എ.ഡി.ജി.പിയെ കൈവിടാതെ മുഖ്യമന്ത്രി; സി.പി.ഐ ആവശ്യം തള്ളി; തീരുമാനം അന്വേഷണ റിപ്പോർട്ടിനുശേഷം
text_fieldsതിരുവനന്തപുരം: സി.പി.ഐ അടക്കമുള്ള ഘടകകക്ഷികളുടെ കടുത്ത സമ്മർദങ്ങൾക്കിടയിലും എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി. എ.ഡി.ജി.പിയെ തൽക്കാലം മാറ്റില്ല, അന്വേഷണ റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രം തീരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയത്.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ക്രമസമാധാനച്ചുമതലയിൽ നിന്ന് എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ നീക്കാൻ സി.പി.ഐ അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഇപ്പോള്‍ ഉയര്‍ന്നുവന്ന പ്രശ്നത്തെ ഗൗരവതരമായി തന്നെയാണ് കാണുന്നത്. അജിത്ത് കുമാറിനെതിരെ ഉയര്‍ന്ന് വന്ന ആക്ഷേപങ്ങളെ പറ്റി അന്വേഷണം നടക്കുകയാണ്. അതിന്‍റെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് യുക്തമായി തീരുമാനം കൈകൊള്ളും.
ഒരു തരത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ഒരു പൊലീസുദ്യോഗസ്ഥനെയും നിയോഗിക്കുന്ന പതിവ് തങ്ങള്‍ക്കില്ല. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെയോ, സംഘടനാ നേതാവിനെയോ കണ്ടിട്ടുണ്ടെങ്കില്‍, അത് ഔദ്യോഗിക കൃത്യ നിര്‍വഹണത്തെ ബാധിക്കുന്ന തരത്തിലുള്ള കൂടിക്കാഴ്ചയാണെങ്കില്‍ നിയമത്തിനും ചട്ടങ്ങള്‍ക്കും അനുസൃതമായ നടപടി ഉണ്ടാകും. അത് അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം ഉണ്ടാകേണ്ട തീരുമാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഈമാസം 24ന് സമർപ്പിക്കും. ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ അജിത്കുമാറിനെതിരെ നടപടിയെടുക്കൂ എന്ന കടുംപിടിത്തം വീണ്ടും ആവർത്തിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.
ഈ മാസം 13നു പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി അജിത്കുമാറിനെ ഡി.ജി.പി ചോദ്യംചെയ്തിരുന്നു. നേരത്തെ, വയനാട് ദുരിതാശ്വാസ ചെലവ് വിവാദത്തിൽ മാധ്യമങ്ങളെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചിരുന്നു. മാധ്യമങ്ങൾ നൽകിയ തെറ്റായ വിവരം സംശയത്തിന്‍റെ പുകപടലം പടർത്താൻ ഇടയാക്കിയെന്നും പെട്ടെന്നു കേള്‍ക്കുന്ന ആരും ഞെട്ടിപ്പോകുന്ന കണക്കാണ് മാധ്യമങ്ങള്‍ കൊടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ദുരന്തത്തിന്‍റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കള്ളക്കണക്ക് കൊടുത്തു എന്ന ആരോപണവുമായി പ്രതിപക്ഷത്തെ പ്രധാന നേതാക്കളും രംഗത്തിറങ്ങി. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ആക്ഷേപം വന്നു. കേരളത്തിനെതിരായ ദുഷ്പ്രചാരണം എല്ലാ സീമകളും കടന്ന് കുതിച്ചുപാഞ്ഞു. കേരളം കണക്കുകള്‍ പെരുപ്പിച്ച് അനർഹമായ കേന്ദ്രസഹായം നേടാന്‍ ശ്രമിക്കുന്നുവെന്ന വ്യാജകഥ ഒരു വിഭാഗം ജനങ്ങളുടെ മനസില്‍ കടന്നുകയറി. കേരളീയരും ഇവിടുത്തെ സര്‍ക്കാറും ജനങ്ങളും ലോകത്തിനു മുന്നില്‍ അവഹേളിക്കപ്പെട്ടു.
അതുകൊണ്ടാണ് ഇത് കേവലമായ വ്യാജ വാര്‍ത്താ പ്രചാരണമോ മാധ്യമ ധാര്‍മികതയുടെ പ്രശ്നമോ അല്ല എന്ന് പറയേണ്ടിവരുന്നത്. വ്യാജ വാര്‍ത്തകളുടെ വലിയ പ്രശ്നം നുണകളല്ല, ആ നുണകളുടെ പിന്നിലെ അജണ്ടയാണ്. ആ അജണ്ട ഇന നാട്ടിനും ജനങ്ങള്‍ക്കുമെതിരായ ഒന്നാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. രാജ്യവും ലോകമാകെയും പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള രക്ഷാ പ്രവര്‍ത്തനമാണ് വയനാട്ടില്‍ നാം നടത്തിയത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരയായവര്‍ക്കും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും എല്ലാത്തരത്തിലുള്ള സഹായങ്ങളും സര്‍ക്കാര്‍ ചെയ്തുവരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.