കൃഷിനാശത്തെ തുടർന്ന് കടബാധ്യത, നെൽക്കർഷകൻ ആത്മഹത്യ ചെയ്തു
text_fieldsതിരുവല്ല: കൃഷി നാശത്തെ തുടർന്നുള്ള കടബാധ്യതയിൽ നിരണത്ത് നെൽക്കർഷകൻ ആത്മഹത്യ ചെയ്തു. നിരണം വടക്കുംഭാഗം കാണാത്ര പറമ്പ് വീട്ടിൽ രാജീവ് (49) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ രാജീവ് പാട്ടത്തിന് എടുത്ത് കൃഷി നടത്തുന്ന നെൽപ്പാടത്തിന്റെ കരയിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
രാജീവ് കൃഷി ആവശ്യങ്ങൾക്ക് ബാങ്കിൽ നിന്നും വായ്‌പ എടുത്തിരുന്നു. കൃഷി ആവശ്യത്തിനായി നിരണം ഇന്ത്യൻ ബാങ്ക്, തിരുവല്ല കാർഷിക വികസന ബാങ്ക്, പുരുഷ സ്വയംസഹായ സംഘം എന്നിവിടങ്ങളിൽ നിന്ന് വായ്പയെടുത്തിരുന്നു. അയൽക്കൂട്ടത്തിൽ നിന്ന് അഞ്ചു രൂപ പലിശക്കെടുത്തതിൽ 40,000 രൂപ അടക്കേണ്ടിയിരുന്നത് ഞായറാഴ്ചയായിരുന്നു.
ഇത്തവണ വേനൽമഴയിൽ എട്ട് ഏക്കറിലെ നെൽ കൃഷി നശിച്ചു. കനത്ത മഴയിൽ കൊയ്‌തെടുക്കൽ പറ്റാതെയായപ്പോൾ വായ്പ അടക്കുന്നത് മുടങ്ങി. കഴിഞ്ഞ വർഷവും വേനൽ മഴയിൽ രാജീവിന് വലിയ കൃഷി നാശം സംഭവിച്ചിരുന്നു. സർക്കാർ നാമമാത്ര തുകയാണ് നഷ്ടപരിഹാരം നൽകിയത്.
ഇതിനെതിരെ 10 കർഷകർ ഹൈകോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തിരുന്നു. ഇതിലെ ഒരു ഹരജിക്കാരനായിരുന്നു രാജീവ്. ബാധ്യതകൾ എല്ലാം കൂടിയായതോടെയാണ് ജീവനൊടുക്കിയതെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.