പുറത്തൂരിലെ തോണി അപകടം: മരണം നാലായി
text_fieldsതിരൂർ: പുറത്തൂർ നമ്പ്രംകടവിൽ തോണി മറിഞ്ഞ് അപകടത്തിൽപെട്ട സംഘത്തിലെ കാണാതായ രണ്ടുപേരുടെ മൃതദേഹംകൂടി കണ്ടെടുത്തു. പുതുപ്പള്ളി നമ്പ്രം സ്വദേശികളായ കുയ്യിനിപ്പറമ്പിൽ അബൂബക്കർ (55), ഇട്ടികപ്പറമ്പിൽ സലാം (54) എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച കണ്ടെടുത്തത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.
ശനിയാഴ്ച വൈകീട്ടോടെ തുടങ്ങിയ തിരച്ചിൽ ഞായറാഴ്ച പുലർച്ച വരെ തുടർന്നെങ്കിലും ഇവരെ കണ്ടെത്താനാവാത്തതോടെ നിർത്തുകയായിരുന്നു. ഞായറാഴ്ച രാവിലെ ആറിന് പുനരാരംഭിച്ച തിരച്ചിലിനിടെ രാവിലെ 7.30ഓടെ അപകടം നടന്ന സ്ഥലത്ത് പൊങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പുറത്തൂർ പുതുപ്പള്ളി ഈന്തുംകാട്ടിൽ പരേതനായ ഹംസയുടെ ഭാര്യ റുഖിയ (65), വിളക്കത്തറ പരേതനായ മുഹമ്മദിന്റെ ഭാര്യ സൈനബ (54) എന്നിവരുടെ മൃതദേഹങ്ങൾ ശനിയാഴ്ചതന്നെ കണ്ടെത്തിയിരുന്നു. ഇരുവരും സഹോദരിമാരാണ്. കക്ക വാരാൻ പോയ ബന്ധുക്കൾ ഉൾപ്പെടെയുള്ള ആറംഗ സംഘമാണ് ശനിയാഴ്ച വൈകീട്ടോടെ അപകടത്തിൽപെട്ടത്. അപകടത്തിൽപെട്ടവരുടെ നിലവിളി കേട്ട് ഓടിയെത്തിയവർ മരിച്ച റുഖിയ, സൈനബ എന്നിവരുൾെപ്പടെ നാലുസ്ത്രീകളെ ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവരിൽ കുറുങ്ങാട്ടിൽ ബീപാത്തു (60), മകൾ റസിയ (42) എന്നിവർ ചികിത്സയിലുണ്ട്. ഇവർ അപകടനില തരണം ചെയ്തുവരുകയാണ്.
മറിയുമ്മയാണ് മരിച്ച അബൂബക്കറിന്റെ ഭാര്യ. മക്കൾ: ഷാഹുൽ ഹമീദ്, അഷ്റഫ്, തസ്ലീമ. മരുമകൻ: സമദ് ആലത്തിയൂർ.
ആയിഷയാണ് അബ്ദുൽ സലാമിന്റെ ഭാര്യ. മക്കൾ: സിദ്ദീഖ്, സക്കീർ, സമീർ. മരുമക്കൾ: റുമൈസ, മുഹ്സിന. നാലുപേരുടെയും മൃതദേഹം തിരൂർ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം മറവുചെയ്തു. റുഖിയയെയും സലാമിനെയും പുറത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിലും സൈനബയെയും അബൂബക്കറിനെയും പുതുപ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിലുമാണ് ഖബറടക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.