കടബാധ്യത; വയനാട്ടിൽ യുവ കർഷകൻ ജീവനൊടുക്കി
text_fieldsകൽപറ്റ: കടബാധ്യതയെ തുടർന്ന് വയനാട്ടിൽ യുവ കര്‍ഷകൻ ആത്മഹത്യ ചെയ്തു. തിരുനെല്ലി പഞ്ചായത്ത് കോട്ടിയൂരിലെ കെ.വി. രാജേഷാണ് (35) ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാത്രി വീട്ടിൽനിന്നു ഇറങ്ങിപ്പോയ രാജേഷിനെ വീട്ടുകാരും ബന്ധുക്കളും അന്വേഷിച്ചെങ്കിലും കണ്ടെത്തിയിരുന്നില്ല.
ബുധനാഴ്ച രാവിലെ കോട്ടിയൂർ ബസ് സ്റ്റോപ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൃഷി ആവശ്യത്തിനായി ബാങ്കുകളില്‍ നിന്നും അയല്‍കൂട്ടങ്ങളില്‍ നിന്നും സ്വകാര്യ വ്യക്തിയിൽ നിന്നും വായ്പ വാങ്ങിയിരുന്നു. എന്നാൽ, കൃഷി നാശിച്ചതോടെ ഭീമമായ തുക നഷ്ടം വന്നു. സ്വന്തം പേരിലുള്ള സ്ഥലത്തിന്‍റെ രേഖ പണയം വെച്ച് കേരള ബാങ്കിൽ നിന്നു 90,000 രൂപയും സ്വർണം പണയം വെച്ച് 60,000 രൂപയും വായ്പ എടുത്താണ് കൃഷി നടത്തിയത്.
കഴിഞ്ഞ വർഷം വാഴ കൃഷി ചെയ്തെങ്കിലും കാട്ടാനകൂട്ടം പതിവായി കൃഷി നശിപ്പിച്ചതോടെ രാജേഷിന് വൻ സാമ്പത്തിക നഷ്ടമുണ്ടായി. നഷ്ടം നികത്താനായി ഈ വർഷം വളരെ പ്രതിക്ഷയോടെ നെൽകൃഷി ചെയ്തെങ്കിലും അതുംകാട്ടാന നശിപ്പിച്ചു. ഇതോടെ വൻ കടബാധ്യതയിലായ രാജേഷ് വളരെ നിരാശയിലായിരുന്നു. ഒരു ഏക്കർ വയലിലും അര ഏക്കർ കരഭൂമിയിലും കൃഷി ചെയ്ത് ലഭിക്കുന്ന വരുമാനം കൊണ്ടായിരുന്നു കുടുബം കഴിഞ്ഞിരുന്നത്.
കൃഷി നാശം സംഭവിച്ചിട്ടും വനം വകുപ്പോ, കൃഷി വകുപ്പോ മറ്റ് വകുപ്പുകളോ യാതൊരുവിധ ധനസഹായവും രാജേഷിനോ കുടുംബത്തിനോ നൽകിയിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.