കേരളത്തെ വെള്ളംകുടിപ്പിച്ച് കേന്ദ്രാവിഷ്കൃത പദ്ധതികൾ
text_fieldsതിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതികളിൽ കേന്ദ്രം ഏകപക്ഷീയ നിബന്ധനകൾ ഏർപ്പെടുത്തിയോടെ കഴിഞ്ഞ് ആറു വർഷങ്ങളിൽ ശരിക്കും കേരളം വെള്ളം കുടിക്കുന്നു. കേന്ദ്രവിഹിതം പ്രതീക്ഷിച്ച് സംസ്ഥാനം കൂടുതൽ വിഹിതം നീക്കിവെച്ചെങ്കിലും അതുണ്ടാകാത്തത് നിരവധി പദ്ധതികളെ താളം തെറ്റിച്ചു. സംസ്ഥാനത്തിന് അധിക ബാധ്യത വരുന്നുവെന്ന് മാത്രമല്ല പ്രതീക്ഷിച്ച തുകയുടെ പകുതിപോലും കേന്ദ്രത്തിൽനിന്ന് ലഭിക്കാതെ പദ്ധതി പാളുന്നതിന്റെ പഴിയും കേൾക്കേണ്ടി വരുകയാണ്.
2022-‘23 സാമ്പത്തിക വർഷം 9270.19 കോടിയാണ് കേന്ദ്രത്തിൽനിന്ന് പ്രതീക്ഷിച്ചതെങ്കിലും കിട്ടിയത് 4620.64 കോടി. 4649.59 കോടിയാണ് കുറവ്. ഇത്തരത്തിൽ 2017-18 മുതൽ 2022-23 വരെ കാലയളവിലെ കേന്ദ്ര വിഹിതത്തിലുണ്ടായ കുറവ് 28120 .76 കോടിയാണ്. എൻ.എച്ച്.എം, ഐ.സി.ഡി.എസ്, പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന , തുടങ്ങി 10 പദ്ധതികളിൽ 90:10, 75:25 എന്നിങ്ങനെയായിരുന്നു കേന്ദ്ര-സംസ്ഥാന പങ്കാളിത്തം. ഇതെല്ലാം 60: 40 എന്നതിലേക്ക് പുനഃക്രമീകരിച്ചു. 2023-‘24 വർഷത്തെ കണക്കനുസരിച്ച് ഇത്തരത്തിൽ 1,33,976 കോടിയാണ് സംസ്ഥാന വിഹിതമായി കേരളം വിനിയോഗിച്ചത്. പഴയ അനുപാത പ്രകാരമായിരുന്നെങ്കിൽ 64,268 കോടി നീക്കിവെച്ചാൽ മതിയായിരുന്നു. വിഹിതക്രമം മാറിയതോടെ കേരളത്തിന് കഴിഞ്ഞ സാമ്പത്തിക വർഷത്തെ മാത്രം അധികബാധ്യത 69,708 കോടിയാണ്.
2012-‘13 കാലയളവിൽ കേന്ദ്രാവിഷ്കൃത പദ്ധതികളിൽ കേന്ദ്രം ചെലവഴിച്ചിരുന്നത് 93 ശതമാനമായിരുന്നെങ്കിൽ 2019 -‘20ൽ ഇത് 64 ശതമാനമായി കുറഞ്ഞു. എന്നാൽ, 2014-‘15 കാലയളിൽ കേന്ദ്രാവിഷ്കൃത പദ്ധതികളിലെ സംസ്ഥാന വിഹിതം ആറു ശതമാനമായിരുന്നത് 2019-‘20 ൽ 43.55 ശതമാനമായാണ് വർധിച്ചത്. കേന്ദ്രവിഷ്കൃത പദ്ധതികൾ ദേശീയതലത്തിൽ വാർത്തെടുത്തവയാണ് എന്നതിനാൽ സംസ്ഥാനങ്ങളുടെ പ്രത്യേകം ആവശ്യങ്ങളോ സാഹചര്യങ്ങളോ ഇതിൽ പരിഗണിക്കുന്നതേയില്ലെന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നിതി ആയോഗ് വന്ന ശേഷം ഈ പ്രശ്നം കൂടുതൽ രൂക്ഷമാണ്. ഫണ്ടിങ്ങിൽ വലിയ ആശയക്കുഴപ്പമുണ്ട്. ഐ.സി.ഡി.എസ് പദ്ധതിയിൽ സംസ്ഥാനങ്ങളുടെ വിഹിതം 25 ശതമാനമാണ്.
എന്നാൽ, മാനവ വിഭവശേഷി വിനിയോഗത്തിന്റെ 75 ശതമാനവും സംസ്ഥാനത്തിന്റെ ചുമലിലാണ്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ നിജപ്പെടുത്തിയിരിക്കുന്ന ജീവനക്കാരുടെ ശമ്പളം, ഇന്ധനച്ചെലവ് എന്നിവ യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.