മൂന്നാറിലെ രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദാക്കാൻ തീരുമാനം
text_fieldsതിരുവനന്തപുരം: വിവാദമായ മൂന്നാറിലെ രവീന്ദ്രന് പട്ടയങ്ങള്‍ റവന്യൂ വകുപ്പ് റദ്ദാക്കുന്നു. 45 ദിവസത്തിനുള്ളില്‍ റദ്ദാക്കാൻ വകുപ്പ് ഉത്തരവിറക്കി. ഇതുസംബന്ധിച്ച നിർദേശം റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി എ. ജയതിലക് ഇടുക്കി കലക്ടർക്ക് നൽകി. നാലുവര്‍ഷം നീണ്ട പരിശോധനക്കുശേഷമാണ് 530 അനധികൃത പട്ടയങ്ങള്‍ റദ്ദാക്കാൻ തീരുമാനിച്ചത്.
അതേസമയം, അര്‍ഹതയുള്ളവര്‍ക്ക് വീണ്ടും പട്ടയത്തിന് അപേക്ഷ നല്‍കാം. 1999ല്‍ ഇ.കെ. നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് ദേവികുളം അഡീഷനല്‍ തഹസില്‍ദാര്‍ ആയിരുന്ന എം.ഐ. രവീന്ദ്രന് അധികാര പരിധി മറികടന്ന് മൂന്നാറില്‍ അനുവദിച്ച 530 പട്ടയങ്ങളാണ് റവന്യൂ വകുപ്പ് പ്രത്യേക ഉത്തരവിലൂടെ റദ്ദാക്കുന്നത്.
അനധികൃതമായി നൽകിയ പട്ടയങ്ങളുടെ നിജസ്ഥിതി പരിശോധിക്കാനും അർഹതയുള്ളവർക്ക് പുതിയ പട്ടയം നൽകാനും മറ്റുള്ളവ റദ്ദാക്കാനും സർക്കാർ നിർദേശം നൽകിയിരുന്നു. ദേവികുളം ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ അഞ്ചുപേരടങ്ങുന്ന രണ്ട് സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.