ജിഫ്രി തങ്ങൾക്ക് വധഭീഷണി; ആരോപണ പ്രത്യാരോപണങ്ങളുമായി എസ്.കെ.എസ്.എസ്.എഫും ഡി.വൈ.എഫ്.ഐയും
text_fieldsസമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഫോണിൽ വിളിച്ചും സമൂഹമാധ്യങ്ങളിലൂടെയും അപകീർത്തിപ്പെടുത്തുന്നത് നോക്കിനിൽക്കാനാവില്ലെന്ന് എസ്.കെ.എസ്.എസ്.എഫ്. സാമുദായിക വിഷയങ്ങളിൽ സത്യസന്ധമായി ഇടപെടുന്നവർക്കെതിരെ വിദ്വേഷ പ്രചാരണവും ഭീഷണിയും ഉയർത്തുന്നത് സമുദായം തിരിച്ചറിയണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
സമസ്തയും കീഴ്ഘടകങ്ങളും ഓരോ വിഷയങ്ങളിലും ഒറ്റക്കെട്ടായി എടുക്കുന്ന നയപരിപാടികളും തീരുമാനങ്ങളും അനുസരിച്ചും അംഗീകിച്ചുമാണ് പ്രവർത്തകർ മുന്നോട്ട് പോവുന്നത്. അതിൽ അനാവശ്യ വിവാദമുണ്ടാക്കി സമൂഹ മാധ്യമങ്ങളെ ദുരുപയോഗം ചെയ്ത് സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു തനിക്ക് വധഭീഷണി ഉണ്ടെന്ന് ജിഫ്രി തങ്ങളുടെ വെളിപ്പെടുത്തൽ. ചെമ്പരിക്ക ഖാസിയുടെ ഗതിയുണ്ടാവുമെന്നായിരുന്നു ഭീഷണി. ചെമ്പരിക്ക ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവിയെ ദുരൂഹസാഹചര്യത്തിൽ കടപ്പുറത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
അതേസമയം, ജിഫ്രി തങ്ങൾക്കെതിരായ ഭീഷണിക്ക് പിന്നിൽ ലീഗാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. തങ്ങൾക്ക് ആവശ്യമെങ്കിൽ പൊലീസ് സുരക്ഷ ഏർപ്പാടാക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാനും വ്യക്തമാക്കിയിരുന്നു.
തങ്ങളുടെ വെളിപ്പെടുത്തൽ ഗൗരവതരമെന്ന് ഡി.വൈ.എഫ്.ഐ പ്രസ്താവിച്ചു. മുത്തുക്കോയ തങ്ങൾക്ക് എതിരെയുള്ള വധഭീഷണിക്ക് പിന്നില്‍ മുസ്ലിംലീഗാണെന്നും രാഷ്ട്രീയ വിഷയങ്ങൾക്ക് അപ്പുറത്ത് മതരാഷ്ട്രത്തിനായി പ്രവർത്തിക്കുന്നവർ ലീഗിൽ കൂടിവരുന്നുണ്ടെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു. ലീഗ് നേതൃത്വത്തിന്‍റെ അറിവോടെയാണ് വധഭീഷണി. വധഭീഷണിയെ ഡി.വൈ.എഫ്.ഐ അപലപിക്കുന്നു. ലീഗ് നടത്തുന്ന വർഗീയ നീക്കം കേരളം ജാഗ്രതയോടെ കാണണമെന്നും സനോജ് കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.