Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എമ്മിലെ ജീര്‍ണത...

സി.പി.എമ്മിലെ ജീര്‍ണത ഇടതു മുന്നണിയുടെ ശൈഥില്യത്തില്‍ അവസാനിക്കും- വി.ഡി. സതീശൻ

text_fields
bookmark_border
സി.പി.എമ്മിലെ ജീര്‍ണത ഇടതു മുന്നണിയുടെ ശൈഥില്യത്തില്‍ അവസാനിക്കും- വി.ഡി. സതീശൻ
cancel

പാലക്കാട്: സി.പി.എമ്മിലെ ജീര്‍ണത ഇടതു മുന്നണിയുടെ ശൈഥില്യത്തില്‍ അവസാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കുറ്റബോധം ഉള്ളതു കൊണ്ടാണ് കോണ്‍ഗ്രസും മുസ് ലീംലീഗും വര്‍ഗീയതയുമായി സമരസപ്പെട്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചേലക്കരയില്‍ പറഞ്ഞത്. കേരളത്തിലെ സി.പി.എമ്മിനെ സംഘ്പരിവാര്‍ തൊഴുത്തില്‍ കെട്ടിയ ആളാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.

ലാവലിന്‍ കേസില്‍ നിന്നും രക്ഷപ്പെടാനും അദ്ദേഹത്തിനും കുടുംബത്തിനും എതിരായ കേസുകളില്‍ കേന്ദ്ര ഏജന്‍സികളുംട അന്വേഷണം മരവിപ്പിക്കുന്നതിനും വേണ്ടി പിണറായി വിജയന്‍ സംഘ്പരിവാറുമായി നടത്തിയ ഗൂഡാലോചനകളാണ് കേരളത്തിലെ സി.പി.എമ്മിനെ വല്ലാത്തൊരു അവസ്ഥയില്‍ എത്തിച്ചിരിക്കുന്നത്. ഇതേ മുഖ്യമന്ത്രിയാണ് രണ്ടാം തവണ അധികാരത്തില്‍ എത്തിയ ഉടനെ ഔദ്യോഗിക കാര്‍ ഉപേക്ഷിച്ച് മാസ്‌കറ്റ് ഹോട്ടലില്‍ എത്തി ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്.

അങ്ങനെയുള്ള ആളാണ് കോണ്‍ഗ്രസും ലീഗും വര്‍ഗീയതയുമായി സമരസപ്പെട്ടെന്ന് പറയുന്നത്. ഇതേ മുഖ്യമന്ത്രിയാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയെ ആര്‍.എസ്.എസ് നേതാക്കളെ കാണാനുള്ള ദൂതനായി വിട്ടത്. ബി.ജെ.പി ജയിപ്പിക്കുന്നതിന് വേണ്ടി തൃശൂര്‍ പൂരം കലക്കുന്നതിന് വേണ്ടിയുള്ള ആസൂത്രണം എ.ഡി.ജി.പിയെ കൊണ്ട് ചെയ്യിപ്പിച്ചതും ഇതേ മുഖ്യമന്ത്രിയാണ്. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തെ കുറിച്ചു പറയുന്ന മുഖ്യമന്ത്രിയുടെ പാര്‍ട്ടി തന്നെയല്ലേ, വടകരയില്‍ ഷാഫി പറമ്പിലിനെ പരാജയപ്പെടുത്തുന്നതിനു വേണ്ടി കാഫിര്‍ സ്‌കീന്‍ ഷോട്ട് വിവാദമുണ്ടാക്കി സംഘ്പരിവാറിനെ പോലെ ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചത്.

മലപ്പുറത്തെ കുറിച്ച് ഒന്നും പറഞ്ഞില്ലെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. മലപ്പുറത്തെ കുറിച്ചല്ല കേരളത്തെ കുറിച്ചാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്തിനാണ് മുഖ്യമന്ത്രിയുടെ പി.ആര്‍ ഏജന്‍സി സെപ്തംബര്‍ 13-ന് ഡല്‍ഹിയിലെ മാധ്യമങ്ങള്‍ക്ക് കേരളത്തിന് അപമാനകരമായ വാര്‍ത്ത നല്‍കിയത്? അതേ കാര്യം തന്നെ സെപ്തംബര്‍ 21-ന് മുഖ്യമന്ത്രി എന്തിനാണ് പത്രസമ്മേളനം നടത്തി പറഞ്ഞത്? കേരളത്തില്‍ ഒരു ഇന്റര്‍വ്യൂവും നല്‍കാത്ത പിണറായി ഡല്‍ഹിയില്‍ ഹിന്ദു ദിനപത്രത്തിന് ഇന്റര്‍വ്യൂ നല്‍കിയും ഇതേ കാര്യം തന്നെ പറഞ്ഞില്ലേ?

സ്ഘ്പരിവാര്‍ നറേറ്റീവ് ആവര്‍ത്തിച്ച് അവരെ സന്തോഷിപ്പിച്ച് കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ പിണറായി വിജയന്‍ നടത്തുന്ന ശ്രമങ്ങളാണ് കേരളത്തിലെ സി.പി.എമ്മിനെ തകര്‍ത്തുകൊണ്ടിരിക്കുന്നത്. ആ കുറ്റബോധത്തില്‍ നിന്നാണ് പിണറായി വിജയന്‍ വര്‍ഗീയത ഞങ്ങള്‍ക്കു നേരെ ചാരാന്‍ നോക്കുന്നത്. ഒരു തരത്തില്‍ വര്‍ഗീയതയുമായി സമരസപ്പെടാത്ത പ്രസ്ഥാനമാണ് കോണ്‍ഗ്രസും യു.ഡി.എഫും.

മൂന്നു പതിറ്റാണ്ട് കാലം ജമാ അത്ത്ഇസ്ലാമിയെ തോളില്‍ വച്ചുകൊണ്ടു നടന്ന പിണറായി വിജയനാണ് ഇപ്പോള്‍ അവരെ വര്‍ഗീയവാദികളെന്നു വിളിക്കുന്നത്. ജമാഅത്ത് ഇസ് ലാമിയുടെ ആസ്ഥാനത്ത് പോയി വോട്ട് അഭ്യർഥിച്ചിട്ടുള്ള പിണറായി വിജയന്‍ ഇപ്പോള്‍ ജമാഅത്ത് ഇസ് ലാമി വിരുദ്ധത പറയുന്നത് വെറും തട്ടിപ്പാണ്. പഴയ കഥകളൊന്നും ഞങ്ങളെക്കൊണ്ട് പറയിക്കേണ്ട. 1977-ല്‍ ആര്‍.എസ്.എസ് പിന്തുണയില്‍ എം.എല്‍.എ ആയ ആളാണ് പിണറായി വിജയന്‍. വര്‍ഗീയതയുമായി സി.പി.എം പൂര്‍ണമായും സന്ധി ചെയ്തിരിക്കുകയാണ്.

എല്ലാ വൃത്തികേടുകള്‍ക്കും മുഖ്യമന്ത്രി കുടപിടിച്ചു കൊടുക്കുകയാണ്. മരിച്ച വീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് പറയുന്ന സി.പി.എം പി.പി ദിവ്യയെ സംരക്ഷിക്കുകയാണ്. പ്രതിയായ പി.പി ദിവ്യയെ ചോദ്യം ചെയ്യാനെങ്കിലും പൊലീസ് തയാറായോ? മുഖ്യമന്ത്രിയുടെ ഓഫീസിലെ കോക്കസാണ് പി.പി ദിവ്യയെ സംരക്ഷിക്കുന്നത്. നവീന്‍ ബാബുവിനെ അപമാനിച്ചതിലും അവര്‍ക്ക് പങ്കുണ്ട്.

നവീന്‍ ബാബുവിനെതിരായ വ്യാജ കത്തിനെ കുറിച്ച് അന്വേഷിച്ചാല്‍ ആ അന്വേഷണം എ.കെ.ജി സെന്ററിലും മുഖ്യമന്ത്രിയുടെ ഓഫീസിലും എത്തും. പ്രശാന്തന്റെ വ്യാജ ഒപ്പിട്ട് കത്തു തയാറാക്കിയത് എ.കെ.ജി സെന്ററിലാണ്. എ.കെ.ജി സെന്ററില്‍ കത്ത് തയാറാക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിന്റെ അറിവോടെയാണ്.

പാലക്കാട് ബി.ജെ.പിയെ ജയിപ്പിക്കാന്‍ ഉത്സാഹം കാട്ടുന്നത് സി.പി.എമ്മാണ്. ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന കേണ്‍ഗ്രസിലും നിന്നും ആളുകളെ അടര്‍ത്തി എടുക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. എന്നിട്ട് എന്തായി? ഉത്തരത്തില്‍ ഇരിക്കുന്നത് കിട്ടിയതുമില്ല, കക്ഷത്തില്‍ ഇരിക്കുന്നത് പോകുകയും ചെയ്തു. പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്നും ഞങ്ങളുടെ ഒരാളും പോയിട്ടില്ല.

കോണ്‍ഗ്രസിലും യു.ഡി.എഫിനും അനൈക്യമാണെന്ന നറേറ്റീവ് ഉണ്ടാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെയും രമ്യ ഹരിദാസിനെയും വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള ശക്തമായ പ്രവര്‍ത്തനങ്ങളുമായാണ് യു.ഡി.എഫ് മുന്നോട്ട് പോകുന്നത്. സി.പി.എമ്മില്‍ നിന്നും ഇനിയും ചോര്‍ച്ചയുണ്ടാകും.

ഇപ്പോള്‍ ഉണ്ടായിരിക്കുന്ന കോടികളുടെ വിവാദമൊക്കെ ഞങ്ങള്‍ മുന്‍കൂട്ടി പറഞ്ഞതാണ്. സി.പി.എമ്മിനെ ബാധിച്ചിരിക്കുന്ന ജീര്‍ണത ഇടതു മുന്നണിയുടെ ശൈഥില്യത്തില്‍ അവസാനിക്കുമെന്നാണ് ഞങ്ങള്‍ പറഞ്ഞത്. സി.പി.എമ്മും സി.പി.ഐയും ഉള്‍പ്പെടെയുള്ള എല്ലാ ഘടകകക്ഷികള്‍ക്കും എല്ലാ വിഷയങ്ങളിലും രണ്ട് അഭിപ്രായമാണ്. അതൊന്നും യു.ഡി.എഫിലില്ല. യു.ഡി.എഫില്‍ എല്ലാ വിഷയങ്ങളിലും ഒറ്റ അഭിപ്രായം മാത്രമെയുള്ളൂ.

വേറൊരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും ആളെ കൊണ്ടുവരാന്‍ ഒരു സമ്മര്‍ദ്ദത്തിനും ഞങ്ങള്‍ പോകില്ല. സി.പി.എം ഏര്യാ കമ്മിറ്റി അംഗം ആ പാര്‍ട്ടിയിലെ പ്രശ്‌നത്തിന്റെ ഭാഗമായി രാജിവച്ചു. അദ്ദേഹം പൊതുസമ്മതനായ വ്യക്തിയാണ്. അദ്ദേഹത്തെ പോലെ ഒരാള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനം എടുത്താല്‍ അത് ഡി.സി.സി പരിഗണിക്കും. ഗൗരവമായി പരിശോധിക്കും. മാധ്യമങ്ങള്‍ ലീഡിങ് ചോദ്യങ്ങളുമായി കോലുമായി ഇറങ്ങും. കെ.പി.സി.സി അധ്യക്ഷന്‍ മറ്റ് ഒരു കാര്യങ്ങളും നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല.

അന്‍വറുമായി ബന്ധപ്പെട്ട് ഞാന്‍ പറഞ്ഞത് യു.ഡി.എഫിന്റെ അഭിപ്രായമാണ്. കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്ന വനിതാ സ്ഥാനാര്‍ത്ഥിയെ കുറിച്ച് അപമര്യാദയോടെ നേതാവുമായി ഞങ്ങള്‍ കൈ കൊടുക്കാന്‍ പോകില്ല. ആ തീരുമാനം വളരെ വ്യക്തമാണ്. അവര്‍ എന്തു തീരുമാനം എടുത്താലും അതൊരു ഘടകമല്ല. യു.ഡി.എഫിനെ സംബന്ധിച്ചടുത്തോളം ക്ലോസ്ഡ് ചാപ്റ്ററാണ്. നിങ്ങള്‍ ഒരു കുരുട്ടു ചോദ്യം ചോദിച്ചാല്‍ എനിക്ക് മനസിലാകും. അദ്ദേഹം എന്നെ പോലെയല്ല, പാവവും നിഷ്‌ക്കളങ്കനുമാണ്.

നിങ്ങളുടെ കുരുക്ക് എന്താണെന്ന് മനസിലായപ്പോള്‍ കെ.പി.സി.സി അധ്യക്ഷന്‍ കൃത്യമായ മറുപടി പറഞ്ഞു. ഞാനും കെ.പി.സി.സി അധ്യക്ഷനും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന പണിയുമായി ആരും നടക്കേണ്ട. കോണ്‍ഗ്രസിന്റെ അകത്തേക്ക് മാത്രം ചില മാധ്യമങ്ങള്‍ ഫോക്കസ് വയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ കാണാതെ പോയിട്ടുണ്ട്. അതേക്കുറിച്ച് പിന്നീട് പറയാം. നിങ്ങള്‍ മനപൂര്‍വമായോ അല്ലാതെയോ ഒഴിവാക്കിയ ഞെട്ടിക്കുന്ന വാര്‍ത്തകളുണ്ട്. ഇപ്പോള്‍ വന്നതൊന്നും ഒന്നുമല്ല. അതൊക്കെ ചിലര്‍ ഒഴിവാക്കി.

അതു വാര്‍ത്തയാകണമെന്ന് ഞങ്ങള്‍ക്കും അഭിപ്രായം ഇല്ലാത്തതു കൊണ്ടാണ് ഇപ്പോള്‍ പറയാത്തത്. കോണ്‍ഗ്രസിലും യു.ഡി.എഫിലും അനൈക്യമുണ്ടെന്നു വരുത്തി തീര്‍ക്കാന്‍ നിങ്ങള്‍ വെറുതെ നടക്കേണ്ട. എന്തെല്ലാ പച്ചക്കള്ളങ്ങളാണ് പ്രചരിപ്പിച്ചത്. ചുമതലകള്‍ കൈമാറുന്നതിന് വേണ്ടിയുള്ള കെ.പി.സി.സി ഗൂഗള്‍ മീറ്റില്‍ അടി നടന്നു എന്നു വരെ വാര്‍ത്ത നല്‍കി. അവാസ്ഥമായ വാര്‍ത്ത പിന്നീട് പിന്‍വലിച്ചു.

ഞങ്ങള്‍ ഒരു പാര്‍ട്ടിയുടെയും പിന്നാലെ പോകില്ല. ഇങ്ങോട്ട് വന്നാല്‍ അപ്പോള്‍ ആലോചിക്കും. ഡി.സി.സി പ്രസിഡന്റിനെയും കെ.പി.സി.സി ഭാരവാഹികളെയും എന്തുകൊണ്ടാണ് സ്ഥാനാർഥിയാക്കാത്തതെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി ചോദിച്ചത്. അതേ ചോദ്യം തന്നെയാണ് ഇപ്പോള്‍ ഞങ്ങള്‍ക്കും അങ്ങോട്ടും ചോദിക്കാനുള്ളത്. ജില്ലാ സെക്രട്ടറിക്കു തന്നെ എല്‍.ഡി.എഫ് സ്ഥാനാർഥിയാകാരുന്നില്ലേ? എത്ര സെക്രട്ടേറിയറ്റ് അംഗങ്ങളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഈ ജില്ലയിലുണ്ട്. അവരെ ആരെയും സ്ഥാനാർഥിയാക്കാതിരുന്നത് എന്തുകൊണ്ടാണെന്നും വി.ഡി. സതീശൻ ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Left FrontCPMV D Satheesan
News Summary - Decay in CPM will end in disintegration of Left Front - v.d. satheesan
Next Story