പഴയിടം ഇരട്ടക്കൊല കേസിൽ പ്രതി അരുണിന് വധശിക്ഷ
text_fieldsകോട്ടയം: പഴയിടത്ത് ദമ്പതികളെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. പഴയിടം ചൂരപ്പാടി അരുൺ ശശിക്കാണ് (39) കോട്ടയം അഡീഷനൽ സെഷൻസ് കോടതി-രണ്ട് വധശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപയും പ്രതി പിഴ അടക്കണമെന്ന് ജഡ്ജി ജെ. നാസർ വിധിച്ചു. സംരക്ഷിക്കേണ്ട ആളെ തന്നെ പ്രതിയായ അരുൺ കൊലപ്പെടുത്തിയെന്ന് കോടതി നിരീക്ഷിച്ചു.
2013 ആഗസ്റ്റ് 28ന് രാത്രിയാണ് മനഃസാക്ഷിയെ നടുക്കിയ കൊലപാതകം നടക്കുന്നത്. ചിറക്കടവ് പഴയിടത്ത് റിട്ട. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ട് പഴയിടം തിമ്പനാൽ എൻ. ഭാസ്കരൻ നായർ (75), ഭാര്യ റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥ തങ്കമ്മ (69) എന്നിവരെയാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തങ്കമ്മയുടെ സഹോദരപുത്രൻ അരുണാണ് കൊലപാതകം നടത്തിയതെന്നും കാർ വാങ്ങാൻ പണം കണ്ടെത്താനാണ് പ്രതി കൊലപാതകം നടത്തിയതെന്നും പിന്നീട് പൊലീസ് കണ്ടെത്തി.
കൊലപാതകത്തിന് പിന്നിൽ തങ്കമ്മയുടെ സഹോദരപുത്രനായ അരുൺ ശശിയാണെന്ന് ആരും സംശയിച്ചിരുന്നില്ല. അന്ന് കൊലപാതകം നടന്ന വീട്ടിലും പരിസരത്തുമെല്ലാം തെളിവെടുപ്പിനും മറ്റും പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കാൻ മുന്നോട്ടുവന്നത് അരുൺ ശശിയായിരുന്നു. ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് അന്വേഷണം ഊർജിതമാക്കണമെന്ന ആവശ്യവുമായി മുന്നിൽനിന്നതും അരുൺ തന്നെ. പിന്നീട് ഒരു മാസത്തിന് ശേഷം കോട്ടയത്ത് വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ച കേസിൽ അരുൺ ശശി പിടിയിലായതോടെയാണ് പഴയിടം ഇരട്ടക്കൊലപാതക കേസിൽ വഴിത്തിരിവ് ഉണ്ടായത്.
അരുൺ ആദ്യം പലവഴികളിലൂടെ സംശയങ്ങളെല്ലാം ദമ്പതികളുടെ പെൺമക്കളുടെ ഭർത്താക്കന്മാരിലേക്ക് തിരിച്ചുവിടാൻ ശ്രമിച്ചു. അവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചൊക്കെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതിലും അയാൾ വിജയിച്ചു. ആദ്യം പൊലീസും ആ വഴി അന്വേഷണം നടത്തിയിരുന്നു. ഡോഗ് സ്ക്വാഡ് അന്വേഷണത്തിലും കാര്യമായ തെളിവൊന്നും കിട്ടാതിരുന്നതിനാൽ അരുണിനെ സംശയിച്ചതുമില്ല.
കൊലപാതക ശേഷം മുറികളിലാകെ മുളകുപൊടിയും മഞ്ഞൾപ്പൊടിയും വിതറി തെളിവുകൾ നശിപ്പിച്ചിരുന്നു. പൊലീസ് നായ് വീടിനുള്ളിൽ നിന്ന് മണംപിടിച്ച് തൊട്ടടുത്ത കവലവരെ ഓടിയെങ്കിലും പ്രതിയെ പിടികൂടാനുള്ള സൂചനകളൊന്നും ലഭിച്ചിരുന്നില്ല. എറണാകുളം റേഞ്ച് ഐ.ജിയായിരുന്ന പത്മകുമാറിന്‍റെ മേൽനോട്ടത്തിലാണ് കേസ് അന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.