വധശിക്ഷാ വിധി: പിഞ്ചുകുഞ്ഞ് രണ്ടാനച്ഛനിൽനിന്ന് നേരിട്ടത് സമാനതകളില്ലാത്ത പീഡനം
text_fieldsപത്തനംതിട്ട: കുമ്പഴയിൽ തമിഴ്നാട് സ്വദേശിനിയായ ബാലിക രണ്ടാനച്ഛനിൽനിന്ന് നേരിട്ടത് സമാനതകളില്ലാത്ത പീഡനം. 2021 ഏപ്രിൽ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് മൂന്നു മണിയോടെ മാതാവും അയൽവാസിയായ സ്ത്രീയും ചേർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച കുട്ടിയെ ഡോക്ടർ പരിശോധിച്ചപ്പോൾ മരണം സംഭവിച്ചിരുന്നു. രാത്രിയിൽതന്നെ പരിസര പ്രദേശത്തുനിന്ന് പിടിയിലായ പ്രതി തമിഴ്നാട് വിരുതുനഗർ സ്വദേശി അലക്സ് പാണ്ഡ്യൻ കൈവിലങ്ങുമായി കടന്നുകളഞ്ഞു. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ കുമ്പഴ തുണ്ടുമൺ കരയിൽനിന്ന് പുലർച്ചെ ആറോടെ പിടിയിലാകുകയായിരുന്നു. വിചാരണക്കിടെ ഒരുതവണ പ്രതി കോടതിവളപ്പിൽ ആത്മഹത്യക്കും ശ്രമിച്ചിരുന്നു.
തമിഴ്നാട് രാജപാളയം സ്വദേശികളായ അലക്സ് പാണ്ഡ്യനും രണ്ട് കുട്ടികളുടെ മാതാവായ കാമുകിയും തൊഴിൽതേടി കുമ്പഴയിലെത്തിയതാണ്. ഇവിടെ വാടകവീട്ടിൽ താമസമായ ശേഷമാണ് കാമുകിയുടെ മൂത്തകുട്ടിയെയും കൊണ്ടുവന്നത്. കുട്ടിയെ ഒഴിവാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. കുട്ടിയുടെ ശരീരത്തിൽ 67 മുറിവ് ഉണ്ടായിരുന്നു. ഇവ കത്തികൊണ്ട് വരഞ്ഞതും തവി കൊണ്ട് കുത്തിയതും അടിച്ചതും കാരണമായി സംഭവിച്ചതാണെന്ന് തെളിഞ്ഞു.
കുട്ടി മാരകമായ ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം പരിശോധനക്കുശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരും പൊലീസിനെ അറിയിച്ചു. തല പിടിച്ച് ഭിത്തിയിൽ ഇടിച്ചതുകാരണം തലയുടെ പിന്നിൽ ഗുരുതര പരിക്കുകളുമുണ്ടായി. മുഖത്തും നാഭിക്കും തൊഴിച്ചു.
കൂടുതൽ അന്വേഷണത്തിൽ കുട്ടിയെ ലഹരിക്കടിമയായ പ്രതി തമിഴ്നാട്ടിൽവെച്ചും കൊലപ്പെടുത്താൻ ശ്രമിച്ചതായി പൊലീസ് സംഘം കണ്ടെത്തി. അന്ന് തിരുെനൽവേലി മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്താണ് കുട്ടിയെ കുമ്പഴയിലേക്ക് കൊണ്ടുവന്നത്. വിചാരണസമയത്ത് എല്ലാ സാക്ഷികളും കൃത്യമായ മൊഴികൾ നൽകിയതും സാഹചര്യത്തെളിവുകളും പ്രോസിക്യൂഷന് സഹായകമായി. ഡി.എൻ.എ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന് ബലമേകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.