നവകേരള സദസ്സിന് പണം അനുവദിച്ച തിരുവല്ല നഗരസഭ കൗണ്‍സിൽ തീരുമാനം റദ്ദാക്കി
text_fieldsതിരുവല്ല: നവകേരള സദസ്സിന് പണം അനുവദിച്ച തിരുവല്ല നഗരസഭാ കൗണ്‍സിലിന്റെ തീരുമാനം വ്യാഴാഴ്ച പ്രത്യേക കൗണ്‍സില്‍ ചേര്‍ന്ന് റദ്ദാക്കി. യോഗം ചേരാതിരിക്കാന്‍ ചെയര്‍പേഴ്സണേയും വൈസ് ചെയര്‍മാനേയും ചേംബറില്‍ പൂട്ടിയിട്ട് എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചെങ്കിലും വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കൗണ്‍സില്‍ ഹാളില്‍ യോഗം ചേര്‍ന്നു.
ഇടത് കൗണ്‍സിലര്‍മാര്‍ ഈ വിവരം അറിഞ്ഞിരുന്നില്ല. ബി.ജെ.പി.യുടേതടക്കം 19 കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു. റദ്ദാക്കല്‍ തീരുമാനത്തെ എല്ലാവരും പിന്തുണച്ചു. സെക്രട്ടറി ഇല്ലാതിരുന്നതിനാല്‍ സെക്രട്ടറിയുടെ പി.എയാണ് യോഗത്തില്‍ പങ്കെടുത്തത്. നവംബര്‍ നാലിനാണ് സപ്ലിമെന്ററി അജണ്ടയിലൂടെ നവകേരള സദസ്സിന് ഒരുലക്ഷം രൂപ നല്‍കാന്‍ കൗണ്‍സില്‍യോഗം തീരുമാനിച്ചത്. 50,000 രൂപ നല്‍കുകയും ചെയ്തു. യു.ഡി.എഫ്. ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ നവകേരള സദസ്സിന് പണം നല്‍കേണ്ടതില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് വിരുദ്ധമായി തിരുവല്ലയില്‍ പണം അനുവദിക്കപ്പെട്ടത് വിവാദമായിരുന്നു. ഇതോടെ അടിയന്തിര കൗണ്‍സില്‍ ചേര്‍ന്ന് തീരുമാനം റദ്ദാക്കാന്‍ ഡി.സി.സി. നിര്‍ദ്ദേശം നല്‍കി.
കോണ്‍ഗ്രസ് പ്രതിനിധിയാണ് ചെയര്‍പേഴ്‌സണ്‍ അനു ജോര്‍ജ്. വ്യാഴാഴ്ച മൂന്നിനാണ് യോഗം നിശ്ചയിച്ചത്. രണ്ടുമണിക്ക് ചെയര്‍പേഴ്‌സന്റെ ചേംബറിലെത്തിയ ഇടത് കൗണ്‍സലര്‍മാര്‍ മുറി അകത്തുനിന്ന് പൂട്ടി. വൈസ് ചെയര്‍മാന്‍ ജോസ് പഴയിടവും ചേംബറില്‍ ഉണ്ടായിരുന്നു. കൗണ്‍സില്‍ യോഗം ചേര്‍ന്ന വിവരം അറിഞ്ഞതോടെ ഇടത് കൗണ്‍സലര്‍മാരുടെ പ്രതിഷേധം കനത്തു. നിയമപ്രകാരമുളള യോഗമല്ല ചേര്‍ന്നതെന്ന നിലപാടിലാണവര്‍. ഡി.വൈ.എസ്.പി. അടക്കമുളള പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി. അടിയന്തിര കൗണ്‍സിലിന് പകരം പ്രത്യേക കൗണ്‍സില്‍ വിളിക്കണമെന്നും വ്യാഴാഴ്ചത്തെ കൗണ്‍സില്‍ തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം തുടര്‍ന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.