്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുമ്പള ബംബ്രാണ കല്‍ക്കുള മൂസ ക്വാര്‍ട്ടേഴ്‌സിലെ ലോകനാഥൻ (52), മകനും യുവമോര്‍ച്ച കുമ്പള മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ രാജേഷ് ബംബ്രാണ (30) എന്നിവരാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്.
കഴിഞ്ഞ മാസം 10ന് കാണാതായ രാജേഷിനെ 12ന് ഉള്ളാള്‍ ബങ്കരക്കടലില്‍ മരിച്ച നിലയിലാണ് കാണപ്പെട്ടത്. ലോകനാഥനെ രണ്ടു ദിവസം മുമ്പാണ് ഉള്ളാൾ സോമേശ്വരം കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തിൽ ലോകനാഥയുടെ ഭാര്യ പ്രഭാവതി (49) മകന്‍ ശുഭം (25), പ്രഭാവതിയുടെ സഹോദരി ബണ്ട്വാള്‍ മുണ്ടപ്പദവ് നരിങ്കാനയിലെ ബേബി എന്ന ഭാരതി (38), ബംബ്രാണ ആരിക്കാടി പള്ളത്തെ സന്ദീപ് (37) എന്നിവര്‍ക്കെതിരെ ഉള്ളാള്‍ പൊലീസ് കേസെടുത്തു. ലോകനാഥന്റെ സഹോദരനും തൊക്കോട്ട് മഞ്ചിലയില്‍ താമസക്കാരനുമായ സുധാകരന്‍ നല്‍കിയ പരാതി പ്രകാരമാണ് കേസ്. ഇവരുടെ പ്രേരണയിലാണ് ലോകനാഥൻ ജീവനൊടുക്കിയതെന്ന് സുധാകരന്‍ പൊലീസിനു മൊഴി നല്‍കി. ഇതു സംബന്ധിച്ച ശബ്‌ദസന്ദേശം പ്രചരിക്കുന്നുണ്ടെന്നും മൊഴിയില്‍ വ്യക്തമാക്കി.
മകന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും ലോകനാഥൻ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയും ചെയ്‌തിരുന്നു. തുടർന്ന് മൊഴി നല്‍കാന്‍ പൊലീസ് വിളിപ്പിച്ച ദിവസമാണ് ലോകനാഥനെ കടലില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. മരിക്കുന്നതിനു മുമ്പ് മരണത്തിനു ഉത്തരവാദികളെന്നു ചൂണ്ടിക്കാട്ടുന്ന ശബ്‌ദസന്ദേശങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.