കടക്കെണി ബജറ്റിന് വെല്ലുവിളി; തിരിച്ചടവിന് 27,666 കോടി
text_fieldsതിരുവനന്തപുരം: പെരുകുന്ന പലിശ ബാധ്യത സംസ്ഥാന ബജറ്റ് നേരിടുന്ന വലിയ വെല്ലുവിളി. കാൽ ലക്ഷം കോടി രൂപയാണ് ഈ വർഷം പലിശക്കും കടം തിരിച്ചടവിനും വേണ്ടിവന്നതെങ്കിൽ അടുത്ത വർഷം 27,666 കോടിയാകുമെന്നാണ് കണക്ക്. കുതിച്ചുയരുന്ന പലിശ ബാധ്യത പുതിയ വികസന പ്രവർത്തനങ്ങൾക്കും തിരിച്ചടിയാണ്. ശമ്പളം, പെൻഷൻ വിതരണം സുഗമമാക്കാൻ പോലും മാസം 1500 കോടി രൂപയിലേറെ കടം വാങ്ങേണ്ട സ്ഥിതിയിലാണ് സർക്കാർ. സമ്പദ്വ്യവസ്ഥയിൽ പലിശ ബാധ്യത വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്.
വരും വർഷങ്ങളിലെല്ലാം കടം തിരിച്ചടവിന് കുടുതൽ പണം നീക്കിവെക്കേണ്ടിവരും. ഇതിനും കടം വാങ്ങുകയേ മാർഗമുള്ളൂ. സി.എ.ജിയുടെ അവസാനം പുറത്തുവന്ന കണക്ക് പ്രകാരം 42 ശതമാനം കടം അഞ്ചുവർഷത്തിനുള്ളിൽ തിരിച്ചടക്കണം. 60 ശതമാനം ഏഴു വർഷത്തിനകവും. ആറു വർഷം കൊണ്ട് 113334.87 കോടി രൂപയുടെ കടമാണ് തിരിച്ചടക്കേണ്ടത്. രണ്ടു വർഷത്തിനകം തിരിച്ചടക്കേണ്ടത് 35979.56 കോടി രൂപയാണ്. മൂന്നു മുതൽ അഞ്ചു വർഷം വരെ 37659.26 കോടിയും അഞ്ചു മുതൽ ആറു വർഷം വർഷത്തിനകം 37986 കോടിയും അതിനു മുകളിൽ ലക്ഷം കോടിയോളം വരും.
ശമ്പളം, പെൻഷൻ, പലിശ എന്നിവക്ക് കഴിഞ്ഞ വർഷം 84883 കോടിയാണ് വേണ്ടിവന്നത്. ഈ വർഷം അത് 94950 കോടിയാകും. അടുത്ത സാമ്പത്തിക വർഷം ഈ മൂന്നു ചെലവുകൾ ലക്ഷം കോടി (104354.34) കടക്കും. ഇതോടെ, സംസ്ഥാനത്തെ മൊത്തം കടഭാരം 3,90,500.60 കോടിയായും ഉയരും. മധ്യകാല സാമ്പത്തിക അവലോകന പ്രതീക്ഷയിൽ അടുത്ത വർഷത്തെ വരുമാനം 1,58,813. 40 കോടിയാണ്. ചെലവാകട്ടെ 1,74,398.81 കോടി രൂപയും. 15,585. 41 കോടിയുടെ റവന്യൂ കമ്മിയും 32,140 കോടിയുടെ ധനകമ്മിയുമാണ് കണക്കാക്കുന്നത്.
ജി.എസ്.ടി വകുപ്പ് പുനഃസംഘടിപ്പിച്ചതോടെ നികുതി പിരിവ് ശക്തിപ്പെടുത്തി വരുമാനം വർധിപ്പിക്കുമെന്ന് ധനവകുപ്പ് പറയുന്നു. പരിഷ്കരണങ്ങളിലൂടെ നികുതിയേതര വരുമാനം വർധിപ്പിക്കാനും നടപടി വരും. നിലവിലെ സ്ഥിതിയിൽ റവന്യൂ-ധനകമ്മികൾ കുറച്ചുകൊണ്ടുവരിക അത്ര എളുപ്പമാകില്ല.
സംസ്ഥാന കടത്തിന്‍റെ സുസ്ഥിരതയിൽ കടുത്ത ആശങ്കയാണ് സി.എ.ജി പ്രകടിപ്പിക്കുന്നത്. ജി.എസ്.ഡി.പിയും കടവും തമ്മിലുള്ള അനുപാതം 26.31 ശതമാനമാണ്. കുറെ നാളുകളായി ഇത് വർധിച്ചുവരികയാണ്. കടമെടുക്കുന്ന പണം നിലവിലെ ആവശ്യങ്ങൾക്കും കടങ്ങളുടെ പലിശ തിരിച്ചടവുമടക്കം റവന്യൂ ചെലവുകൾക്കാണ് വിനിയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.