സന്യാസിനി വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹതകളേറെ
text_fieldsതിരുവല്ല: സന്യാസിനി വിദ്യാർഥിനിയെ കന്യാസ്ത്രി മഠേത്താട് ചേർന്ന കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകളേറെ. മഠത്തിന് ഒരു കി.മീ. മാത്രം അകലെയുള്ള സർക്കാർ ആശുപത്രിയിൽ എത്തിക്കാതെ സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയതും പൊലീസിൽ വിവരമറിയിക്കാനെടുത്ത കാലതാമസവുമാണ് സംശയങ്ങൾ ബലപ്പെടാൻ കാരണം.
മലങ്കര കത്തോലിക്ക സഭയുടെ അധീനതയിലുള്ള പാലിയേക്കര ബസിലിയൻ സിസ്റ്റേഴ്സ് മഠത്തിലെ അഞ്ചാംവർഷ വിദ്യാർഥിനി ദിവ്യ പി. ജോൺ മരിച്ച സംഭവത്തിലാണ് അവ്യക്തതകൾ നിലനിൽക്കുന്നത്. മഠത്തിലെ പതിവ് പ്രാർഥന ചടങ്ങുകൾക്കുശേഷം പഠനക്ലാസ് നടക്കവേ മുറിവിട്ടിറങ്ങിയ ദിവ്യ കെട്ടിടത്തിനോട് ചേർന്നുള്ള മുപ്പതടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് മറ്റ് കന്യാസ്ത്രീകളുടെ മൊഴി.
രാവിലെ പതിനൊന്നേകാലോടെ ഇരുമ്പ് മേൽമൂടിയുടെ ഒരുഭാഗം തുറന്ന് കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷിയായ സിസ്റ്ററുടെ മൊഴി. മദർ സുപ്പീരിയർ സിസ്റ്റർ ജോൺസിയാണ് 11.45ഓടെ പൊലീസിൽ വിവരമറിയിച്ചത്. 12 മണിയോടെ അഗ്നിരക്ഷ സംഘമെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. അഗ്നിരക്ഷ സേന എത്തുംമുമ്പ് ആംബുലൻസ് മഠത്തിൽ എത്തിയിരുന്നു. സംഭവമറിഞ്ഞ് എത്തുമ്പോൾ ഇരുമ്പ് മേൽമൂടി നാല് മീറ്ററോളം ദൂരെ മാറിക്കിടക്കുകയായിരുന്നുവെന്നും പത്തടിയോളം താഴ്ചയിൽ മുങ്ങിക്കിടന്നിരുന്ന ദിവ്യയുടെ ശരീരം വല ഉപയോഗിച്ച് മുകളിൽ എത്തിക്കുകയായിരുന്നുവെന്നുമാണ് അഗ്നിരക്ഷ സേന തിരുവല്ല സ്റ്റേഷൻ ഓഫിസർ പറഞ്ഞത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ സംഭവം സംബന്ധിച്ച് വ്യക്തത വരുത്താനാകൂവെന്ന് തിരുവല്ല സി.ഐ പി.എസ്. വിനോദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.